ഇവിടം ശരിക്കും സ്വർഗം; ലോകത്തിലെ സന്തോഷം നിറഞ്ഞ ഇടത്തു നിന്നും ലക്ഷ്മി റായ്

Mail This Article
മനസ്സ് ആഹ്ളാദത്തിൽ തുള്ളിച്ചാടുകയും ഹൃദയം നിറയുകയും ചെയ്യുമ്പോഴാണ് ഓരോ യാത്രയും അവിസ്മരണീയമാകുന്നത്. അത്രയും തന്നെ മനോഹരമായ ഒരു യാത്രയിലാണ് വിവിധ തെന്നിന്ത്യൻ ഭാഷ സിനിമകളിലൂടെ പ്രശസ്തയായ റായ് ലക്ഷ്മി. സിനിമകളുടെ തിരക്കുകളുണ്ടെങ്കിലും ഇടയ്ക്കിടെ യാത്രകൾക്ക് സമയം കണ്ടെത്തുന്ന താരം ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത് യാത്രാ പ്രേമികളുടെ ഇഷ്ടയിടങ്ങളിലൊന്നായ ഫിൻലൻഡ് ആണ്. മഞ്ഞിന്റെ മാസ്മരിക കാഴ്ചകളിൽ അലിഞ്ഞും വിനോദങ്ങളിൽ ഏർപ്പെട്ടും ധ്രുവദീപ്തി ആസ്വദിച്ചും യാത്രയെ അവിസ്മരണീയമായ അനുഭവമാക്കി മാറ്റുന്നുണ്ട് റായ് ലക്ഷ്മി. ചുറ്റിലും മഞ്ഞിന്റെ കണങ്ങളും ഐസ് പാളികളും അതിലൂടെയുള്ള സവാരിയുമൊക്കെ കാഴ്ചക്കാരിലും ആ നാട്ടിലേക്കൊന്നെത്താനുള്ള മോഹം ജനിപ്പിക്കുമെന്നതു തീർച്ചയാണ്. ഇത് എന്റെ പറുദീസയാണ്. ഈ സ്ഥലം സ്വർഗീയവും പരമാനന്ദം നൽകുന്നതുമാണ്. ആ സൗന്ദര്യത്തിനു സാക്ഷിയാകാൻ കഴിഞ്ഞതിൽ ഞാൻ ആഹ്ളാദവതിയാണ് എന്നാണ് യാത്രാദൃശ്യങ്ങൾ പങ്കുവച്ചതിനൊപ്പം താരം കുറിച്ചിരിക്കുന്നത്.
സന്തോഷത്തിന്റെ നാട് എന്നറിയപ്പെടുന്ന, വർഷത്തിന്റെ പകുതിയിലധികം സമയവും അതിശൈത്യത്തിൽ അമർന്നു കിടക്കുന്ന രാജ്യമാണ് ഫിൻലൻഡ്. എങ്കിലും ആ പരിമിതികളെയെല്ലാം അതിജീവിച്ചു കൊണ്ട് സാങ്കേതിക വിദ്യയിൽ ഏറെ മുൻപിലായ, ചരിത്രത്തെയും പ്രകൃതിയെയുമൊക്കെ സംരക്ഷിക്കുന്ന, ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ ജനങ്ങൾ അധിവസിക്കുന്ന രാജ്യമാണിത്. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിൽ ഭൂമിയുടെ ഏറ്റവും വടക്കേയറ്റത്താണ് ഈ രാജ്യത്തിൻറെ സ്ഥാനം. വടക്കെന്നും തെക്കെന്നും ഫിൻലൻഡിനെ പകുത്താൽ ജനസാന്ദ്രതയും ഗ്രാമങ്ങളും കൃഷിയുമൊക്കെ കാണുവാൻ കഴിയുക തെക്കൻ ഫിൻലൻഡിലാണ്. അതിശൈത്യം അനുഭവപ്പെടുന്ന വടക്കൻ ഫിൻലൻഡിൽ ജനങ്ങൾ വളരെ കുറവാണ്. വേനലിൽ പച്ചപ്പിന്റെ അതിസുന്ദരമായ കാഴ്ചകൾ തെളിയുമ്പോൾ ശൈത്യക്കാലത്ത് മഞ്ഞുമൂടി കിടക്കും. വൈവിധ്യങ്ങളും വൈരുധ്യങ്ങളും ഒരുപോലെ സംഗമിച്ച ഭൂമിയെന്നു അതുകൊണ്ടു തന്നെ ഈ നാടിനെ വിളിക്കാവുന്നതാണ്. മേയ് മുതൽ സെപ്റ്റംബർ വരെയുള്ള കാലമാണ് ഇവിടുത്തെ തദ്ദേശവാസികൾ പ്രകൃതിയിലേക്കിറങ്ങുന്നതും കൃഷി പണികളിൽ ഏർപ്പെടുന്നതും.
