‘ആനകള്‍ തമ്മില്‍ മതിയായ അകലം, വീഴ്ചയുണ്ടെങ്കില്‍ കര്‍ശന നടപടി’: ക്ഷേത്രം സന്ദർശിച്ച് ആർ.കീർത്തി

Mail This Article
കോഴിക്കോട് ∙ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞുണ്ടായ അപകടത്തിൽ 3 പേർ മരിച്ച കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ഭഗവതി ക്ഷേത്രപരിസരം ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍.കീര്‍ത്തി പരിശോധിച്ചു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് രാവിലെ 11 മണിയോടെ വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനു സമര്‍പ്പിക്കുമെന്ന് കീര്‍ത്തി പറഞ്ഞു. എഡിഎമ്മുമായി കൂടിയാലോചിച്ചാണു റിപ്പോര്‍ട്ട് തയാറാക്കുക. വൈകിട്ടോടെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു.
‘‘ആനകള്‍ തമ്മില്‍ ആവശ്യമായ അകലം പാലിച്ചിട്ടുണ്ടെന്നാണു ജീവനക്കാരുടെ മൊഴി. വിശദപരിശോധന നടക്കുകയാണ്. മൊഴികള്‍ രേഖപ്പെടുത്തുന്നുണ്ട്. 2 ആനകളെ എഴുന്നള്ളിക്കാനുള്ള അനുമതി ഉണ്ടായിരുന്നു. നാട്ടാന പരിപാലനച്ചട്ടം ലംഘിച്ചോയെന്നു പരിശോധിക്കും. വീഴ്ച വന്നിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിക്ക് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കും.’’– കീർത്തി പറഞ്ഞു. ക്ഷേത്രത്തിലെ പരിശോധനയ്ക്കു ശേഷം കീർത്തി പരുക്കേറ്റവരെ ആശുപത്രിയിൽ സന്ദര്‍ശിച്ചു.
കുറവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയെ എഴുന്നള്ളിച്ചതിൽ വീഴ്ചയില്ലെന്ന നിഗമനത്തിലാണു ദേവസ്വം ബോർഡ് അധികൃതർ. അപകടമുണ്ടായ സ്ഥലം ഇന്ന് രാവിലെ അധികൃതർ സന്ദർശിച്ചു. ക്ഷേത്ര പരിസരത്ത് പടക്കം പൊട്ടിച്ചിട്ടില്ല. ആളുകളെ നിയന്ത്രിക്കുന്നതിന് വടം ഉൾപ്പെടെ വലിച്ചുകെട്ടിയിരുന്നു. ആനയും ആളുകളും തമ്മിൽ ആവശ്യത്തിന് അകലം പാലിച്ചിരുന്നുവെന്നുമാണ് കരുതുന്നതെന്നും സംഘത്തിലുണ്ടായിരുന്നവർ പറഞ്ഞു.
ഉത്സവ നടത്തിപ്പിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നു ക്ഷേത്ര കമ്മിറ്റി അംഗം സി.ഉണ്ണി പറഞ്ഞു. ‘‘നേരത്തേ 6 ആനകളെ എഴുന്നള്ളിച്ചിരുന്ന ക്ഷേത്രമാണിത്. ഇന്നലെ 2 ആനകൾക്കിടയിൽ മതിയായ അകലം പാലിച്ചിരുന്നു. സാധാരണ മാലപ്പടക്കം മാത്രമാണു പൊട്ടിച്ചത്. എല്ലാ രേഖകളും കയ്യിലുണ്ട്. ഏത് അന്വേഷണവും നേരിടാൻ തയാറാണ്’’– ഉണ്ണി വ്യക്തമാക്കി. അപകടത്തിൽ മരിച്ചവരോടുള്ള ആദരസൂചകമായി കൊയിലാണ്ടി നഗരസഭയിൽ സർവകക്ഷിയോഗം പ്രഖ്യാപിച്ച ഹർത്താൽ ഭാഗികമാണ്. 9 വാർഡുകളിലാണു ഹർത്താൽ. മരിച്ച 3 പേരുടെയും പോസ്റ്റ്‌മോർട്ടം ഇന്നു നടക്കും.
ആനകൾ ഇടഞ്ഞുണ്ടായ അപകടത്തിൽ കുറുവങ്ങാട് വെട്ടാംകണ്ടി താഴെക്കുനി ലീല (65), വടക്കയിൽ അമ്മുക്കുട്ടി അമ്മ (70), വടക്കയിൽ രാജൻ (68) എന്നിവരാണു മരിച്ചത്. 32 പേർക്കു പരുക്കേറ്റു; 8 പേരുടെ നില ഗുരുതരമാണ്. ഇന്നലെ വൈകിട്ട് 6ന് ഉത്സവത്തിനിടെ പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞത്. ക്ഷേത്രത്തിൽ പടക്കം പൊട്ടിച്ച ശബ്ദം കേട്ടു വിരണ്ട പീതാംബരൻ, ഗോകുലിനെ കുത്തി. ഇതോടെ 2 ആനകളും പരിഭ്രാന്തരായി ഉത്സവപ്പറമ്പിലൂടെ ഓടി. സ്ഥലത്തുണ്ടായിരുന്ന ആളുകളും ചിതറിയോടിയപ്പോഴാണു ദുരന്തമുണ്ടായത്. ക്ഷേത്രത്തിന്റെ മേൽക്കൂരയും ദേവസ്വം ഓഫിസും ആനകൾ തകർത്തിരുന്നു.