തന്നിഷ്ടക്കാരായ ‘കാട്ടുകോഴി’കളെ ഇഷ്ടപ്പെട്ട പക്ഷിസ്നേഹി; ഫർണിച്ചറല്ല വരുമാനം മയിൽക്കോഴികൾ

Mail This Article
ഇണക്കം കുറഞ്ഞ അലങ്കാരപ്പക്ഷിയാണ് ഫെസന്റ്. നമ്മള്‍ എത്ര സ്നേഹിച്ചാലും ഓടിയെത്തി സ്നേഹം പ്രകടിപ്പിക്കാനൊന്നും ഫെസന്റിനെ കിട്ടില്ല. തന്നിഷ്ടം പോലെ നടക്കുന്ന അസൽ കാട്ടുകോഴി. എന്നിട്ടും എന്തുകൊണ്ടാവും പതിനായിരങ്ങൾ ചെലവിട്ട് പെറ്റ്സ് പ്രേമികൾ ഫെസന്റുകളെ സ്വന്തമാക്കുന്നത്; മനം കവരുന്ന മനോഹാരിത തന്നെ കാരണം.
മയിലിനെ തോൽപിക്കുന്ന അഴകുണ്ട് മയിൽക്കോഴി എന്നു വിളിക്കുന്ന ഫെസന്റുകൾക്ക്. വലിയ പൂന്തോട്ടങ്ങളിൽ അലസമായി ചുറ്റിയടിക്കുന്ന ഫെസന്റുകളെ അഭിമാനത്തിന്റെയും ഭാഗ്യത്തിന്റെയും പ്രതീകമായാണ് ആന്ധ്രയുൾപ്പെടെ പല സംസ്ഥാനങ്ങളിലെയും പക്ഷിസ്നേഹികൾ കാണുന്നത്. ഭാഗ്യം കെണ്ടുവരുന്ന പക്ഷികളായി ഫെസന്റുകളെ നോക്കിക്കാണുന്ന പൗരാണിക സംസ്കാരങ്ങളുണ്ട്. ഏതായാലും മലയാളികൾ ഫെസന്റുകളെക്കുറിച്ചു കേൾക്കുന്നതും ശ്രദ്ധിക്കുന്നതും രണ്ടു പതിറ്റാണ്ടു മുൻപ് സുനാമിനാളുകളിലാണ്. പക്ഷികൾക്കും മൃഗങ്ങൾക്കുമെല്ലാം പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി കണ്ട് പ്രതികരിക്കാൻ കഴിയുമെന്ന് പഠനങ്ങളുണ്ടല്ലോ. ഫെസന്റുകൾക്ക് ഈ കഴിവു കൂടുതലെന്ന് സുനാമിദുരന്തകാലത്ത് ഭൗമശാസ്ത്രജ്ഞർ നിരീക്ഷിച്ചു. എന്നാൽ ആ സിദ്ധിയുടെ പേരിലൊന്നുമല്ല, അഴകിന്റെ പേരിൽത്തന്നെയാണ് ഫെസന്റുകൾ സംസ്ഥാനത്തെ പെറ്റ്സ് വിപണിയിൽ ഇടം പിടിച്ചത്.
