വൈറ്റമിനുകൾ മുതൽ കഷായം വരെ; അനാർക്കലി വെറുമൊരു പഴമല്ല

Mail This Article
വിപണിയിൽ ഏറെ ആവശ്യക്കാരുള്ള, ഔഷധ, പോഷക ഗുണങ്ങളും രുചിയുമുള്ള പഴമാണ് മാതളം. വൈറ്റമിനുകളും നാരുകളും നിരോക്സീകാരികളും മാതളത്തിലുണ്ട്. വൈറ്റമിൻ സി, ഇ, കെ, മഗ്നീഷ്യം എന്നിവയുമുണ്ട്. ഓർമശക്തിക്കും തലച്ചോറിന്റെ ആരോഗ്യം നിലനിർത്തുന്നതിനും അർബുദം, വൃക്ക രോഗങ്ങൾ എന്നിവയെ പ്രതിരോധിക്കുന്നതിനും ഗുണം ചെയ്യും. ഹൃദയാരോഗ്യം സംരക്ഷിക്കും. തോട് അരച്ചു കഴിക്കുന്നത് അതിസാരത്തിന് ആശ്വാസം നൽകും. വേരിൽനിന്നുള്ള കഷായം വിരകൾക്കെതിരെ പ്രവർത്തിക്കും.
വരണ്ട കാലാവസ്ഥ ഇഷ്ടപ്പെടുന്ന വിളയാണിത്. അനാർക്കലി എന്നും പേരുണ്ട്. (Anar- മാതളം Kali- പഴം). എല്ലാത്തരം മണ്ണിലും വളരുമെങ്കിലും നല്ല നീർവാർച്ചയുള്ളിടമാണ് മാതളക്കൃഷിക്കു യോജ്യം. കമ്പുകൾ നട്ടും പെൻസിൽ വണ്ണമുള്ള കമ്പുകൾ പതിവച്ചും പുതിയ തൈകൾ ഉൽപാദിപ്പിക്കാം. വിത്തുകൾ നട്ടാൽ കായ്ക്കാൻ സമയമെടുക്കും. നിലം നന്നായി കിളച്ചൊരുക്കി കളകൾ നീക്കി 10 അടി അകലത്തിൽ കുഴികൾ എടുക്കുക. 2 അടി ആഴം വേണം. മേൽമണ്ണും ട്രൈക്കോഡെർമ ചേർത്തു സമ്പു ഷ്ടീകരിച്ച 10 കിലോ ചാണകവും ഒരു കിലോ വേപ്പിൻപിണ്ണാക്കും എല്ലുപൊടിയും ചേർത്തു കുഴിമൂടുക. ഒരാഴ്ചയ്ക്കുശേഷം 5 ഗ്രാം വാം ചേർത്തിളക്കി തൈ നട്ട് നന നൽകുക.
നാലടി ഉയരമെത്തുമ്പോൾ ചെടിയുടെ ചുവട്ടിൽനിന്ന് 50 സെ.മീ. വരെയുള്ള ശിഖരങ്ങൾ മുറിച്ചു മാറ്റണം. ഒന്നര വർഷം പ്രായമാകുമ്പോൾ എല്ലാ പാർശ്വശിഖരങ്ങളും മുറിച്ച് കുടയുടെ ആകൃതിയിൽ ക്രമീകരിക്കുക. ഫെബ്രുവരിയിൽ ഇലകൾ പൊഴിയുന്നതോടെ നന നിർത്തണം. പൂക്കൾ ഉണ്ടായി 7 മാസമാകുമ്പോൾ വിളവെടുക്കാം. കായ്കൾ വളരെ ചെറുതായിരിക്കുമ്പോൾ കീടങ്ങളിൽനിന്നു രക്ഷിക്കാൻ താഴ്ഭാഗം തുറന്നുവച്ച് പൊതിഞ്ഞു കെട്ടണം.
വളപ്രയോഗം
നട്ട് ഒരു മാസം മുതൽ മൂന്നു മാസം വരെ 19:19:19 3 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി തളിക്കുക. 4 മാസം ആകുമ്പോൾ 0:52:34 (Mono Potassium Phosphate) 3 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ തളിക്കുക. 2 ആഴ്ചയ്ക്കുശേഷം 13:0:45 (പൊട്ടസ്യം നൈട്രേറ്റ്) 2 ഗ്രാം, കാത്സ്യം നൈട്രേറ്റ് 3 ഗ്രാം, ബോറോൺ 20% ഒരു ഗ്രാം എന്നിവ മൂന്നും കൂടി (ആകെ 6 ഗ്രാം) ഒരു ലീറ്റർ വെള്ളത്തിൽ കലക്കി തളിക്കുക. 6–ാം മാസത്തിൽ ഹ്യുമിക് ആസിഡ് (2 മി.ലീ. ഒരു ലീറ്റർ വെള്ളത്തിൽ കലക്കിയത്), പൊട്ടാസ്യം സിലിക്കേറ്റ് (ഒരു മി.ലീ.) പസീലിയോമൈസിസ് (10 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കിയത്) സീവീഡ് എക്സ്ട്രാക്ട് – സകാരിക (5 ഗ്രാം) എന്നിവ മണ്ണിൽ ചേർക്കുക. നാലാം മാസത്തിൽ ശുപാര്‍ശ ചെയ്തിരിക്കുന്ന വളം എല്ലാ ആറു മാസം കൂടുമ്പോഴെങ്കിലും തളിക്കണം. രോഗങ്ങൾക്കെതിരെ കോപ്പർ ഓക്സിക്ലോറൈഡ് 3 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ തളിക്കുക. രണ്ടാഴ്ചയ്ക്കുശേഷം ബിവേറിയ 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി തളിക്കുക. മാസത്തിലൊരിക്കൽ സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി തളിക്കുക.

മാതളം മിൽക്ക് ഷെയ്ക്ക്
- മാതളം അല്ലികൾ – ഒരു കപ്പ്
- പാൽ – 200 മി.ലീ.
- ഐസ്ക്രീം – 2 തവി
- പഞ്ചസാര – ഒരു ടീസ്പൂൺ
- ഏലയ്ക്ക – 2 എണ്ണം
മുകളിൽ പറഞ്ഞിരിക്കുന്നവ മിക്സിയിൽ ഒരുമിച്ച് അടിച്ച് ഷെയ്ക്ക് തയാറാക്കാം.