ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകർ എൻഡിഎ സ്ഥാനാർഥി
Mail This Article
ന്യൂഡൽഹി∙ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ജഗ്ദീപ് ധൻകർ എൻഡിഎ സ്ഥാനാർഥിയാകും. നിലവിൽ ബംഗാൾ ഗവർണറാണ് ധൻകർ. ബിജെപി പാർലമെന്ററി ബോർഡ് യോഗത്തിലെ തീരുമാനം ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയാണ് അറിയിച്ചത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായുള്ള പോരിനെ തുടർന്നു പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുള്ള ആളാണ് ജഗ്ദീപ് ധൻകർ.
ഓഗസ്റ്റ് 6നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. ഈ മാസം 19 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 22. ലോക്സഭയിലെയും രാജ്യസഭയിലെയും 788 എംപിമാരാണു ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുക. ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിന്റെ കാലാവധി ഓഗസ്റ്റ് പത്തിന് അവസാനിക്കും.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലും കോൺഗ്രസിനു സ്വന്തം സ്ഥാനാർഥിയുണ്ടാകില്ല. സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയെ തീരുമാനിക്കാൻ 17ന് പ്രതിപക്ഷ കക്ഷികളുടെ യോഗം ചേരുമെന്ന് കോൺഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖർഗെ പറഞ്ഞു. രാഷ്ട്രപതി തിരഞ്ഞെടുപ്പിലും സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയെ പിന്തുണയ്ക്കാനായിരുന്നു കോൺഗ്രസ് തീരുമാനം.
English Summary: NDA's candidate for the post of Vice President of India to be Jagdeep Dhankhar