തുടക്കത്തിൽ വലിയ ആവേശമുയർത്തി പിന്നീടു താല്‍പര്യം മങ്ങിയ പെറ്റ്സ് ഇനങ്ങൾ പലതുമുണ്ട്. എന്നാല്‍ ഫെസന്റുകള്‍ക്ക് എന്നും ശരാശരി വിലയും ഡിമാൻഡുമുണ്ടെന്ന് എറണാകുളം ജില്ലയിലെ കോതമംഗലം നെല്ലിക്കുഴിയിലുള്ള സംരംഭകന്‍ കെ.എസ്.സനു പറയുന്നു. കോവിഡ് കാലത്തിനു ശേഷമുണ്ടായ മാന്ദ്യത്തിലും ഫെസന്റ് പിടിച്ചുനിന്നു. വർഷത്തിലൊരു സീസണിലേ ഫെസന്റുകള്‍ പ്രജനനം നടത്തുകയുള്ളൂ എന്നതാണ് ഈയിനത്തിന്റെ ഡിമാൻഡ് നിലനിർത്തുന്നതെന്നു സനു. ഏപ്രിൽ–മേയ് ആണ് പ്രജനന കാലം. ഒരു വയസ്സില്‍ ഫെസന്റുകൾ പ്രായപൂർത്തിയാകും (12 വയസ്സെത്തിയിട്ടും മുട്ടയിടൽ തുടരുന്ന ഫെസന്റ് സനുവിന്റെ കൂട്ടിലുണ്ട്). ഡിസംബർ മുതൽ ഫെബ്രുവരി വരെയാണ് മുട്ടയിടല്‍ കാലം. ഇക്കാലയളവിൽ ശരാശരി 40 മുട്ടയിടും. പകുതിയോളമെ വിരിഞ്ഞു കിട്ടൂ. അടയിരിക്കുന്ന പ്രകൃതമുണ്ടെങ്കിലും ഇൻകുബേറ്ററിലാണ് സനു മുട്ടകൾ വിരിയിച്ചെടുക്കുന്നത്. തുടർച്ചയായി പ്രജനനം നടത്തി കൂടുതൽ കുഞ്ഞുങ്ങളെ വിപണിയിലെത്തിക്കാൻ കഴിയാത്തതുകൊണ്ടു തന്നെ ഫെസന്റുകളുടെ എണ്ണം അനിയന്ത്രിതമായി പെരുകി വിപണിമൂല്യം ഇടിയുന്ന പതിവില്ലെന്ന് സനു.
ഫർണിച്ചറിനു പകരം ഫെസന്റ്
ഫർണിച്ചർ നിർമാണത്തിന്റെ ഹബ് എന്നാണ് കോതമംഗലം നെല്ലിക്കുഴിയുടെ പ്രശസ്തി. സനുവും മുൻപ് ഈ രംഗത്തായിരുന്നു. എങ്കിലും കുട്ടിക്കാലം മുതലേ അരുപ്പക്ഷികളോട് കമ്പമുള്ളതിനാൽ ഫർണിച്ചർ സംരംഭത്തിനൊപ്പം ചെറിയ തോതിൽ പക്ഷിവളർത്തലുമുണ്ടായിരുന്നു. ക്രമേണ അവയുടെ എണ്ണം കൂട്ടി. ബ്രഹ്മയും കൊച്ചിൻ ബാൻഡവും സിൽവർലെയ്സും പോലുള്ള ഫാൻസി കോഴികളും പലയിനം പ്രാവുകളുംകൊണ്ട് കൂടുകൾ നിറഞ്ഞു. അവയിൽനിന്നു സ്ഥിരവരുമാനമായതോടെ ഫർണിച്ചർ സംരംഭത്തിനു താഴിട്ടു. എന്നാൽ, കോഴിയിൽനിന്നും പ്രാവിൽനിന്നും താമസിയാതെ സനു വഴി മാറി. അസുഖകരമായ മണമാണ് വിപുലമായ കോഴിവളർത്തലിലെ പ്രശ്നം. 10 സെന്റിന്റെ പരിമിതിയിലാണു വീടും കൂടും. അതുകൊണ്ടുതന്നെ ഫാൻസിക്കോഴിവളർത്തൽ മതിയാക്കുന്നതാണു നല്ലതെന്നു തോന്നിയെന്നു സനു. പൊടിയാണ് പ്രാവുകളുടെ പ്രശ്നം. അവയുടെ ചിറകുകൾക്കിടയിൽനിന്നു രൂപപ്പെടുന്ന പൊടി പരിമിതമായ സ്ഥലത്തു താമസിക്കുമ്പോൾ ബുദ്ധിമുട്ടുണ്ടാക്കും. കോഴിക്കും പ്രാവിനും പകരം തിരഞ്ഞെടുത്തത് കോഴിയോട് അടുത്ത ജനിതക പ്രകൃതമുള്ള ഫെസന്റുകളെയും കൊന്യൂർ തത്തകളെയും. ഫെസന്റിലേക്കുള്ള ഈ മാറ്റമാണ് മാന്ദ്യകാലത്തും പിടിച്ചുനിൽക്കാൻ കരുത്തായതെന്നു സനു. ഫെസന്റിലേക്കു തിരിഞ്ഞ ശേഷം താമസിയാതെ പെറ്റ്ഷോപ്പ് തുറന്നു.
