ടെസ്ലയ്ക്ക് ഇന്ത്യയിൽ റോഡൊരുങ്ങി; തുടക്കം 2 നഗരങ്ങളിൽ, വന്നേക്കും വമ്പൻ ഫാക്ടറിയും

Mail This Article
ന്യൂഡൽഹി∙ അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഇലക്ട്രിക് കാർ കമ്പനിയായ ‘ടെസ്‍ല’ ഇന്ത്യയിലേക്കു വരുന്നു. യുഎസിൽ വച്ചുള്ള മോദി–ട്രംപ്–മസ്ക് കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഇന്ത്യയിൽ ജീവനക്കാരുടെ റിക്രൂട്മെന്റ് ടെസ്‍ല ആരംഭിച്ചു. ഡൽഹിയിലും മുംബൈയിലും ഷോറൂമുകൾ തിരഞ്ഞെടുത്തതായും റിപ്പോർട്ടുണ്ട്. 25,000 ഡോളറിന് (ഏകദേശം 22 ലക്ഷം രൂപ) താഴെ വിലവരുന്ന മോഡലുകളാകും കമ്പനി ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ വിറ്റഴിച്ചേക്കുക എന്നും സൂചനകളുണ്ട്.
ഇന്ത്യയിൽ ഫാക്ടറി തുറക്കാനുള്ള സ്ഥലവും കമ്പനി അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മഹാരാഷ്ട്രയ്ക്കാണ് മുൻഗണന. ഇതിനുള്ള പ്രാഥമിക നിക്ഷേപമായി 3 മുതൽ 5 ബില്യൻ ഡോളർ വരെ (43,000 കോടി രൂപവരെ) ടെസ്‍ല ഇന്ത്യയിൽ ഒഴുക്കിയേക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

റിക്രൂട്മെന്റിനായി ബിസിനസ് ഓപ്പറേഷൻസ് അനലിസ്റ്റ് മുതൽ കസ്റ്റമർ സപ്പോർട്ട് സ്പെഷലിസ്റ്റ് അടക്കം 14 വ്യത്യസ്ത ഒഴിവുകളാണ് ടെസ്‍ല പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡൽഹി, മുംബൈ, പുണെ എന്നീ നഗരങ്ങളിലാണ് ഒഴിവുകൾ. റിക്രൂട്മെന്റ് പ്രക്രിയ ആരംഭിച്ചെങ്കിലും ഇന്ത്യയിലേക്കുള്ള വരവ് സംബന്ധിച്ച് ടെസ്‍ല ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. പ്രഖ്യാപിച്ചിരിക്കുന്ന ഒഴിവുകൾ മിക്കതും കാർ വിൽപനയുമായി ബന്ധപ്പെട്ടാണ്. ടെസ്‍ലയ്ക്കു പിന്നാലെ ഇലോൺ മസ്കിന്റെ തന്നെ ഉപഗ്രഹ ഇന്റർനെറ്റ് പദ്ധതിയായ ‘സ്റ്റാർലിങ്കും’ ഇന്ത്യയിലേക്ക് എത്തിയേക്കുമെന്നാണ് സൂചന.
ഇറക്കുമതി തീരുവയിൽ ഇനിയെന്ത്?
കാറുകൾക്കുള്ള ഇറക്കുമതിത്തീരുവ കുറയ്ക്കണമെന്നത് ഇലോൺ മസ്കിന്റെ ദീർഘകാലമായ ആവശ്യമാണ്. ആഭ്യന്തര ഉൽപാദനം ആരംഭിക്കുകയാണെങ്കിൽ മാത്രമേ ഇളവുകൾ നൽകൂ എന്നാണ് കേന്ദ്രം ഇതുവരെ സ്വീകരിച്ച നിലപാട്.യുഎസുമായുള്ള വ്യാപാരബന്ധത്തിൽ മാറ്റം വന്ന സ്ഥിതിക്ക് കേന്ദ്രം ഇളവ് നൽകുമോയെന്നാണ് ഇനി അറിയേണ്ടത്.
നിലവിലെ നികുതി വ്യവസ്ഥയുണ്ടായിട്ടും ആഭ്യന്തര ഉൽപാദനവും നിക്ഷേപവും വരുന്നുണ്ടെന്നാണ് 2022ൽ കേന്ദ്ര പരോക്ഷ നികുതി വകുപ്പ് ചെയർമാനായിരുന്ന വിവേക് ജോഹ്‍റി പറഞ്ഞത്. ഇന്ത്യയിൽ കാർ നിർമാണം തുടങ്ങിയാൽ ആവശ്യമുള്ള നികുതി ഇളവ് നൽകാമെന്നാണ് നിതി ആയോഗ് വൈസ് ചെയർമാനായിരുന്നപ്പോൾ രാജീവ് കുമാർ മുൻപ് എടുത്ത നിലപാടും.

എന്നാൽ, ആദ്യം ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ വാഹനം വിറ്റ ശേഷമേ ഉൽപാദനം ആരംഭിക്കൂ എന്ന് ഇലോൺ മസ്ക് 2022ൽ പറഞ്ഞിരുന്നു. ലോകത്തിൽ തന്നെ ഏറ്റവും ഉയർന്ന ഇറക്കുമതിച്ചുങ്കം ഈടാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും മസ്ക് പരസ്യമായി പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങൾക്ക് താൽക്കാലികമായ താരിഫ് ഇളവുകളെങ്കിലും സർക്കാർ നൽകുമെന്നാണ് പ്രതീക്ഷയെന്നും മസ്ക് അന്ന് ചൂണ്ടിക്കാട്ടി.
ടെസ്‍ലയിലെ ഒഴിവുകൾ
സർവീസ് അഡ്വൈസർ, പാർട്സ് അഡ്വൈസർ, സർവീസ് ടെക്നിഷ്യൻ, സർവീസ് മാനേജർ, ടെസ്‍ല അഡ്വൈസർ, സ്റ്റോർ മാനേജർ, ബിസിനസ് ഓപ്പറേഷൻസ് അനലിസ്റ്റ്, കസ്റ്റമർ സപ്പോർട്ട് സൂപ്പർവൈസർ, കസ്റ്റമർ സപ്പോർട്ട് സ്പെഷലിസ്റ്റ്, ഡെലിവറി ഓപ്പറേഷൻസ് സ്പെഷലിസ്റ്റ്, ഓർഡർ ഓപ്പറേഷൻസ് സ്പെഷലിസ്റ്റ്, ഇൻസൈഡ് സെയിൽസ് അഡ്വൈസർ, കൺസ്യൂമർ എൻഗേജ്മെന്റ് മാനേജർ, പിസിബി ഡിസൈൻ എൻജിനീയർ.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business