കസബിന് തൂക്കുകയർ വാങ്ങിക്കൊടുത്ത അഭിഭാഷകൻ; തോൽവിക്ക് പിന്നാലെ ഉജ്വൽ നികം വീണ്ടും പബ്ലിക് പ്രോസിക്യൂട്ടർ

Mail This Article
മുംബൈ∙ ലോക്സഭാ തിരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെ പ്രമുഖ അഭിഭാഷകൻ ഉജ്വൽ നികം സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി തിരികെ ജോലിയിൽ പ്രവേശിച്ചു. 26/11 മുംബൈ ഭീകരാക്രമണം, 1993 മുംബൈ സ്ഫോടന പരമ്പര ഉൾപ്പെടെ പ്രമാദമായ കേസുകളിൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന നികം മുംബൈ നോർത്ത് സെൻട്രൽ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായാണു ജനവിധി തേടിയത്. കോൺഗ്രസിന്റെ വർഷ ഗായ്ക്‌വാഡിനോട് 16,000ൽ പരം വോട്ടുകൾക്കാണു പരാജയപ്പെട്ടത്.
29 കേസുകളിൽ സർക്കാർ അഭിഭാഷകനായിരിക്കെയാണ് അദ്ദേഹം ബിജെപി സ്ഥാനാർഥിയായത്. കേസുകളുടെ ചുമതല ഒഴിഞ്ഞാണ് രാഷ്ട്രീയത്തിൽ സജീവമായത്. എന്നാൽ, പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. തിരഞ്ഞെടുപ്പു പരാജയത്തിനു ശേഷം ബിജെപി നേതാവിനെ പ്രധാനപ്പെട്ട കേസുകളുടെ ചുമതലയിലേക്ക് തിരികെ കൊണ്ടുവരുന്നതു തെറ്റായ സന്ദേശം നൽകുമെന്നും തീരുമാനം സർക്കാർ പുനഃപരിശോധിക്കണമെന്നും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാന പഠോളെ ആവശ്യപ്പെട്ടു.
മുൻപു ചുമതലയുണ്ടായിരുന്ന പല കേസുകളും ഇദ്ദേഹം തിരിച്ചെടുക്കുമെന്നാണു വിവരം. മുംബൈ ഭീകരാക്രമണക്കേസ് വാദിച്ച് പാക്ക് ഭീകരൻ അജ്മൽ കസബിന് തൂക്കുകയർ വാങ്ങിക്കൊടുത്ത അഭിഭാഷകൻ എന്ന പ്രതിച്ഛായയുമായാണ് ബിജെപി അദ്ദേഹത്തെ കളത്തിലിറക്കിയത്. പൂനം മഹാജൻ ആയിരുന്നും മുംബൈ നോർത്ത് സെൻട്രൽ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. ഇവരെ മാറ്റി ഉജ്ജ്വൽ നികത്തെ നിർത്തി ദേശീയവാദ രാഷ്ട്രീയം കൊണ്ടുവരാനാണ് ബിജെപി ശ്രമിച്ചത്. എന്നാൽ ഫലം വന്നപ്പോൾ മുംബൈ മെട്രോപ്പൊളിറ്റൻ മേഖലയിലെ ഏക കോൺഗ്രസ് എംപിയായി വർഷ ജയിക്കുകയായിരുന്നു.
അതേസമയം, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി തിരികെ വരുന്നതിനെ കോൺഗ്രസ് എതിർക്കുന്നത് എന്തിന് എന്ന ചോദ്യമാണ് നികം ഉയർത്തുന്നത്. ‘‘ഇതു കോൺഗ്രസിനെ ബാധിക്കുന്നത് എങ്ങനെയാണ്? ‘‘ഞാനെന്റെ സംസ്ഥാനത്തെയാണ് പ്രതിനിധീകരിക്കുന്നത്. നേരത്തേ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നപ്പോൾ കഴിവിന്റെ 100 ശതമാനവും ഉപയോഗിച്ചിരുന്നു. ഇനിയും അങ്ങനെതന്നെ. ഇത്തരം എതിർപ്പുകൾ ഉയർത്തിയാൽ അവരെ കോടതിയിൽ നേരിടും’’ – നികം കൂട്ടിച്ചേർത്തു.