ഓടി നേടുന്ന പണം കാൻസർ രോഗികൾക്ക്; 76–ാം വയസ്സിലും മാരത്തണിൽ തിളങ്ങി ഡോ. ഷെറിൽ ബെറി

Mail This Article
ഡോ. ഷെറില്‍ ബെറിക്ക് പ്രായം 76. പക്ഷേ, മാരത്തണില്‍ പങ്കെടുക്കുന്ന ഷെറില്‍ ബെറിയെ കണ്ടാല്‍ ഒരു കൊച്ചു പൂമ്പാറ്റ പാറിനടക്കുകയാണെന്നേ തോന്നൂ. മാരത്തണും ചാരിറ്റിയും ഒരുപോലെ ഇഷ്ടമുള്ള ഈ ഇംഗ്ലണ്ടുകാരി ഈ പ്രായത്തിലും ശരിക്കും ഒരു പൂമ്പാറ്റയെപ്പോലെ പാറക്കുകയാണ്. ലണ്ടന്‍ മാരത്തണ്‍ മുതല്‍ ദിവസങ്ങൾക്കു മുൻപ് നടന്ന കൊച്ചി മാരത്തണില്‍ വരെ.
ചാരിറ്റിക്കായുള്ള ഓട്ടങ്ങള്‍
50ാം വയസ്സില്‍ മാരത്തണ്‍ ഓട്ടത്തിനോടു തോന്നിയ പ്രണയം പിന്നീടു ചാരിറ്റി പ്രവര്‍ത്തനത്തിനുള്ള മാര്‍ഗമായി. ഓടി നേടുന്ന പണമെല്ലാം കാന്‍സര്‍ രോഗികള്‍ക്കുള്ള ധനസഹായത്തിനും ആലപ്പുഴയിലെ ഹോപ് കമ്യൂണിറ്റി വില്ലേജില്‍ താമസിക്കുന്ന കുട്ടികളുടെ ഉന്നമനത്തിനായും മാറ്റിവയ്ക്കുകയാണു പതിവ്. 26 വര്‍ഷത്തിനിടെ 42.16 കിലോമീറ്റര്‍ ദൂരമുള്ള 15 ലണ്ടന്‍ മാരത്തണ്‍, ഒരു ന്യൂയോര്‍ക്ക് മാരത്തണ്‍, 21 കിലോമീറ്റര്‍ ദൂരമുള്ള 5 ഗ്രേറ്റ് നോര്‍ത്തേണ്‍ മാരത്തണ്‍, 20.5 കിലോമീറ്റര്‍ ദൂരമുള്ള 15 ഹാഫ് മാരത്തണ്‍ എന്നിവയില്‍ പങ്കെടുത്ത ഷെറില്‍ ബെറി, ആദ്യമായി ഇന്ത്യയിലെ മാരത്തണില്‍ പങ്കെടുത്തതിന്റെ സന്തോഷത്തിലാണ്.
കാലാവസ്ഥയെ ഓടിത്തോല്പിച്ച്
കഴിഞ്ഞ ഞായറാഴ്ച നടന്ന കൊച്ചി മാരത്തണില്‍ ഷെറില്‍ ഓടിയതു 10 കിലോമീറ്ററാണ്. കേരളത്തിലെ ചൂടന്‍ കാലാവസ്ഥയില്‍ ഓടി പരിചയമില്ലാത്ത ഷെറില്‍ തയാറെടുപ്പുകള്‍ക്കായി കഴിഞ്ഞ മാസം 16ന് ആലപ്പുഴയില്‍ എത്തി. എല്ലാ ദിവസവും രാവിലെ 5.30ന് 3 കിലോമീറ്ററോളം ഓടി 'മാരത്തണ്‍' പരിശീലനം നടത്തി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇംഗ്ലണ്ടില്‍ നടന്ന 60,000 പേര് പങ്കെടുത്ത ദ് ഗ്രേറ്റ് നോര്‍ത്തേണ്‍ മാരത്തണില്‍ 18ാം സ്ഥാനത്തെത്തിയ ഷെറില്‍ ബെറിക്ക് കേരളത്തിലെ ചൂടന്‍ കാലാവസ്ഥയൊക്കെ വെറും നിസ്സാരമാണത്രേ!
