ADVERTISEMENT

‘‘എല്ലാവരുടെയും അഭിപ്രായം മാനിച്ച് ബിജെപിയുടെയും എൻഡിഎയുടെയും ഉപരാഷ്ട്രപതി സ്ഥാനാർഥിയായി ‘കർഷക പുത്രനായ’ ജഗ്ദീപ് ധൻകറിനെ പ്രഖ്യാപിക്കുന്നു.’’– സ്ഥാനാർഥി നിർണയത്തിലെ സൂക്ഷ്മതയിൽ എന്നും അദ്ഭുതപ്പെടുത്തിയിട്ടുള്ള ബിജെപി ഇത്തവണയും അത് കൈവിട്ടില്ല. ഗ്രോത വിഭാഗത്തിൽനിന്നുള്ള ആദ്യ വനിത രാഷ്ട്രപതി സ്ഥാനാർഥിക്കു പിന്നാലെ കർഷക കുടുംബത്തിൽനിന്നുള്ള ഉപരാഷ്ട്രപതി സ്ഥാനാർഥി. ബിജെപി പാർലമെന്ററി ബോർഡ് യോഗത്തിലെ തീരുമാനം ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയാണ് പ്രഖ്യാപിച്ചത്. നിലവിൽ ബംഗാൾ ഗവർണറായ ജഗ്ദീപ് മുഖ്യമന്ത്രി മമതാ ബാനർജിയുമായുള്ള പോരിലൂടെയാണ് വാർത്തകളിൽ ഇടം നേടിയത്.

∙ രാഷ്ട്രീയ വഴി

രാജസ്ഥാനിലെ കിതാന എന്ന ചെറിയ ഗ്രാമത്തിലെ ജാട്ട് കർഷക കുടുംബത്തിൽ 1951 മേയ് 18നാണ് ജഗ്ദീപ് ജനിച്ചത്. കിതാനയിലെ സർക്കാർ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ജഗ്ദീപ് പിന്നീട് സൈനിക സ്കൂളിൽ ചേർന്നു. ജയ്പുർ മഹാരാജാസ് കോളജിൽനിന്ന് ഫിസിക്സിൽ ബിരുദവും ജയ്പുർ സർവകലാശാലയിൽനിന്ന് എൽഎൽബിയും കരസ്ഥമാക്കി. രാജസ്ഥാൻ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അഭിഭാഷകനായി സേവനം അനുഷ്ഠിച്ചു.

ജഗദീപ് ധൻകർ
ജഗദീപ് ധൻകർ

1989ൽ രാജസ്ഥാനിലെ ജുൻജുനു മണ്ഡലത്തിൽനിന്ന് ലോക്സഭയിലേക്കെത്തി. തൊട്ടടുത്ത വർഷം തന്നെ കേന്ദ്ര മന്ത്രിയുമായി. 1993 മുതൽ 1998 വരെ കിഷാൻഗർ മണ്ഡലത്തെ പ്രതിനിധീകരിച്ച് രാജസ്ഥാൻ‍ വിദാൻ സഭയിലും അംഗമായി. 2019ലാണ് ജഗ്ദീപ് ധൻകറിനെ ബംഗാൾ ഗവർണറായി നിയമിക്കുന്നത്. ഭാര്യ സുദേഷ ധൻകർ. ഒരു മകളുണ്ട്.

∙ ബംഗാൾ പോര്

ബംഗാളിൽ ഗവർണറായി എത്തിയതു മുതൽ മമതാ ബാനർജിയുടെ തൃണമൂൽ സർക്കാരുമായുണ്ടായ ഉരസലിന്റെ പേരിൽ അദ്ദേഹം വാർത്തകളിൽ നിറഞ്ഞു. 2021ലെ ബംഗാൾ തിരഞ്ഞെടുപ്പിനു പിന്നാലെ സംസ്ഥാനത്തുണ്ടായ കലാപം മുതൽ നിയമസഭയിൽ ബില്ലുകൾ പാസ്സാകുന്നത് വൈകുന്നതു വരെ ഇരുവരും തമ്മിലുള്ള വാക്പോരുകൾക്ക് വഴിതെളിച്ചു. ഒടുവിൽ ബംഗാളിൽ സർക്കാർ സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്ന് ഗവർണറെ ഒഴിവാക്കി അത് മുഖ്യമന്ത്രി ഏറ്റെടുക്കുന്നതിലേക്കു വരെ കാര്യങ്ങൾ നീങ്ങി. പോരു മുറുകുന്നതിനിടെയാണ് ഉപരാഷ്ട്രപതി സ്ഥാനാർഥിയായി ജഗ്ദീപിനെ പ്രഖ്യാപിക്കുന്നത്.

