ലഡാക്കിൽ ഇന്ത്യയുടെ കുന്തമുനയാകാൻ സോറാവാർ ചെറു ടാങ്കുകൾ; ചൈനയ്‌ക്കെതിരെ പ്രതിരോധമൊരുക്കും – വിഡിയോ

Mail This Article
ന്യൂഡൽഹി∙ ഇന്ത്യൻ സേനയ്ക്ക് കരുത്തേകാനൊരുങ്ങി സോറാവാർ ചെറു ടാങ്കുകൾ. പ്രതിരോധ ഗവേഷണ ഏജൻസിയായ ഡിആർഡിഒയും സ്വകാര്യ സ്ഥാപനമായ എൽആൻഡ്ടിയും ചേർന്ന് വികസിപ്പിച്ച തദ്ദേശീയ ചെറു ടാങ്കായ സോറവാറിന്റെ പരീക്ഷണം അവസാന ഘട്ടത്തിലേക്ക് കടന്നു. ഗുജറാത്തിലെ ഹാജിറയിലുള്ള എൽആൻഡ്ടി പ്ലാന്റിലെത്തിയ ഡിആർഡിഒ മേധാവി ഡോ. സമീർ.വി.കാമത്ത് ടാങ്കിന്റെ നിർമാണ പുരോഗതി വിലയിരുത്തി. ടാങ്കിന്റെ ട്രയൽ റണ്ണിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
25 ടൺ മാത്രം ഭാരം വരുന്ന സോറാവാർ ചെറു ടാങ്കുകൾ, രണ്ടു വർഷം കൊണ്ടാണ് രൂപകൽപന ചെയ്ത് ട്രയൽ റണ്ണിന് തയാറാക്കിയത്. ആദ്യ ഘട്ടത്തിൽ പുറത്തിറക്കുന്ന 59 ടാങ്കുകൾ ഉടൻ തന്നെ ഇന്ത്യൻ സേനയുടെ ഭാഗമാകും. ഇതിന് പിന്നാലെ 295 ടാങ്കുകൾ കൂടി പദ്ധതിയുടെ ഭാഗമായി നിർമിക്കും. ഭാരം കുറഞ്ഞവയായതിനാൽ തന്നെ ഒരു സി-17 ക്ലാസ് ട്രാൻസ്‌പോർട് എയർക്രാഫ്റ്റിന് ഒരേസമയം രണ്ട് ടാങ്കുകളെ വരെ വഹിക്കാൻ സാധിക്കും. വലിയ ടാങ്കുകളായ ടി – 72, ടി – 90 എന്നിവയെ അപേക്ഷിച്ച് വേഗത്തിൽ ഓടാനും കുത്തനെയുള്ള കയറ്റങ്ങൾ കയറാനും സോറാവാറിന് കഴിയുമെന്നതാണ് പ്രത്യേകത. ഇതിനു പുറമെ നദികൾ മുറിച്ച് കടക്കാനും സോറാവാറിന് സാധിക്കും.
അടുത്ത 12-18 മാസത്തിനുള്ളിൽ സോറാവാറിന്റെ പരീക്ഷണങ്ങൾ പൂർത്തിയാക്കുമെന്നും അതിന് ശേഷം ടാങ്കുകൾ സേനയുടെ ഭാഗമാകുമെന്നും ഡിആർഡിഒ വ്യക്തമാക്കി. ലഡാക്കിലെ നിയന്ത്രണ രേഖയിൽ ചൈനയ്‌ക്കെതിരെ ഇന്ത്യയുടെ കുന്തമുനയായി സോറാവാർ മാറുമെന്നാണ് പ്രതീക്ഷ.