‘കേന്ദ്ര ഇൻസെന്റീവ് കൂട്ടാൻ പറയാത്തതു ഗൂഢാലോചന; ആശാ വര്‍ക്കര്‍മാര്‍ക്ക് ഇരട്ടത്താപ്പ്’

Mail This Article
തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് ഇരട്ടത്താപ്പാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സംസ്ഥാന സർക്കാർ നൽകുന്ന ഓണറേറിയം വർധിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കുന്ന സമരക്കാർ കേന്ദ്ര ഇൻസെന്റീവ് കൂട്ടണമെന്നു പറയാത്തതു ഗൂഢാലോചനയാണെന്നും മന്ത്രി പറഞ്ഞു.
ഇടതുപക്ഷ സര്‍ക്കാരാണ് ആദ്യമായി ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം പ്രഖ്യാപിച്ചതും വലിയ രീതിയില്‍ ഓണറേറിയം വര്‍ധിപ്പിച്ചതും. കഴിഞ്ഞ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആശമാരുടെ ഓണറേറിയം പ്രതിമാസം 1000 രൂപ ആയിരുന്നു. അതിനുശേഷം 1500 രൂപയില്‍ തൂടങ്ങി 7000 രൂപ എന്ന നിലയിലേക്കാണ് പ്രതിമാസ ഓണറേറിയം എല്‍ഡിഎഫ് സര്‍ക്കാര്‍ വർധിപ്പിച്ചത്. കേന്ദ്രം നിശ്ചയിച്ച ഫിക്സഡ് ഇൻസെന്റീവ് 3,000 രൂപയിൽ 1,800 രൂപ കേന്ദ്രവും 1,200 രൂപ സംസ്ഥാനവുമാണ് നൽകുന്നത്.
ആശാ വർക്കർമാർക്ക് 7,000 രൂപ മാത്രമാണ് ലഭിക്കുന്നതെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. നിശ്ചിത നിബന്ധനകൾ പ്രകാരം ജോലിചെയ്യുന്ന ആശാവർക്കർമാർക്ക് ടെലിഫോൺ അലവൻസ് ഉൾപ്പെടെ ആകെ 13,200 രൂപ ലഭിക്കുന്നുണ്ട്, അതിൽ 10,000ത്തോളം രൂപ സംസ്ഥാന വിഹിതമാണ്. എന്നിട്ടും സമരക്കാർ യുഡിഎഫ് നേതാക്കളെയും ഇൻസെന്റീവ് വർധിപ്പിക്കാൻ തയാറല്ലാത്ത കേന്ദ്രസർക്കാർ പ്രതിനിധികളായ ബിജെപി നേതാക്കളെയും കൈനീട്ടി സ്വീകരിക്കുന്നത് ഇരട്ടത്താപ്പ് വ്യക്തമാക്കുന്നു. സംസ്ഥാന ആരോഗ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാൻ പോയതുമായി ബന്ധപ്പെട്ടുള്ള പ്രസ്താവനയിൽ ഇതു വ്യക്തമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.