സന്ദർശകർക്ക് ഫിൻലൻഡ് സ്വപ്നതുല്യമായ ഒരു ഡെസ്റ്റിനേഷനായിരിക്കും. അതി ശൈത്യത്തിലും വേനൽക്കാലത്തും ആസ്വദിക്കാൻ നിരവധി കാഴ്ചകളും വിനോദങ്ങളുമൊക്കെയുണ്ടെന്നതു തന്നെയാണ് അതിനു പുറകിലെ കാര്യം. പ്രകൃതി മഞ്ഞ് പുതച്ചിരിക്കുന്ന സമയങ്ങളിൽ ഡൗൺഹിൽ സ്കീയിങ്, ക്രോസ് കൺട്രി സ്കീയിങ്, സ്കേറ്റിങ്, ഐസ് സ്വിമിങ് തുടങ്ങിയ വിനോദങ്ങളിലേർപ്പെടാം. വേനൽക്കാലത്ത് സൂര്യൻ അസ്തമിക്കാത്ത രാജ്യമാണ് ഫിൻലൻഡ്. പാതിരാസൂര്യന്റെ നാട് എന്ന് ഈ രാജ്യത്തിന് വിളിപ്പേരുണ്ടായത് അതുകൊണ്ടാണ്. ശൈത്യത്തിൽ മാസങ്ങളോളം സുര്യനെ കാണുവാനും കഴിയുകയില്ല.
ദ്വീപുകളാണ് ഫിൻലൻഡിന്റെ മറ്റൊരു മുഖം. കപ്പലിലോ ഫെറിയിലോ കയറി ഈ ദ്വീപുകളിലെത്താം. ദ്വീപിന്റെയും കടലിന്റെയും മനോഹരമായ കാഴ്ച ആസ്വദിക്കണമെങ്കിൽ ഇവിടുത്തെ ലൈറ്റ് ഹൗസുകൾക്കു മുകളിലേക്കെത്തിയാൽ മതിയാകും. വളരെ ശാന്തമാണ് പ്രകൃതിയും അന്തരീക്ഷവും അതുകൊണ്ടു തന്നെ എത്ര നേരം വേണമെങ്കിലും കടൽ കാഴ്ചകൾ ആസ്വദിച്ചു കൊണ്ട് ആ തീരങ്ങളിൽ സമയം ചെലവഴിക്കാവുന്നതാണ്.
ഫിൻലൻഡിലെ ഭവനങ്ങൾക്കുമുണ്ട് പ്രത്യേകതകൾ. മരത്തിലാണ് നിർമിതി. ചുവന്ന നിറങ്ങളിലായിരിക്കും ഇവ കാണപ്പെടുക. മറ്റൊരിടത്തും കാണുവാൻ കഴിയാത്ത, നൂറ്റാണ്ടുകളുടെ പഴക്കമുള്ള നിർമിതികൾ നിറഞ്ഞ പട്ടണങ്ങളും ഫിൻലൻഡിലെ ഒരു കൗതുക കാഴ്ചയാണ്. രാജ്യത്തെ പ്രധാന പട്ടണങ്ങളായ ഹെൽസിങ്കിയും പോർവൂവും പോലുള്ള നഗരങ്ങൾ സന്ദർശിച്ചാൽ ഈ കാഴ്ച കാണുവാൻ കഴിയും. പച്ചക്കറികളും പഴങ്ങളും സുലഭമായി ലഭിക്കുന്ന, മൽസ്യവിഭവങ്ങൾ ധാരാളമായി ലഭിക്കുന്നയിടമാണ് ഫിൻലൻഡ്. അതുകൊണ്ടു തന്നെ ഇവിടുത്തെ തനതു വിഭവങ്ങളുടെ രുചിയറിയുക എന്നത് അതിഥികളായി എത്തുന്നവർക്ക് പുതിയൊരനുഭവമായിരിക്കും.