പരിപാലനം പരിമിതം
ഒരു ഡസനിലേറെ ഫെസന്റ് ഇനങ്ങൾ ഇന്നു പ്രചാരത്തിലുണ്ട്. അവയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ഗോൾഡൻ ഫെസന്റിനു തന്നെ. അതുൾപ്പെടെ 6 ഇനങ്ങളുണ്ട് സനുവിന്റെ ശേഖരത്തിൽ. പക്ഷിമൃഗാദികളിൽ പൊതുവേ എന്ന പോലെ ഫെസന്റിലും ആണിനു തന്നെ അഴക്. രണ്ടര അടിയിലേറെ വരും ഗോൾഡൻ ഫെസന്റിന്റെ വർണവാലിനുള്ള നീളം. പേരിലുള്ളതുപോലെ സ്വർണവർണം ചേരുന്ന തൂവൽച്ചന്തം തന്നെയാണ് ഗോൾഡൻ ഫെസന്റിന്റെ മൂല്യം വർധിപ്പിക്കുന്ന ഘടകം. നിലവിൽ മികച്ച ഡിമാൻഡുള്ള ഹൈപ്പർ യെല്ലോ ഫെസന്റും സനുവിന്റെ ശേഖരത്തിലുണ്ട്. ഇളം മഞ്ഞ നിറമുള്ളവ കയ്യിലുണ്ടെങ്കിലും കടുംമഞ്ഞ നിറമുള്ളവയ്ക്ക് കൂടുതൽ മൂല്യമുണ്ടെന്നു കണ്ട് അവയെക്കൂടി വാങ്ങിയെന്നു സനു. വൈറ്റ്, സിൽവർ, ലേഡി ആംഹെസ്റ്റ് ഇനങ്ങൾക്കും വിപണിയിൽ ആവശ്യക്കാരുണ്ട്. ഫെസന്റ് ഇനങ്ങളിൽ നിലവിൽ ഏറ്റവും മൂല്യമുള്ള ഇനമായ റീവ്സ് ഫെസന്റും സനുവിന്റെ ശേഖരത്തിലുണ്ട്. വലുപ്പം കൂടിയ ഫെസന്റ് ഇനമാണ് റീവ്സ്. വർണവാലിന്റെ നീളം എഴടി വരെ എത്തും. മറ്റിനങ്ങൾക്ക് ജോടി വില 12,000–30,000 രൂപ വരെ എത്തുമ്പോൾ റീവ്സിന്റെ വില ലക്ഷത്തിനു മുകളിലെത്തും. ഫെസന്റുകൾ വർഷംതോറും തൂവൽകൊഴിക്കുന്ന പ്രകൃതമുള്ളവയാണ്. കൊഴിഞ്ഞു വീഴുന്ന തൂവലുകൾക്കും വിപണിയുണ്ട്. മനോഹരമായ വർണത്തൂവലുകൾ വാങ്ങാനെത്തുന്നവർ കുറവല്ലെന്നു സനു.
മികച്ച പ്രതിരോധശേഷിയുള്ള ഇനമാണു ഫെസന്റ് എന്നത് നഷ്ടസാധ്യത കുറയ്ക്കുന്നു. ചെറിയ അണുബാധയൊന്നും ഏശുകയില്ല. പ്രാവുകളുടെയും കിളികളുടെയുമൊന്നും സ്ഥിതി അതല്ലല്ലോ. സ്വതന്ത്രമായി ചുറ്റിയടിച്ചു നടക്കുന്നതിനാൽ വിശാലമായ കൂടുകളാണ് ഫെസന്റുകൾക്കു പ്രിയം. വീടിന്റെ ടെറസ്സിൽ സനു കൂടുകളൊരുക്കിയിരിക്കുന്നതും അങ്ങനെ തന്നെ. കൃത്രിമത്തീറ്റ ഉൾപ്പെടെ കോഴിക്കു നൽകുന്ന തീറ്റകളെല്ലാം ഫെസന്റിനും നൽകാം. ഫെസന്റുകൾക്കൊപ്പം സൺ കൊന്യൂറിന്റെ വിപുലമായ ശേഖരവും സനുവിനുണ്ട്. കോവിഡ്കാലത്തിനു ശേഷം ഇടക്കാലത്തു കൊന്യൂർ വില ഇടിഞ്ഞെങ്കിലും അവയുടെ മൂല്യം എക്കാലവും തുടരുമെന്നു സനു പറയുന്നു. അതുകൊണ്ടുതന്നെ താമസിയാതെ അവയും ഡിമാൻഡ് തിരികെപ്പിടിക്കുമെന്ന് ഈ സംരംഭകൻ ഉറപ്പിക്കുന്നു.
ഫോൺ: 9447988060