‘ഇതുപോലെ ജനക്കൂട്ടം ഷാറുഖിന്റെ വേദിയിൽ മാത്രം’; റിപ്പോർട്ടറെ ഞെട്ടിച്ച് താരമായി വിഎസ്

Mail This Article
പോരാളിയുടെ പ്രതിച്ഛായയാണ് വി.എസ്.അച്യുതാനന്ദന് മലയാളികളുടെ മനസ്സിലുള്ളത്. ജനകീയ പ്രശ്നങ്ങളിൽ അവരുടെ ഉരുക്കു കവചമാകുന്ന ആ കടുപ്പക്കാരൻ സഖാവിനുള്ളിൽ സഹൃദയനും സരളചിത്തനുമായ ഒരു മനുഷ്യനുണ്ട്. ആ മനുഷ്യനെ നേരിട്ടറിഞ്ഞ സന്ദർഭത്തെപ്പറ്റി ഓർമിക്കുകയാണ് മൂന്നാർ ദൗത്യത്തിൽ വിഎസിന്റെ പടത്തലവനായിരുന്ന കെ.സുരേഷ് കുമാർ ഐഎഎസ്.
2006ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലം. വിഎസ് എന്ന പ്രതിഭാസം സംസ്ഥാനമാകെ തരംഗമായി അലയടിക്കുകയാണ്. കേരളത്തിന് അന്നോളം അന്യമായിരുന്ന ഒരു തിരഞ്ഞെടുപ്പ് അനുഭവമായിരുന്നു വിഎസിന്റെ പ്രചാരണ വേദികളും വീഥികളും. വിഎസ് പ്രഭാവത്തിന്റെ അലയൊലികൾ കേരളം കടന്ന് ദേശീയ തലത്തിലേക്കും വ്യാപിച്ചിരുന്നു. അതുകൊണ്ടുതന്നെ വിഎസിന്റെ തിരഞ്ഞെടുപ്പു പ്രചാരണം ദേശീയ മാധ്യമങ്ങളുടെയും ശ്രദ്ധ പിടിച്ചു പറ്റി.
അങ്ങനെയാണ് ‘നേതാവിനൊപ്പം ഒരു ദിവസം’ എന്ന പരിപാടിയിൽ വിഎസിനെ ഉൾപ്പെടുത്തണമെന്ന് എൻഡിടിവി തീരുമാനിക്കുന്നത്. അതിനു വിഎസിന്റെ അനുവാദം വാങ്ങി നൽകണമെന്നാവശ്യപ്പെട്ട് എൻഡിടിവി റിപ്പോർട്ടറായിരുന്ന ഗിൽവസ്റ്ററാണ് എന്നെ വിളിക്കുന്നത്. പ്രോഗ്രാം ചെയ്യുന്നത് സീനിയർ കറസ്പോണ്ടന്റ് നുപുർ ബസുവായിരിക്കുമെന്നും ഗിൽവസ്റ്റർ പറഞ്ഞു. കാര്യം ശരിയാക്കിത്തരാം എന്നു ഞാൻ ഗിൽവസ്റ്ററിനു വാക്കു കൊടുത്തു.
പക്ഷേ വിഎസിന്റെ ഓഫിസിൽ ഇത് ചില്ലറ അങ്കലാപ്പുണ്ടാക്കി. ദിവസം മുഴുവൻ ഒരു ഇംഗ്ലിഷ് ചാനലിന്റെ റിപ്പോർട്ടർ വിഎസിന്റെ പ്രോഗ്രാം കവർ ചെയ്യാനിറങ്ങിയാൽ - അതിന്റെ വിജയ സാധ്യതയക്കുറിച്ച് അവർക്ക് കടുത്ത ആശങ്കയുണ്ടായിരുന്നു, പ്രത്യേകിച്ച് വിഎസിന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഷാജഹാന്. ഭാഷാപ്രശ്നം തന്നെയാണ് അവരെ അലട്ടിയത്. പേരിന് ഒന്നോ രണ്ടോ ചോദ്യങ്ങൾ മാത്രം നുപുർ ബസു ചോദിക്കട്ടെ, ബാക്കി നമുക്കു പറഞ്ഞു കൊടുക്കാം എന്നുപോലും ചർച്ചകൾ നടന്നു. പ്രായോഗികതയിലുള്ള വിഎസിന്റെ പ്രത്യേക പാടവം അവർക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാൻ പൂർണമായും കഴിഞ്ഞില്ലെങ്കിലും ഒടുവിൽ പ്രോഗ്രാം ചെയ്യാനുള്ള അനുമതി നേടിക്കൊടുക്കാൻ എനിക്കു കഴിഞ്ഞു.
അങ്ങനെ, തിരഞ്ഞെടുപ്പു പ്രചാരണ തിരക്കുകൾ മൂർധന്യത്തിലെത്തിയ ഒരു ദിവസം നുപുർ ബസു കന്റോൺമെന്റ് ഹൗസിലെത്തി. വിഎസിന്റെ ഓഫിസിൽ ആശങ്ക തലപൊക്കി. ഒന്നും പുറത്തു കാണിക്കാതെ, അവരെ സ്വീകരിച്ച് അകത്ത് വിഎസിന്റെ മുറിയിൽ കൊണ്ടുപോയി പരിചയപ്പെടുത്തിയ ശേഷം ഷാജഹാൻ മാറി. വിഎസ് വളരെ ഊഷ്മളതയോടെ അവരെ സ്വീകരിച്ചു; കുശല പ്രശ്നം നടത്തി. തുടർന്ന് ഇന്റർവ്യൂ എടുക്കാൻ അനുയോജ്യമായ ഒരു സ്ഥലം നോക്കിവരാമെന്നു പറഞ്ഞ് അവർ ക്യാമറാമാനുമായി കന്റോൺമെന്റ് ഹൗസ് മുഴുവൻ ഒന്നു കറങ്ങി. ഒടുവിൽ പിൻവശത്ത്, അടുക്കള ഭാഗത്തേക്കിറങ്ങുന്ന നീണ്ട ഇടനാഴി തിരഞ്ഞെടുത്തു. അഭിമുഖത്തിനാവശ്യമായ സംവിധാനങ്ങൾ ഒരുക്കി. വിഎസ് അവിടേക്കു വന്നു.
