ADVERTISEMENT

ഗുരുവായൂർ/ശബരിമല∙ കണിക്കൊന്നയും കണിവെള്ളരിയും കണ്ണെനെയും കണി കണ്ട് ഒരു‌ വിഷുദിനം കൂടി. മുന്‍ വര്‍ഷങ്ങളില്‍ കോവിഡ് മഹാമാരി വിഷുവിന്റെ നിറം കെടുത്തിയെങ്കിലും, ഇക്കുറി അതെല്ലാം മറികടന്നാണ് ആഘോഷങ്ങള്‍. വിഷുക്കണി ദർശനത്തിന് ഭക്തർ ഇന്നലെ ഉച്ച മുതൽ വരി നിൽക്കാൻ തുടങ്ങിയതോടെ ഗുരുവായൂർ ക്ഷേത്രത്തിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. സന്ധ്യയായതോടെ തെക്കേനടയിലെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയം ഹാളിൽ 4 വരികളായി ഭക്തർ ഇടം പിടിച്ചു. പുലർച്ചെ 2.45 മുതൽ 3.45 വരെ ഒരു മണിക്കൂർ നേരമായിരുന്നു കണി ദർശനം. ഉച്ച കഴിഞ്ഞ് മേളത്തോടെ കാഴ്ചശീവേലി, രാത്രി വിഷു വിളക്ക് എഴുന്നള്ളിപ്പ് ചടങ്ങുകളുമുണ്ട്.

മേടപ്പുലരിയിൽ ശബരിമല സന്നിധാനത്തും കണികണ്ട് കൈനീട്ടം വാങ്ങിയത് ആയിരക്കണക്കിന് തീർഥാടകരാണ്. പുലർച്ചെ നാലു മണിക്കു തന്നെ നട തുറന്ന് ഭഗവാനെ കണികാണിച്ചു. ഇതിനു ശേഷമാണ് ഭക്തർക്ക് ദർശനത്തിന് അനുമതി നൽകിയത്. തുടർന്ന് തന്ത്രിയും മേൽശാന്തിയും ചേർന്ന് ഭക്തർക്ക് വിഷുക്കൈനീട്ടം നൽകി.

ആണ്ടുപിറവി ആഘോഷമാണു വിഷു. അതുകൊണ്ട് വിഷുവിന് ഏറ്റവും പ്രധാനം വിഷുക്കണി തന്നെ. വരാനിരിക്കുന്ന ഒരു കൊല്ലത്തിന്റെ മുഴുവൻ പ്രതീക്ഷയാണ് ഓട്ടുരുളിയിലെ പൊൻകണി. മണ്ണിന്റെ മണവും വിഷുപ്പക്ഷിയുടെ മധുരസ്വരവുമെല്ലാം ഒത്തുചേർന്ന വിഷുപ്പുലരിയിൽ കണി കാണുന്നതും പ്രകൃതിയുടെ നൈർമല്യത്തെയാണ്. സമ്പത്സമൃദ്ധമായ പ്രകൃതിയുടെ കൊച്ചുരൂപം തന്നെയാണു വിഷുക്കണി.

കണി പോലെ തന്നെയാണു കൈനീട്ടവും. കണികണ്ടുണരുന്ന കുടുംബാംഗങ്ങൾക്കു കുടുംബനാഥൻ വിഷുക്കൈനീട്ടം നൽകുന്നതും വിഷുദിനത്തിലെ പതിവാണ്. ചിങ്ങത്തിൽ നിലാവിനും പൂക്കൾക്കും പാട്ടിനും പട്ടിനും സദ്യയ്ക്കും ഒക്കെ ഓണം എന്ന വാക്ക് അലങ്കാരമായി ചേരുന്നതു പോലെ മേടപ്പിറപ്പിൽ വിഷു എന്നു വാക്കിനോടു ചേർന്നാണു കണിയും കൈനീട്ടവും സദ്യയും ഒക്കെ രൂപപ്പെടുന്നത്. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു വർഷത്തേക്കു നിലനിൽക്കുമെന്നാണു വിശ്വാസം. രോഗാതുരത കടിഞ്ഞാണിട്ട ഒരാണ്ടിനിപ്പുറം അതേ ഭീഷണി നിലനിൽക്കുമ്പോഴും പ്രത്യാശയോടെ ആഘോഷത്തെ നോക്കിക്കാണുകയാണു ജനം.

English Summary: Malayalees celebrate Vishu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com