‘വൻ തിരക്ക്, ആഗ്രഹമുള്ള പലർക്കും പങ്കെടുക്കാൻ പറ്റുന്നില്ല; മഹാകുംഭമേള നീട്ടണം, അപകടം കുറയ്ക്കാം’

Mail This Article
ന്യൂഡൽഹി ∙ പ്രയാഗ്‌രാജിലേക്കു പോകാനെത്തിയവരുടെ തിക്കിലുംതിരക്കിലും ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ 18 പേർ മരിച്ചതോടെ മഹാകുംഭമേളയുടെ സമയപരിധി നീട്ടണമെന്ന ആവശ്യം ചർച്ചയാകുന്നു. സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവാണു കുംഭമേളയുടെ സമയം നീട്ടണമെന്ന് ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടത്. മുൻ റെക്കോർഡുകൾ തകർത്ത ഇത്തവണത്തെ കുംഭമേളയിൽ ഫെബ്രുവരി പകുതിയോടെ 50 കോടിയിലേറെ ഭക്തരാണ് പങ്കെടുത്തത്.
യുഎസിലെയും റഷ്യയിലെയും മൊത്തം ജനസംഖ്യയേക്കാൾ കൂടുതലാണ് ഈ പങ്കാളിത്തം. ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യ ഒത്തുചേരലാണു പ്രയാഗ്‌രാജിലേത് എന്നാണു വിശേഷണം. ഫെബ്രുവരി 14നു മാത്രം 92 ലക്ഷത്തിലേറെ ആളുകൾ ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്തെന്നാണ് ഔദ്യോഗിക കണക്ക്. കുംഭമേളയുടെ ദിവസങ്ങൾ നീട്ടിയാൽ കൂടുതൽ പേർക്കു പങ്കെടുക്കാമെന്നും തിക്കും തിരക്കും മൂലമുള്ള അപകടങ്ങൾ കുറയ്ക്കാമെന്നുമാണ് ഇതിനെ അനുകൂലിക്കുന്നവരുടെ നിലപാട്.
‘‘പലരും മഹാകുംഭമേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ കഴിയുന്നില്ല. വലിയ തിരക്കാണു ദിവസവും അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിൽ, സർക്കാർ സമയം നീട്ടണം’’– അഖിലേഷ് യാദവ് പറഞ്ഞു. പ്രയാഗ്‌രാജിൽ തിക്കിലും തിരക്കിലും പെട്ടുണ്ടായ മരണങ്ങളെ ഭരണകൂടം കുറച്ചുകാണുകയാണെന്നും അദ്ദേഹം ആരോപിച്ചു. കുംഭമേളയിൽ പങ്കെടുക്കുന്നവരുടെ ബാഹുല്യം ഗതാഗതത്തിലും അടിസ്ഥാന സൗകര്യങ്ങളിലും പ്രയാസം സൃഷ്ടിക്കുന്നതായി പലരും പരാതിപ്പെട്ടു. തിരക്കേറിയ ട്രെയിനുകളുടെയും റോഡുകളുടെയും തീർഥാടകരുടെ നീണ്ട നിരയുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു.
ഈ ആഴ്ചയുടെ തുടക്കത്തിൽ, യാത്രക്കാരുടെ തിരക്ക് കാരണം പ്രയാഗ്‌രാജ് സംഗം റെയിൽവേ സ്റ്റേഷൻ താൽക്കാലികമായി അടച്ചിട്ടിരുന്നു. കുംഭമേള അവസാന ദിവസങ്ങളിലേക്ക് അടുക്കുമ്പോൾ തിരക്കു ക്രമാതീതമായി കൂടുമെന്നാണു വിലയിരുത്തൽ. എന്നാൽ, കുംഭമേള നീട്ടുമെന്ന പ്രചാരണം പ്രയാഗ്‌രാജ് ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാർ മന്ദദ് നിഷേധിച്ചു. ‘‘മഹാകുംഭമേളയുടെ അവസാന തീയതി ഫെബ്രുവരി 26 ആണ്. മറ്റുള്ളവയെല്ലാം അഭ്യൂഹമാണ്. സർക്കാരിൽനിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിക്കുംവരെ, ഇത്തരം പ്രചാരണങ്ങൾ ശ്രദ്ധിക്കരുത്’’– രവീന്ദ്ര കുമാർ പറഞ്ഞു. ജനുവരി 13ന് ആരംഭിച്ച മഹാകുംഭമേള ശിവരാത്രി ദിനമായ ഫെബ്രുവരി 26നാണ് സമാപിക്കുക.