ചെങ്ങറ സുരേന്ദ്രൻ, കെ.ഇ.ഇസ്മായിൽ...; നേതാക്കളെ തലങ്ങുംവിലങ്ങും വെട്ടി, സിപിഐയിൽ ചേരിപ്പോരോ?

Mail This Article
തിരുവനന്തപുരം ∙ സിപിഐയില്‍ ഇതു നടപടിക്കാലം. സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ മുന്‍ എംപി ചെങ്ങറ സുരേന്ദ്രനെ ഒരു വര്‍ഷത്തേക്കു പാര്‍ട്ടിയില്‍നിന്നു സസ്പെന്‍ഡ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് മുതിര്‍ന്ന നേതാവ് കെ.ഇ.ഇസ്മായിലിന് എതിരെ നടപടിക്കു തീരുമാനമായത്. ഇസ്മായിലിനെ ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യാനാണ് സിപിഐ എക്സിക്യൂട്ടീവിലെ തീരുമാനം.
ഏറെ അടുപ്പമുണ്ടായിരുന്ന എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി പി.രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഇസ്മായില്‍ നടത്തിയ വൈകാരിക പ്രതികരണം പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. പലപ്പോഴും ഇസ്മായിലിന്റെ പരസ്യപ്രതികരണങ്ങള്‍ പാര്‍ട്ടി നേതൃത്വത്തെ അലോസരപ്പെടുത്തിയിരുന്നു. പട്ടാമ്പിയില്‍നിന്ന് 3 തവണ എംഎല്‍എയായ നേതാവാണ് ഇസ്മായില്‍. 1996-2001 കാലഘട്ടത്തില്‍ റവന്യു മന്ത്രിയുമായിരുന്നു.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി അംഗമായിരിക്കെ ദേവസ്വം വക സ്കൂളില്‍ മകള്‍ക്ക് ജോലി നല്‍കാമെന്ന് പറഞ്ഞ് കണ്ണൂര്‍ സ്വദേശിയില്‍നിന്ന് 20 ലക്ഷം രൂപ വാങ്ങിയെന്നാണു ചെങ്ങറ സുരേന്ദ്രനെതിരായ പരാതി. എന്നാല്‍ ജോലി നല്‍കുകയോ പണം തിരിച്ചു നല്‍കുകയോ ചെയ്തില്ലെന്ന ആക്ഷേപത്തിലാണു നടപടി ഉണ്ടായത്. സിപിഐ സംസ്ഥാന സെക്രട്ടറിക്കു ബിനോയ് വിശ്വത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് യോഗം ചേര്‍ന്ന് സുരേന്ദ്രന്റെ വിശദീകരണം തള്ളിയാണു നടപടി സ്വീകരിച്ചത്. ഇതിനു തൊട്ടടുത്ത ദിവസമാണ് മുതിര്‍ന്ന നേതാവ് കെ.ഇ.ഇസ്മയില്‍ നടപടിക്കു വിധേയനായത്. നടപടിയെക്കുറിച്ച് ഔദ്യോഗിക അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും കമ്യൂണിസ്റ്റുകാരനായി തുടരുമെന്നും ഇസ്മായില്‍ പ്രതികരിച്ചു.
സിപിഎമ്മിലെ വിഎസ്-പിണറായി പോരിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ സിപിഐയില്‍ കാനം-ഇസ്മായില്‍ വിഭാഗങ്ങള്‍ തമ്മില്‍ നിലനിന്നിരുന്ന ചേരിപ്പോരിന് 2022ലെ വിജയവാഡ സമ്മേളനത്തോടെയാണ് ഏറക്കുറെ തിരശീല വീണത്. ദേശീയ കൗണ്‍സിലില്‍ പ്രായപരിധിയില്‍ ആര്‍ക്കും ഇളവു നല്‍കേണ്ടതില്ലെന്ന തീരുമാനം വന്നതാണ് ഇസ്മായിലിനു തിരിച്ചടിയായത്. ദേശീയ സമിതികളില്‍നിന്ന് ഇസ്മായില്‍ മാറിയതോടെ കേരളത്തിലെ സിപിഐ രാഷ്ട്രീയത്തില്‍ ഇസ്മായില്‍ പക്ഷം ഇല്ലാതായി. വിവിധ സമിതികളില്‍ തന്റെ പക്ഷക്കാരെ എത്തിച്ച് കാനം രാജേന്ദ്രന് പിടിമുറുക്കി. ഇസ്മായില്‍ ഒഴിഞ്ഞതിനു പകരം പ്രകാശ് ബാബു ദേശീയ നിര്‍വാഹകസമിതിയില്‍ എത്തി.
