ഗോവയിൽ പുതുവത്സര ആഘോഷത്തിനിടെ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കടൽത്തീരത്ത് കണ്ടെത്തി

Mail This Article
വൈക്കം (കോട്ടയം)∙ പുതുവത്സരം ആഘോഷിക്കാന്‍ കൂട്ടുകാരുമൊത്ത് ഗോവയിലേക്ക് പോയി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വൈക്കം കുലശേഖരമംഗലം കടൂക്കര സന്തോഷ് വിഹാറില്‍ സഞ്ജയ് സന്തോഷിന്റെ (19) മൃതദേഹമാണ് ഗോവയിലെ കടൽത്തീരത്തുനിന്ന് കണ്ടെത്തിയത്. അച്ഛന്‍ സന്തോഷും സുഹൃത്തും ഗോവയില്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞു.
ഒന്നാം തീയതി പുലര്‍ച്ചെ മുതലാണ് സഞ്ജയ്‌യെ ഗോവയില്‍നിന്നു കാണാതായത്. ഇതുസംബന്ധിച്ച് വീട്ടുകാര്‍ ഗോവ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഡിസംബർ 29നാണ് സഞ്ജയും കൂട്ടുകാരും അയല്‍വാസികളുമായ കൃഷ്ണദേവ് (20), ജയകൃഷ്ണന്‍ (20) എന്നിവരും പുതുവത്സരം ആഘോഷിക്കാന്‍ ഗോവയിലേക്ക് പോയത്. 30ന് പുലര്‍ച്ചെയാണ് മൂവര്‍ സംഘം ഗോവയിലെ തിവിം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയത്. തുടര്‍ന്ന് മുറിയെടുത്തു.
31ന് രാത്രിയില്‍ വകത്തൂര്‍ ബീച്ചിലെ ഡാന്‍സ് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെ സഞ്ജയ്‌യെ കാണാതാവുകയായിരുന്നു. കൂട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയതിനാല്‍ കിട്ടിയില്ല. കൃഷ്ണദേവും ജയകൃഷ്ണനും ചേര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് സഞ്ജയ്‌യെ കാണാതായ വിവരം ഇരുവരും ചേര്‍ന്ന് വീട്ടുകാരെ അറിയിക്കുകയായിരുന്നു. ബിന്ദു ആണ് സഞ്ജയ്‌യുടെ മാതാവ്. സഹോദരൻ: സച്ചിൻ.