ഡൽഹി മദ്യനയ അഴിമതി: കെ.കവിതയുടെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി
Mail This Article
ന്യൂഡൽഹി∙ ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത ബിആർഎസ് നേതാവ് കെ.കവിതയുടെ ഇടക്കാല ജാമ്യ ഹർജി കോടതി തള്ളി. ഡൽഹി റൗസ് അവന്യൂ കോടതിയാണ് അപേക്ഷ തള്ളിയത്.
ഡല്‍ഹി മദ്യനയത്തിന്‍റെ പ്രയോജനം ലഭിക്കാന്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളുമായും ആംആദ്‍മി പാർട്ടി (എഎപി) നേതാവ് മനീഷ് സിസോദിയയുമായും കവിത ഗൂഢാലോചന നടത്തിയെന്നും പകരമായി നേതാക്കൾക്കു 100 കോടി കൈമാറിയെന്നും ഇ.ഡി വെളിപ്പെടുത്തിയിരുന്നു.
ഡല്‍ഹി സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളുടെ കീഴിലായിരുന്ന മദ്യവില്‍പനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള നയം 2021 നവംബര്‍ 17നാണു പ്രാബല്യത്തില്‍ വന്നത്. ലഫ്. ഗവര്‍ണറായി വി.കെ.സക്‌സേന ചുമതലയേറ്റതിനു പിന്നാലെയാണു ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്.
ക്രമക്കേടുണ്ടെന്നു കാട്ടി സിബിഐ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയതോടെ കേസ് റജിസ്റ്റര്‍ ചെയ്തു. വിവാദമായതോടെ കഴിഞ്ഞ വര്‍ഷം ജൂലൈ 31ന് ഈ മദ്യനയം പിന്‍വലിച്ചു.ടെന്‍ഡര്‍ നടപടികള്‍ക്കു ശേഷം ലൈസന്‍സ് സ്വന്തമാക്കിയവര്‍ക്കു സാമ്പത്തിക ഇളവുകള്‍ അനുവദിച്ചുവെന്നതാണ് പ്രധാന ആരോപണം.
സാമ്പത്തിക ഇടപാടുകളുടെ പേരില്‍ ഇ.ഡിയും കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ക്രമക്കേടുകളിലൂടെ ലഭിച്ച 100 കോടിയിലേറെ രൂപ ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി ഉപയോഗിച്ചുവെന്നാണ് ഇ.ഡിയുടെ ആരോപണം. ഇടപാടുകളില്‍ ഭാഗമായിരുന്ന 'സൗത്ത് ഗ്രൂപ്പ്' എന്നു വിശേഷിപ്പിക്കുന്ന വ്യവസായ സംഘത്തില്‍ കെ. കവിതയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.