ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി, നേടിയത് 528 വോട്ട്; ‘കർഷകപുത്രന്’ ചരിത്ര നിയോഗം
![1248-jagdeep-dhankhar-vice-president 1248-jagdeep-dhankhar-vice-president](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2022/8/6/1248-jagdeep-dhankhar-vice-president.jpg?w=1120&h=583)
Mail This Article
ന്യൂഡൽഹി ∙ രാജ്യത്തിന്റെ പുതിയ ഉപരാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർഥി ജഗ്ദീപ് ധൻകർ തിരഞ്ഞെടുക്കപ്പെട്ടു. പതിനാലാമത് ഉപരാഷ്ട്രപതിയാണ്. പ്രതിപക്ഷ സ്ഥാനാർഥി മാർഗരറ്റ് അൽവയെ തോൽപ്പിച്ചാണു, ബംഗാൾ ഗവർണറായിരുന്ന ധൻകറിന്റെ വിജയം. 780 എംപിമാരിൽ 725 പേരാണ് വോട്ട് ചെയ്തത്. ധൻകർ 528 വോട്ട് നേടി. അൽവയ്ക്ക് 182 വോട്ട്. 15 വോട്ട് അസാധുവായി. കേവല ഭൂരിപക്ഷത്തിന് 372 വോട്ടാണ് വേണ്ടിയിരുന്നത്.
രാവിലെ പത്തിനാരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 5 വരെ തുടർന്നു. പിന്നാലെ വോട്ടെണ്ണലും ആരംഭിച്ചു. അസുഖബാധിതരായതിനാൽ 2 ബിജെപി എംപിമാർ വോട്ട് ചെയ്തില്ല. സണ്ണി ഡിയോൾ, സഞ്ജയ് ദോത്രെ എന്നിവരാണു വോട്ട് ചെയ്യാതിരുന്നത്. 36 എംപിമാരുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ 2 എംപിമാർ മാത്രമാണു വോട്ട് ചെയ്തത്. 34 എംപിമാർ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. വിമത എംപിമാരായ ശിശിർ അധികാരി, ദിബേന്ദു അധികാരി എന്നിവരാണു വോട്ട് ചെയ്തത്.
![jagdeep-dhankhar-and-margaret-alva ജഗ്ദീപ് ധൻകർ, മാർഗരറ്റ് അൽവ](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2022/8/5/jagdeep-dhankhar-and-margaret-alva.jpg)
പാർലമെന്റ് മന്ദിരത്തിൽ ഒരുക്കിയ പോളിങ് ബൂത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം വോട്ട് ചെയ്തത്. മുന്‍ പ്രധാനമന്ത്രി മൻമോഹൻ സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ് തുടങ്ങിയവരും വോട്ട് ചെയ്തു. രാജ്യസഭയിലെയും ലോക‍്‍സഭയിലെയും എംപിമാർക്കാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള അവകാശം. 8 പേരുടെ ഒഴിവുള്ളതിനാൽ 780 എംപിമാർക്കാണ് ആകെ വോട്ടവകാശം. നിലവിലെ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു ഈ മാസം 10നു സ്ഥാനമൊഴിയും. പുതിയ ഉപരാഷ്ട്രപതി 11നു സ്ഥാനമേൽക്കും.
രാജസ്ഥാനിലെ കിതാന എന്ന ചെറിയ ഗ്രാമത്തിലെ ജാട്ട് കർഷക കുടുംബത്തിൽ 1951 മേയ് 18നാണ് ജഗ്ദീപ് ജനിച്ചത്. കിതാനയിലെ സർക്കാർ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ജഗ്ദീപ് പിന്നീട് സൈനിക സ്കൂളിൽ ചേർന്നു. ജയ്പുർ മഹാരാജാസ് കോളജിൽനിന്ന് ഫിസിക്സിൽ ബിരുദവും ജയ്പുർ സർവകലാശാലയിൽനിന്ന് എൽഎൽബിയും കരസ്ഥമാക്കി. 1979 നവംബറിൽ അഭിഭാഷകനായി എൻറോൾ ചെയ്തു. സുപ്രീം കോടതിയിലും രാജസ്ഥാൻ ഹൈക്കോടതിയിലും മികവു തെളിയിച്ച അഭിഭാഷകനായ ധൻകർ ജനതാദൾ ടിക്കറ്റിലാണ് 1989ൽ രാജസ്ഥാനിൽനിന്നു പാർലമെന്റിൽ എത്തിയത്.
1990ൽ കേന്ദ്രമന്ത്രിയായി. 1993ൽ കോൺഗ്രസിൽ ചേർന്നു. 1993-98 കാലഘട്ടത്തിൽ രാജസ്ഥാനിലെ കിഷൻഗറിൽനിന്നു നിയമസഭയിലെത്തി. 2003ൽ ബിജെപിയിൽ ചേർന്നു. കായികരംഗവുമായി അടുത്ത ബന്ധമാണുള്ളത്. രാജസ്ഥാൻ ഒളിംപിക് അസോസിയേഷന്റെയും ടെന്നിസ് അസോസിയേഷന്റെയും പ്രസിഡന്റായിരുന്നു. ഐസിസി ഇന്റർനാഷണൽ കോർട്ട് ഓഫ് ആർബിട്രേഷൻ അംഗവുമായിരുന്നു. 2019ലാണ് ജഗ്ദീപ് ധൻകറിനെ ബംഗാൾ ഗവർണറായി നിയമിച്ചത്. ഭാര്യ: സുദേഷ ധൻകർ. ഒരു മകളുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജഗ്ദീപ് ധൻകറെ നേരിൽ സന്ദർശിച്ച് അഭിനന്ദനം അറിയിച്ചു. ധൻകറിന്റെ അനുഭവങ്ങളും അടിസ്ഥാന പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനുള്ള കഴിവും രാജ്യസഭയ്ക്ക് നേട്ടമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. മറ്റ് രാഷ്ട്രീയ പ്രമുഖരും ജഗ്ദീപ് ധൻകറിന് അഭിനന്ദനം അറിയിച്ചു.
English Summary: Jagdeep Dhankhar became new Vice President of India