മമത ബാനർജി, ജഗദീപ് ധൻകർ
മമത ബാനർജിയും ജഗ്‌ദീപ് ധൻകറും

തൃണമൂൽ നേതൃത്വം ജഗ്ദീപിനെ ‘ബിജെപി ഏജന്റാ’യി കണക്കാക്കിയപ്പോൾ ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്ന മികച്ച ഗവർണറായി സംസ്ഥാന ബിജെപിയും അദ്ദേഹത്തെ വാഴ്ത്തി. മമതാ ബാനർജിക്കെതിരെ പോരടിക്കാനല്ല മറിച്ച് മമത സർക്കാരിന്റെയും സംസ്ഥാന നിയമസഭയുടെയും തെറ്റുകൾ ചൂണ്ടിക്കാട്ടുകയാണ് താൻ ചെയ്യുന്നതെന്നാണ് ധൻകർ പറയുന്നത്.

∙ എന്തുകൊണ്ട് ധൻകർ?

ബിജെപി ദേശീയ ആസ്ഥാനത്തു ചേർന്ന പാർലമെന്ററി ബോർഡ് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ എന്നിവരുടെ നേതൃത്വത്തിലാണ് ധൻകറിനെ തിരഞ്ഞെടുത്തത്. മുൻ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ജമ്മു കശ്മീർ ലഫ്.ഗവർണർ മനോജ് സിൻഹ, മുൻ കേന്ദ്രമന്ത്രി എസ്.എസ് അലുവാലിയ, കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി എന്നിവരുടെ പേരുകളും ആദ്യഘട്ടം മുതൽ സ്ഥാനാർഥിപദത്തിലേക്ക് ഉയർന്നുവന്നിരുന്നത്. ഇവരെയെല്ലാം പിന്തള്ളിയാണ് ധൻകർ സ്ഥാനാർഥിയാകുന്നത്.

governor-jagdeep-and-wife
ജഗ്ദീപ് ധൻകറും ഭാര്യയും. ചിത്രം: PTI

ജാട്ട് വിഭാഗത്തെ പ്രീതിപ്പെടുത്തുന്നതിനായാണ് ധൻകറിനെ സ്ഥാനാർഥിയാക്കിയതെന്നാണ് വിലയിരുത്തൽ. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ജാട്ട് സമൂഹം കർഷക പ്രതിഷേധം രാജ്യത്ത് ശക്തമായ സമയത്തും ബിജെപിക്കൊപ്പം നിന്നിരുന്നു. സംസ്ഥാനത്ത് ഈ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു ലഭിച്ച വോട്ടുവിഹിതത്തിലും ഇത് പ്രതിഫലിച്ചു. മാത്രമല്ല അടുത്ത വർഷം രാജസ്ഥാനിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ജാട്ട് വിഭാഗം നിർണായക പങ്കുവഹിക്കുന്ന തിരഞ്ഞെടുപ്പിൽ ധൻകറിനെ സ്ഥാനാർഥിയാക്കിയതിലൂടെ ഒരു മുഴം മുൻപേ എറിഞ്ഞിരിക്കുകയാണ് ബിജെപി.

∙ ജാട്ടിലേക്ക് ഉന്നമിട്ട്...

കഴിഞ്ഞ രണ്ടു ദശാബ്ദ കാലത്തോളം ബിജെപിയുമായി ബന്ധം പുലർത്തുന്ന ധൻകറിന്, പാർട്ടിയുടെ സുപ്രധാന വൈരികളിലൊരാളായ മമതയുടെ ഉറക്കം കെടുത്തിയതിനുള്ള പാരിതോഷികമായാണ് ഈ സ്ഥാനാർഥിത്വം നൽകിയതെന്ന് ഒരു വിഭാഗം നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ജാട്ടുകളുടെ വോട്ടു ലക്ഷ്യമിട്ടാണ് നീക്കമെന്ന വാദത്തിനാണ് മുൻതൂക്കമേറെ. അതിനു കാരണവുമുണ്ട്.