വിഎസിനെ പ്രേക്ഷകർക്കു പരിചയപ്പെടുത്തിക്കൊണ്ടുള്ള നുപുർ ബസുവിന്റെ ‘ഓപ്പണിങ് ഷോട്ട്’ അക്ഷരാർഥത്തിൽ ഞങ്ങളെയെല്ലാം ഞെട്ടിച്ചു. വിഎസ് എങ്ങനെ പ്രതികരിക്കുമെന്ന ചെറിയൊരു ആശങ്കയും വിഎസിന്റെ സഹപ്രവർത്തകരുടെ മുഖത്തു കാണാമായിരുന്നു. അസാമാന്യ പ്രസരിപ്പോടെയും ഊർജസ്വലതയോടെയും നുപുർ ബസു വിഎസിനെ ചേർത്തു പിടിച്ച്, സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളിൽ വിഎസ് നടത്തുന്ന പോരാട്ടങ്ങളെക്കുറിച്ച് ചെറിയൊരു മുഖവുര നൽകി. ‘‘..Here at last I am.. with the one and only VS Achuthanandan, the legendary fighter from Kerala... who has taken up several causes involving women's rights...'’’ എന്ന് നുപുർ പറഞ്ഞു തീരുന്നതിനു മുൻപു തന്നെ വിഎസ് അവരെ തിരുത്തിക്കൊണ്ട് '...Not only women's issues.... I have taken up labour issues, environmental issues, human rights issues and corruption...' എന്ന് പുഞ്ചിരിച്ചുകൊണ്ട് ശുദ്ധമായ ഇംഗ്ലിഷിൽ പറഞ്ഞപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി.
കന്റോൺമെന്റ് ഹൗസിലെ അഭിമുഖം കഴിഞ്ഞാണ് പാലക്കാട് മലമ്പുഴ മണ്ഡലത്തിലെ ഒരു ദിവസം നീളുന്ന പ്രചാരണ പരിപാടി കവർ ചെയ്യേണ്ടത്. രാവിലെ ബ്രേക്ക് ഫാസ്റ്റ് മുതൽ റിപ്പോർട്ടർ വിഎസിനൊപ്പം ഉണ്ടാകും. വീണ്ടും ആശങ്ക ഉരുണ്ടു കൂടി! അന്ന് പാലക്കാട്ട് വിഎസിനൊപ്പം മകൻ അരുൺ കുമാർ ഉണ്ട്. ഞാൻ അരുണിനെ വിളിച്ച് കാര്യം പറഞ്ഞു. ചാനലിനു വേണ്ട സൗകര്യങ്ങൾ ഒരുക്കികൊടുക്കണമെന്ന് പറഞ്ഞു. അരുൺ സമ്മതിച്ചു. പ്രസംഗങ്ങൾക്കിടയിലെ ഇടവേളകളിലും വിഎസിനൊപ്പം കാറിലും ഒക്കെയായി ഗംഭീരമായി നുപുർ ബസു ആ പ്രോഗ്രാം ചെയ്തു.
ഭാഷയുടെ ഒഴുക്കിനപ്പുറം വിഷയങ്ങളിലെ സത്യസന്ധതയും ആശയ വിനിമയത്തിലെ വ്യക്തതയും ആ പരിപാടിയിൽ കാണാൻ കഴിയും. വിഎസിന്റെ ‘കടുപ്പക്കാരനായ സഖാവ്’ എന്ന പ്രതിച്ഛായകൂടി മറികടക്കുന്നതായിരുന്നു ആ പരിപാടി. നുപുർ ബസുവിന്റെ ആഗ്രഹപ്രകാരം ‘വരിക വരിക സഹജരേ’ എന്ന വിപ്ലവ ഗാനം വിഎസ് പാടി. തിരികെ, വിഎസ് ആവശ്യപ്പെട്ട പ്രകാരം ആ പാട്ടിന്റെ ഒരു ബംഗാളിരൂപം നുപുർ ബസുവും പാടി. സഹൃദയനായ വിഎസിലാണ് പ്രോഗ്രാം അവസാനിക്കുന്നത്.
അന്നു രാത്രി തന്നെ നുപുർ ബസു എന്നെ ഫോണിൽ വിളിച്ച് നന്ദി അറിയിച്ചു. ഇത്രയും ജനപ്രിയനായ യോദ്ധാവിനെ പരിചയപ്പെടാൻ അവസരം കിട്ടിയത് തന്റെ ഭാഗ്യമാണെന്നു പറഞ്ഞ ബസു ഒന്നുകൂടി കൂട്ടിച്ചേർത്തു– കുട്ടികളും സ്ത്രീകളും മുതിർന്നവരുമടങ്ങുന്ന ഇതുപോലുള്ള ജനക്കൂട്ടം താൻ ഇതിനു മുൻപു കണ്ടിട്ടുള്ളത് ഷാറുഖ് ഖാൻ എത്തുന്ന വേദികളിൽ മാത്രമാണ്!
English Summary: NDTV reporter covered 2006 election campaign of VS Achuthanandan; K Suresh Kumar remembers