ഇസ്രയേൽ സ്വദേശിനിക്കു പീഡനം, ആക്രമണം: കൂട്ടത്തോടെ ഹംപി വിട്ട് വിദേശസഞ്ചാരികൾ

Mail This Article
ബെംഗളൂരു ∙ ഇസ്രയേൽ സ്വദേശിനിയും ഹോംസ്റ്റേ നടത്തിപ്പുകാരിയും പീഡിപ്പിക്കപ്പെട്ടതിനു പിന്നാലെ ഹംപിയിൽനിന്നു വിനോദസഞ്ചാരികൾ കൂട്ടത്തോടെ കൊഴിഞ്ഞുപോകുന്നു. മേഖലയിലെ 25 ഹോംസ്റ്റേകളിലായി താമസിച്ചിരുന്ന 90 ശതമാനം വിദേശ വിനോദസഞ്ചാരികളും ഹംപി വിട്ടു. വരും ദിവസങ്ങളിലെ ബുക്കിങ്ങും റദ്ദാക്കുന്നുണ്ടെന്ന് സംസ്ഥാനത്തെ ടൂറിസ്റ്റ് ഗൈഡ് അസോസിയേഷൻ സെക്രട്ടറി വിരുപാക്ഷി പറഞ്ഞു.
ലോക വിനോദസഞ്ചാര ഭൂപടത്തിൽ ഇടം നേടിയ ഹംപിയിൽ പ്രതിവർഷം ഒരു ലക്ഷത്തിലേറെ വിദേശ വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. അതിൽ 60 ശതമാനം പേർ ഇസ്രയേലിൽ നിന്നാണെന്നു കണക്കുകൾ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച രാത്രിയാണ് പ്രദേശവാസികളായ 3 യുവാക്കൾ, വിനോദസഞ്ചാരി സംഘത്തിലെ 3 പുരുഷന്മാരെ തുംഗഭദ്ര കനാലിലേക്കു തള്ളിയിട്ട ശേഷം യുവതികളെ പീഡിപ്പിച്ചത്.
കനാലിലേക്കു വീണ ഒഡീഷ സ്വദേശിയുടെ മൃതദേഹം പിന്നീട് കണ്ടെത്തിയിരുന്നു. പീഡിപ്പിച്ച 3 യുവാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ വർധിപ്പിച്ചു.