മനസ്സിന്റെ ആരോഗ്യം പ്രധാനം
എല്ലാ കായിക താരങ്ങളും ചെയ്യുന്നതുപോലെ പ്രോട്ടീന്‍ അധികമുള്ള ഭക്ഷണത്തിനാണ് പ്രാധാന്യം. ഇറച്ചിയും മീനും മെനുവില്‍ സ്ഥിരമാണ്. കേരളത്തില്‍ എത്തുമ്പോള്‍ കരിമീനും മറ്റ് ആറ്റുമീനുകളും പരീക്ഷിക്കാറുണ്ട്. ഇംഗ്ലണ്ടിലും കേരളത്തിലും ഒരുപോലെ ലഭിക്കുന്ന വെജിറ്റബിള്‍ സാലഡാണ് പ്രിയം. എന്നാല്‍ ആഹാരത്തെക്കാള്‍ മനസ്സിന്റെ ആരോഗ്യമാണ് തന്റെ ഓട്ടത്തിനു പിന്നിലെ രഹസ്യമെന്നു ഷെറില്‍ പറയുന്നു. 85 വയസ്സുള്ള ഭര്‍ത്താവിനൊപ്പം ആഴ്ചയില്‍ 2 മണിക്കൂര്‍ എയറോബിക്് വ്യായാമം ഉള്‍പ്പെടുത്തിയ ഡാന്‍സ് ക്ലാസിലും പങ്കെടുക്കാറുണ്ട്. ഇതു തന്റെ മാംസപേശികളെ ബലപ്പെടുത്താന്‍ സഹായിക്കുമെന്നു ഷെറില്‍ പറയുന്നു.
വേണം, വയോജന ക്ലബ്ബുകള്‍
വിദേശരാജ്യങ്ങളില്‍ ഉള്ളതുപോലെ കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും വയോജന ക്ലബ്ബുകള്‍ തുടങ്ങണമെന്നാണ് ഷെറിലിന്റെ നിര്‍ദേശം. ഇത്തരം ക്ലബ്ബുകള്‍ വയോജനങ്ങളുടെ മാനസിക - ശാരീരിക ആരോഗ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇംഗ്ലണ്ടിലെ ഇത്തരം ക്ലബ്ബുകളില്‍ വയോജനങ്ങള്‍ക്കായി ടേബിള്‍ ടെന്നിസ് പോലുള്ള ഇന്‍ഡോര്‍ മത്സരങ്ങള്‍ നടത്താറുണ്ട്. ആരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല, എല്ലാവരും ഒത്തുകൂടുമ്പോള്‍ ഏകാന്തതയും വിരസതയും മറക്കും. ഇവിടത്തെ ചര്‍ച്ചകളും ലഘു വ്യായാമങ്ങളും തന്റെ ജീവവായു ആണെന്ന് ഷെറില്‍ പറയുന്നു.
യൂത്ത്ഫുള്‍ ഡേയ്സ്
അധ്യാപികയായിരുന്ന ഷെറില്‍ ബെറിക്ക് എപ്പോഴും കുട്ടികളുടെ കൂടെ സമയം ചെലവഴിക്കുന്നതാണ് ഇഷ്ടം. യുക്രെയ്നില്‍ യുദ്ധം മൂലം ഒറ്റപ്പെട്ടുപോയ കുട്ടികള്‍ക്കു ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കളിപ്പാട്ടങ്ങളും മിഠായിയും അടങ്ങിയ ഫ്രണ്ട്ഷിപ് ബോക്സുകള്‍ അയച്ചിരുന്നു. എല്ലാ വര്‍ഷവും ആലപ്പുഴയിലെ ഹോപ് കമ്യൂണിറ്റി വില്ലേജില്‍ എത്തുന്ന ഷെറില്‍ ഇവിടത്തെ കുട്ടികള്‍ക്കും സമീപമുള്ള സ്കൂളുകളിലെ കുട്ടികള്‍ക്കും ക്ലാസുകള്‍ നല്കി 'ചെറുപ്പം' സൂക്ഷിക്കാന്‍ നിരന്തരം ശ്രമിക്കുന്നു.