പ്രായപരിധിയുടെ പേരില്‍ ഒഴിവാക്കപ്പെട്ട കെ.ഇ.ഇസ്മായില്‍, സി.ദിവാകരന്, പന്ന്യന്‍ രവീന്ദ്രന് എന്നിവര്‍ ജില്ലാ ഘടകങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനാണ് സംസ്ഥാന നിര്‍വാഹകസമിതി നിര്‍ദേശിച്ചത്. ഇതോടെ ഇസ്മായില്‍ പാലക്കാട് ജില്ലാ ഘടകത്തിന്റെ ഭാഗമായി. ഇപ്പോള്‍ പാലക്കാട് ജില്ലാ കൗണ്‍സിലിലെ ക്ഷണിതാവ് മാത്രമാണ്. പ്രവര്‍ത്തനമണ്ഡലം പാലക്കാട് ആയി ചുരുങ്ങിയെങ്കിലും ഇസ്മായിലിന്റെ ചില നീക്കങ്ങളില്‍ ജില്ലാ, സംസ്ഥാന നേതാക്കള്‍ക്കുള്ള അതൃപ്തി തുടര്‍ന്നിരുന്നു. 2023ല്‍ പാര്‍ട്ടി ജില്ലാ ഘടകം അറിയാതെ ഇസ്മായിലിന്റെ ജന്മദിനാഘോഷം പാലക്കാട്ട് സംഘടിപ്പിച്ചത് വിവാദമായി. മുതിര്‍ന്ന നേതാക്കളായിരുന്ന അച്യുതമേനോനും പി.കെ.വാസുദേവന്‍ നായരും വെളിയം ഭാര്ഗവനുമൊന്നും ജന്മദിനം ആഘോഷിച്ചിട്ടില്ലെന്നും അത് കമ്യൂണിസ്റ്റ് ശൈലി അല്ലെന്നും വിര്ശനമുയര്ന്നു.
പല വിഷയങ്ങളില്‍ പരസ്യമായി പ്രതികരിക്കുന്നതിനാല്‍ ഇസ്മായിലിന് എതിരെ നടപടി വേണമെന്ന് പാലക്കാട് ജില്ലാ നേതൃത്വം ആവശ്യമുന്നയിച്ചു. ഇസ്മായിലിനെ ജില്ലാ കൗണ്‍സിലില്‍ പ്രത്യേക ക്ഷണിതാവാക്കിയെങ്കിലും രണ്ടര വര്‍ഷത്തിനിടയില്‍ രണ്ടുതവണ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. പാര്‍ട്ടി വിമതരുടെ സംഘടനയായ സേവ് സിപിഐ ഫോറത്തെയും വിഭാഗീയതയും പ്രോത്സാഹിപ്പിക്കുന്നു, പരസ്യ പ്രസ്താവനകള്‍ നടത്തുന്നു എന്നതൊക്കെയായിരുന്നു ജില്ലാ കമ്മിറ്റിയുടെ പരാതി. സേവ് സിപിഐ ഫോറം പ്രവര്‍ത്തനം ഊര്‍ജിതമാക്കിയതോടെ വിഷയം ഗൗരവത്തിലെടുത്ത് സംസ്ഥാന നേതൃത്വം ഇസ്മായിലിന് കാരണം കാണിക്കല്‍ നോട്ടിസ് നല്കി.
പാലക്കാട് കേന്ദ്രീകരിച്ച് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സമാന്തര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും മറ്റു ജില്ലകളിലേക്കു കൂടി അതു വ്യാപിപ്പിക്കാന്‍ ശ്രമം നടക്കുന്നതായും വിലയിരുത്തിയാണ് ഈ നീക്കം. പാര്‍ട്ടി തിരുവനന്തപുരം ജില്ലാ നേതൃത്വത്തെ അറിയിക്കുക പോലും ചെയ്യാതെ, അന്തരിച്ച മുതിര്‍ന്ന നേതാവ് എന്‍.ഇ.ബാലറാമിന്റെ ഭാര്യയെ ഇസ്മായിലും സി.എന്‍.ചന്ദ്രനും ചേര്‍ന്ന് വീട്ടില്‍ പോയി ആദരിച്ചത് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനത്തിന് ഇടയാക്കി. വിഷയങ്ങള്‍ വിശദീകരിച്ച് അദ്ദേഹം പാര്‍ട്ടി കേന്ദ്ര കമ്മിറ്റിക്കു കത്തയച്ചു. ഇസ്മായിലിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും കത്ത് ചര്‍ച്ച ചെയ്ത കേന്ദ്രകമ്മിറ്റി ഇസ്മായിലിനെതിരെ നടപടിയില്ലെന്നും എന്നാല്‍ അദ്ദേഹം ജില്ലാ കൗണ്‍സിലിനു വിധേയമായി പ്രവര്‍ത്തിക്കണമെന്നും തീരുമാനിച്ചു. തുടര്‍ന്ന് 2024 ഒക്ടോബറില്‍ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇസ്മായില്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തിരുന്നു.