‘അമ്മ’യുടെ ഓഫിസിൽ ഇരിക്കാൻ യോഗ്യനല്ലെന്ന് അന്ന് ഒപിഎസ്; ഇന്ന് ‘ബഡാ ഭായി’യുടെ സീറ്റ് ഒഴിച്ചിട്ട് അതിഷി
Mail This Article
സ്ഥാനം ഒഴിയുന്ന തന്റെ നേതാവിനായി സീറ്റ് ഒഴിച്ചിടുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ ആവർത്തിക്കുകയാണ്. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ നടപടി. രാജിവച്ച മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തിരിച്ചുവരുമെന്ന സൂചന ബാക്കിവച്ചാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽ കേജ്‌രിവാളിന്റെ കസേര അതിഷി ഇന്ന് ഒഴിച്ചിട്ടത്. തന്റെ ബഡാ ഭായിയാണ് കേജ്‌രിവാളെന്നു പറഞ്ഞ അതിഷി ഡൽഹിയുടെ ഒരേ ഒരു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളാണെന്നാണ് വിശേഷിപ്പിച്ചത്. അടുത്ത തിരഞ്ഞെടുപ്പിൽ എഎപി വീണ്ടും അധികാരത്തിൽ വരുമ്പോൾ കേജ്‌രിവാളായിരിക്കും മുഖ്യമന്ത്രിയെന്നും അതിഷി നേരത്തെ പറഞ്ഞിരുന്നു.
ഇതേ സീറ്റ് ഒഴിച്ചിടൽ നടപടി ഇതിന് മുൻപ് അരങ്ങേറിയത് തമിഴ്നാട്ടിലായിരുന്നു. അന്തരിച്ച മുൻ മുഖ്യമന്ത്രി ജെ.ജയലളിതയുടെ കാലത്ത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് ജയലളിത ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലായ സമയം. അന്ന് അണ്ണാ ഡിഎംകെ മന്ത്രിസഭയെ നയിക്കാൻ അവസരം ലഭിച്ചത് ഒട്ടകര തേവർ പനീർസെൽവം എന്ന ഒപിഎസിനായിരുന്നു. ധനമന്ത്രിയായിരുന്ന ഒപിഎസ്, മുഖ്യമന്ത്രിയായതിനു പിന്നാലെ ജയലളിതയുടെ ഓഫിസിൽ കയറാൻ പോലും തയാറായില്ല. ‘അമ്മ’യുടെ ഓഫിസിൽ തനിക്ക് ഇരിക്കാൻ യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ആ നടപടി.
2014 സെപ്റ്റംബർ 28 മുതൽ 2015 മേയ് 23 വരെ ഒപിഎസ് ജയലളിതയുടെ ഓഫിസ് തന്നെ ഒഴിച്ചിട്ടു. പകരം ധനമന്ത്രിയായിരുന്ന കാലത്തെ സെക്രട്ടേറിയറ്റിലെ തന്റെ ഓഫിസ് മുറിയിലിരുന്ന് അദ്ദേഹം മുഖ്യമന്ത്രിയായി തമിഴ്നാട് ഭരിച്ചു. തന്റെ ഭരണകാലയളവിൽ പൂർണമായും ജയലളിതയ്ക്ക് വിനീതവിധേയനായായിരുന്നു ഒപിഎസ് ഭരണം നടത്തിയത്. ധനമന്ത്രിയായി ബജറ്റ് അവതരിപ്പിക്കാനെത്തിയിരുന്ന ഒപിഎസ്, ജയലളിതയുടെ ചിത്രം പതിച്ച പെട്ടിയുമായി നിയമസഭയിൽ എത്തിയിരുന്നതും അക്കാലത്ത് ചർച്ചയായിരുന്നു.