വാളയാറിലെയും വേലന്താവളത്തെയും മോട്ടർ വാഹന ചെക്പോസ്റ്റുകളിൽ രാത്രിയിൽ വിജിലൻസ് പരിശോധന; പിടികൂടിയത് 70,000 രൂപയിലേറെ

Mail This Article
പാലക്കാട് ∙ വാളയാർ ഈ മാസത്തിൽ മൂന്നാം തവണയും വാളയാറിലും വേലന്താവളത്തും മോട്ടർ വാഹന വകുപ്പ് ചെക്പോസ്റ്റിൽ രാത്രി വിജിലൻസിന്റെ മിന്നൽ പരിശോധന, രാത്രി വൈകിയും പരിശോധന തുടരുന്നുണ്ടെങ്കിലും 12നു ലഭിച്ച വിവരപ്രകാരം 3 ചെക്പോസ്‌റ്റുകളിൽ ഉദ്യോഗസ്‌ഥർ കൈക്കൂലി പണമായി പിരിച്ചെടുത്തു സൂക്ഷിച്ച 70,000 രൂപയിലേറെ പിടികൂടി. രാത്രി 9.30ന് ആരംഭിച്ച പരിശോധന പുലർച്ചെ വരെ തുടരുമെന്നാണ് ഉദ്യോഗസ്‌ഥ സംഘം അറിയിക്കുന്നത്. വാളയാർ ഇൻ, വാളയാർ ഔട്ട്, വേലന്താവളം എന്നീ ചെക്പോസ്‌റ്റുകളിലായിരുന്നു ഇന്നലത്തെ പരിശോധന. ഈ മാസം 11, 12 തീയതികളിലായി നടന്ന വിജിലൻസ് പരിശോധനയിൽ 5 ചെക്പോസ്‌റ്റുകളിൽ നിന്നായി 3,26,980 രൂപ പിടികൂടിയിരുന്നു.
11നു വാളയാറിലെ 2 ചെക്പോസ്റ്റുകളിലും മീനാക്ഷിപുരം, ഗോപാലപുരം, ഗോവിന്ദാപുരം ചെക്പോസ്‌റ്റുകളിലുമായി നടത്തിയ പരിശോധനയിൽ 1,49,490 രൂപയും 13നു വാളയാറിലെ ഇൻ, ഔട്ട് ചെക്പോസ്‌റ്റുകളിലും ഗോപാലപുരം, ഗോവിന്ദാപുരം, നടുപ്പുണി ചെക്പോസ്റ്റുകളിലുമായി നടത്തിയ പരിശോധനയിൽ 1,77,490 രൂപയുമാണ് പിടിച്ചത്. ഇന്നലെ പാലക്കാട് യൂണിറ്റിനൊപ്പം കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്‌ഥരും ചേർന്നായിരുന്നു പരിശോധന. കൈക്കൂലിപ്പണം പിടികൂടുമ്പോൾ വാളയാറിൽ ഒരു എംവിഐയും 3 എഎംവിഐയും ഒരു ഓഫീസ് അസിസ്‌റ്റന്റുമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. വേലന്താവളത്ത് ഒരു എഎ.വിഐയും ഒരു ഓഫീസ് അസിസ്റ്റന്റുമാണ് ഡ്യൂട്ടിക്കുണ്ടായിരുന്നത്.

വിജിലൻസ് പരിശോധന മുന്നിൽ കണ്ട് വാളയാറിൽ ഇന്നലെ മോട്ടർ വാഹന വകുപ്പിലെ ഉദ്യോഗസ്‌ഥരിലൊരാളെ ചെക്പോസ്‌റ്റുകൾക്കു മുന്നിൽ നിരീക്ഷണത്തിന് ഏർപ്പെടുത്തിയായിരുന്നു അകത്തെ മാമൂൽപ്പിരിവ്. എന്നാൽ ലോറി ജീവനക്കാർക്കൊപ്പം മാറി നിന്നു മണക്കൂറുകളോളം നിരീക്ഷിച്ച ശേഷമാണ് വിജിലൻസ് ഉദ്യോഗസ്‌ഥർ മിന്നൽ വേഗത്തിൽ ചെക്പോസ്റ്റിനകത്തേക്ക് കയറി, പരിശോധന നടത്തി പണം പിടിച്ചെടുത്തത് വിജിലൻസ് എസ്‌പി എസ്.ശശികുമാറിന്റെ നിർദേശ പ്രകരം പാലക്കാട് വിജിലൻസ് ഡിവൈഎസ്‌പി എസ്. ഷംസുദ്ദീൻ, കൊച്ചി വിജിലൻസ് ഡിവൈഎസ്‌പി കെ.എ.തോമസ്, ഇൻസ്പെക്ടർമാരായ ഷിജു ടി.എബ്രഹാം, അരുൺപ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന, ഗസറ്റഡ് ഉദ്യോഗസ്ഥരും ടീമിനൊപ്പമുണ്ട്.

നേരത്തെ നടന്ന 2 പരിശോധനകളിലും വിജിലൻസ് കൈക്കൂലി പണം പിടികൂടിയതിന്റെ പശ്‌ചാത്തലത്തിൽ ടാൻസ്പോർട്ട് കമ്മിഷണർ സി.എച്ച്. നാഗരാജു ഈ മാസം 20നു ചെക്പോസ്‌റ്റ് സന്ദർശിച്ചിരുന്നു. അഴിമതി തടയാൻ പദ്ധതികളൊരുക്കുമെന്നും ചെക്‌പോസ്റ്റുകളിൽ കൈക്കൂലിയുമായി പിടിയിലാവുന്ന ഉദ്യോഗസ്‌ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നു മൂന്നറിയിപ്പ് നൽകിയാണ് അദ്ദേഹം മടങ്ങിയത്. ചെക്പോസ്റ്റുകളെ അഴിമതിരഹിതമാക്കാൻ നിരീക്ഷണ ക്യാമറകൾ സ്‌ഥാപിക്കാനും വെർച്വൽ ചെക്പോസ്‌റ്റ് സംവിധാനമൊരുക്കാനും കമ്മിഷണർ തീരുമാനമെടുത്തിരുന്നു. എന്നാൽ ഇതിനു പിന്നാലെയാണ് ട്രാൻസ്പോർട് കമ്മിഷണർ സന്ദർശനം നടത്തി 10 ദിവസം മാത്രം പിന്നിടുമ്പോൾ വിജിലൻസ് പരിശോധനയിൽ വീണ്ടും കൈക്കൂലി പണം പിടികൂടിയത്.