അദാനിക്കെതിരായ കൈക്കൂലിക്കേസ്: ഇന്ത്യയുടെ സഹായം തേടി യുഎസ്; ഓഹരികൾ ചുവന്നു

Mail This Article
അദാനി ഗ്രൂപ്പിനെതിരെ ഉന്നയിച്ച കൈക്കൂലി ആരോപണത്തിന്മേലുള്ള അന്വേഷണത്തിന് ഇന്ത്യയുടെ സഹകരണം ആവശ്യപ്പെട്ട് യുഎസ്. അദാനിക്കെതിരെ കേസെടുത്ത യുഎസ് ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷനാണ് ഇന്ത്യയുടെ സഹായം തേടിയെന്ന് ന്യൂയോർക്ക് ജില്ലാ കോടതിയെ അറിയിച്ചത്.
അദാനിയും മറ്റ് ആരോപണവിധേയരും ഇന്ത്യയിലാണെന്നതു ചൂണ്ടിക്കാട്ടിയാണ് നീക്കം. ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ അദാനി ഗ്രൂപ്പിലെ ഒട്ടുമിക്ക ഓഹരികളും വിൽപനസമ്മർദ്ദം മൂലം നഷ്ടത്തിലായി. ഈ കമ്പനികളുടെയെല്ലാം വിപണിമൂല്യവും വൻതോതിൽ കുറഞ്ഞു.

കൈക്കൂലിക്കേസിൽ പരാമർശമുള്ള അദാനി ഗ്രീൻ എനർജിയാണ് 3.39% ഇടിവുമായി ഏറ്റവുമധികം നഷ്ടത്തിൽ. ഗ്രൂപ്പിലെ മുഖ്യ കമ്പനിയായ അദാനി എന്റർപ്രൈസസ് 1.16% താഴ്ന്നു വ്യാപാരം ചെയ്യുന്നു. നിഫ്റ്റി50ൽ ഇന്ന് ഏറ്റവുമധികം നഷ്ടത്തിലുള്ള 5 ഓഹരികളിലൊന്നുമാണ് അദാനി എന്റർപ്രൈസസ്.
എൻഡിടിവി (+1.16%), അദാനി ടോട്ടൽ ഗ്യാസ് (+0.39%) എന്നിവയാണ് നേട്ടത്തിലുള്ളത്. എസിസി, അദാനി എനർജി സൊല്യൂഷൻസ്, അദാനി വിൽമർ, അംബുജ സിമന്റ്, അദാനി പോർട്സ് എന്നിവയെല്ലാം ചുവപ്പണിഞ്ഞു. ഒരുഘട്ടത്തിൽ 4 മുതൽ 8% വരെ ഇടിഞ്ഞശേഷം അദാനി ഗ്രൂപ്പ് ഓഹരികൾ നഷ്ടം നികത്തുകയായിരുന്നു.

അദാനി ഗ്രീൻ എനർജിക്കായി സോളർ വൈദ്യുതി വിതരണക്കരാറുകൾ സ്വന്തമാക്കാൻ 2020-2024 കാലയളവിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് അദാനി ഗ്രൂപ്പ് കൈക്കൂലി വാഗ്ദാനം ചെയ്തെന്നായിരുന്നു യുഎസിന്റെ ആരോപണം. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, അനന്തരവനും അദാനി ഗ്രീൻ എനർജി ഡയറക്ടറുമായ സാഗർ അദാനി, മറ്റൊരു ഡയറക്ടർ വിനീത് ജെയിൻ എന്നിവർക്കെതിരെയാണ് 265 മില്യൻ ഡോളർ (ഏകദേശം 2,300 കോടി രൂപ) മതിക്കുന്ന കൈക്കൂലി ആരോപണം ഉന്നയിച്ച് കഴിഞ്ഞ നവംബറിൽ കേസെടുത്തത്.

സോളർ പദ്ധതികൾക്ക് അദാനി ഗ്രൂപ്പ് മൂലധന സമാഹരണം നടത്തിയത് യുഎസ് നിക്ഷേപകരിൽ നിന്നായിരുന്നു. കൈക്കൂലി നൽകിയത് മറച്ചുവച്ചും കള്ളംപറഞ്ഞു 2 ബില്യൻ ഡോളർ (16,500 കോടി രൂപ) നിക്ഷേപം സ്വന്തമാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് യുഎസ് കേസെടുത്തത്. ആരോപണം അടിസ്ഥാനരഹിതമാണെന്നും നിയമപരമായി ചെറുക്കുമെന്നും അദാനി ഗ്രൂപ്പ് പ്രതികരിച്ചിരുന്നു. അതേസമയം, അദാനിക്കെതിരെ കേസെടുത്ത, 50 വർഷത്തോളം പഴക്കമുള്ള നിയമം യുഎസ് പ്രസിഡന്റ് ആയി ചുമതലയേറ്റ ഡോണൾഡ് ട്രംപ് മരവിപ്പിച്ചിരുന്നു.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business