‘മലപ്പുറത്തേക്ക് ടീം പോയിട്ടുണ്ട്, ഹരിദാസന്റെ മൊഴി ഉടൻ എടുക്കും’: കമ്മിഷണർ സി.എച്ച്.നാഗരാജു

Mail This Article
തിരുവനന്തപുരം∙ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പഴ്സനൽ സ്റ്റാഫിനെതിരെ ഉയർന്ന കോഴ ആരോപണങ്ങളിൽ പ്രതികരണവുമായി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു. മന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അഖിൽ മാത്യുവിന്റെ പരാതി മാത്രമാണു ലഭിച്ചതെന്നു കമ്മിഷണർ വ്യക്തമാക്കി. ഇന്നലെയാണു ഡിജിപി ഓഫിസിൽ നിന്നും പരാതി കിട്ടിയതെന്നും പരാതിയിലെ തീയതി 26 ആണെന്നും കമ്മിഷണർ പറഞ്ഞു.
‘‘തട്ടിപ്പു കേസാണ്. ഇതിൽ ആർക്കാണു പങ്കുള്ളതെന്നു അന്വേഷണത്തിലൂടെ മാത്രമേ അറിയാൻ സാധിക്കു. ആർക്കൊക്കെ പണം കൊടുത്തു, ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ട് എന്ന് അന്വേഷണത്തിലൂടെ മാത്രമേ മനസിലാകു. സത്യം പുറത്തുകൊണ്ടുവരും’’– കമ്മിഷണർ പറഞ്ഞു.
ഹരിദാസന്റെ പരാതി ഇതുവരെ ലഭിച്ചിട്ടില്ല. ഇതുവരെ ഹരിദാസുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. മാധ്യമങ്ങൾ വഴിയാണു അദ്ദേഹത്തിന്റെ ഭാഷ്യം കിട്ടുന്നത്. അദ്ദേഹത്തിന്റെ മൊഴി എടുക്കണം. മൊഴിയെടുക്കാൻ മലപ്പുറത്തേക്കു സംഘം പോയിട്ടുണ്ട്. വിശദമായ മൊഴിയെടുക്കും. അദ്ദേഹത്തിന്റെ മൊഴിയെടുത്താൽ വ്യക്തത വരുമെന്നും സി.എച്ച്.നാഗരാജു പറഞ്ഞു.
English Summary: C H Nagaraju says they will take statements of Haridas soon