സന്ദർശകർക്ക് ആസ്വദിക്കാനും കാഴ്ചകൾ കാണുവാനുമായി നാല്പതോളം ദേശീയോദ്യാനങ്ങളാണ് ഈ രാജ്യത്തുള്ളത്. ഈ ഉദ്യാനങ്ങളുടെ സൗന്ദര്യം വർധിപ്പിക്കുന്നത് ദ്വീപുകളും തടാകങ്ങളും വനങ്ങളുമാണ്. ഹൈക്കിങ്, കാനോയിങ്, ക്ലൈംപിങ്, സ്നോഷോയിങ് തുടങ്ങിയ പല വിനോദങ്ങളും ഇവിടെയുണ്ട്. താല്പര്യമുള്ളവർക്ക് അത്തരം കാര്യങ്ങളിൽ ഏർപ്പെടാനുള്ള സൗകര്യങ്ങളുമുണ്ട്.

സാന്താക്ലോസിന്റെ ഭവനം സ്ഥിതി ചെയ്യുന്നത് ഫിൻലൻഡിലാണ്. അതുകൊണ്ടുതന്നെ സാന്താക്ലോസിനെ കാണാതെ ആ രാജ്യ സന്ദർശനം പൂർത്തിയാകുകയില്ല. ആർട്ടിക് സർക്കിളിലെ റൊവാനിയെമി എന്ന സ്ഥലത്താണ് ക്രിസ്മസ് പപ്പയുടെ ഓഫിസ് സ്ഥിതി ചെയ്യുന്നത്. വർഷം മുഴുവൻ തുറന്നിരിക്കുന്ന ഈ ഓഫിസിലെത്തിയാൽ സാന്താക്ലോസുമായി സംസാരിക്കാം. കഥകൾ കേൾക്കാം.
പച്ചയും പർപ്പിളുമൊക്കെ കലർന്ന ആകാശത്തെ നൃത്തമാണ് നോർത്തേൺ ലൈറ്റ്‌സ്. ആ കാഴ്ച കാണാനായി ഫിൻലൻഡിലെത്തുന്ന സഞ്ചാരികൾ ധാരാളമുണ്ട്. അറോറ ബോറോലിസ എന്നും ഈ പ്രതിഭാസം അറിയപ്പെടുന്നു. സെപ്റ്റംബർ - ഒക്ടോബർ, ഫെബ്രുവരി - മാർച്ച് മാസങ്ങളിൽ വർഷത്തിൽ ഏകദേശം പത്തോ ഇരുപതോ രാത്രികളിൽ മാത്രമാണ് ഈ ധ്രുവ ദീപ്‌തി കാണുവാൻ സാധിക്കുക. ഈ കാഴ്ച അതിഥികൾക്ക് ആസ്വദിക്കുവാനായി നിർമിച്ചിട്ടുള്ളതാണ് ഗ്ലാസിൽ തീർത്ത ഇഗ്ലു. ഇരുണ്ട പ്രദേശങ്ങളിലാണ് നോർത്തേൺ ലൈറ്റ്സ് വ്യക്തമായി കാണുവാൻ കഴിയുന്നത്. അത്തരം പ്രദേശങ്ങളിൽ ഗ്ലാസ് ഇഗ്ലുവിലിരുന്നു ആ വിസ്മയ കാഴ്ച ആസ്വദിക്കാവുന്നതാണ്.