മറ്റെല്ലാ ജാട്ട് നേതാക്കളെയും പോലെ, ഹരിയാനയിൽനിന്നുള്ള കർഷക നേതാവ് ചൗധരി ദേവി ലാലിന്റെ അനുയായിയാണ് ധൻകറിന്റെയും രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ഇന്ത്യയുടെ ഉപ പ്രധാനമന്ത്രിയും ഹരിയാന മുഖ്യമന്ത്രിയുമായിരുന്നു ദേവിലാൽ. ജുൻജുനുവിലെ ലോക്സഭാ സ്ഥാനാർഥിയായി 1989ൽ ധൻകറിനെ നിർദേശിക്കുന്നതും ദേവി ലാലാണ്.

എന്നാൽ പിന്നീട് ഇദ്ദേഹത്തെ വിട്ട് ധൻകർ കോൺഗ്രസിനൊപ്പം ചേർന്നു. പി.വി.നരസിംഹ റാവുവിന്റെ കാലത്തായിരുന്നു ഇത്. എന്നാൽ രാജസ്ഥാൻ കോൺഗ്രസിൽ അശോക് ഗെലോട്ട് ശക്തനായതോടെ അദ്ദേഹം ബിജെപിയിലേക്കു മാറി. വൈകാതെ വസുന്ധര രാജെയുടെ വിശ്വസ്തനാവുകയും ചെയ്തു. എന്നാൽ ഇടക്കാലത്ത് അദ്ദേഹം അഭിഭാഷകവൃത്തിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മികച്ച അഭിഭാഷകനായും പേരെടുത്തു. പിന്നീട് 2019ലാണ് ബംഗാൾ ഗവർണറായി സ്ഥാനമേൽക്കുന്നത്.

governor-jagdeep-atal-bihari-vajpeyee
ജഗ്‌ദീപ് ധൻകർ ഭാര്യയോടൊപ്പം.

ജാട്ട് വിഭാഗത്തിനുൾപ്പെടെ ഒബിസി പദവി നേടിക്കൊടുക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ച നേതാവാണ് ധൻകർ. അതിനാലാകണം ജെ.പി. നഡ്ഡ ഉപരാഷ്ട്രപതി സ്ഥാനാർഥിയെ പ്രഖ്യാപിച്ചപ്പോൾ ‘കർഷക പുത്രൻ’ എന്ന് എടുത്തു പറഞ്ഞതും.

രാജസ്ഥാന്‍ തിരഞ്ഞെടുപ്പാണ് ബിജെപിയുടെ ലക്ഷ്യമെന്നു സൂചിപ്പിക്കുന്ന മറ്റൊന്നു കൂടിയുണ്ട്. ധൻകർ ഉപരാഷ്ട്രപതിയായാൽ ലോക്സഭയും രാജ്യസഭയും നിയന്ത്രിക്കുന്നവർ രാജസ്ഥാനിൽനിന്നാകും. ലോക്സഭ സ്പീക്കർ ഓം ബിർല രാജസ്ഥാനിലെ കോട്ട–ബൻഡി മണ്ഡലത്തിൽനിന്നുള്ള എംപിയാണ്. രാജ്യസഭ നിയന്ത്രിക്കുക ഉപരാഷ്ട്രപതിയാണ്.

ധൻകർ ആദ്യമായി ലോക്സഭയിലേക്കെത്തിയ ജുൻജുനുവിലായിരുന്നു ഇത്തവണത്തെ ആർഎസ്എസിന്റെ ദേശീയ സമ്മേളനം നടന്നതെന്ന പ്രത്യേകതയുമുണ്ട്. ധൻകറിന്റെ ജന്മസ്ഥലവും ജുൻജുനു ജില്ലയിലാണ്. ഇത്തരത്തിൽ, നേരത്തേത്തന്നെ ബിജെപിയും ആർഎസ്എസും ധൻകറിന്റെ ഉപരാഷ്ട്രപതി സ്ഥാനം സംബന്ധിച്ച കൃത്യമായ ധാരണയിലെത്തിയെന്നാണു സൂചന.

English Summary: Dhankhar, Mamata's bete noire, Chosen to be NDA's Vice Presidential Nominee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com