‘അധികാരത്തിൽ എത്തുന്ന കാലത്ത് പാർട്ടിയെ നയിക്കാനുള്ള അവസരം’: രാജീവ് ചന്ദ്രശേഖർ ഇനി ബിജെപി സംസ്ഥാന പ്രസിഡന്റ്

Mail This Article
തിരുവനന്തപുരം ∙ ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖർ അധികാരമേറ്റു. കേരളത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഔദ്യോഗിക പ്രഖ്യാപനം നടത്തി.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കേരളത്തിലെ ബിജെപിക്ക് വൻ വളർച്ച ഉണ്ടാക്കാൻ സാധിച്ചതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് സ്ഥാനം ഒഴിഞ്ഞ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. സ്ത്രീകൾക്കും പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവർക്കും പാർട്ടി ഭരണച്ചുമതലകളിൽ വലിയ രീതിയിലുള്ള പ്രാതിനിധ്യം നൽകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘‘കൈനനയാതെ മീൻ പിടിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. അതിനാൽ തന്നെ ബിജെപിയുടെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഗുണം കോൺഗ്രസ് സ്വന്തമാക്കിയിരുന്നു. എന്നാൽ ആ നിലപാടിൽനിന്നു മാറ്റം കൊണ്ടുവന്നതോടെയാണ് പാർട്ടിയുടെ വളർച്ചയ്ക്ക് കരുത്തായത്. ബിജെപി കേരളത്തിൽ അധികാരത്തിൽ എത്തുന്ന കാലത്ത് പാർട്ടിയെ നയിക്കാനുള്ള അവസരമാണ് രാജീവ് ചന്ദ്രശേഖറിന് ലഭിച്ചിരിക്കുന്നത്.’’– സുരേന്ദ്രൻ പറഞ്ഞു.