‘സംഘടനകൊണ്ട് ശക്തരാവുക, പ്രയത്നം കൊണ്ട് സമ്പന്നരാവുക’: വരവറിയിച്ച് രാജീവിന്റെ കുറിപ്പ്

Mail This Article
തിരുവനന്തപുരം∙ ബിജെപി സംസ്ഥാന പ്രസിഡന്റായി പ്രഖ്യാപിക്കപ്പെടുന്നതിനു മുന്നോടിയായി ശ്രീനാരായണ ഗുരുവിന്റെ പ്രശസ്ത വാചകം പങ്കുവച്ച് മുൻകേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ‘‘വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടനകൊണ്ട് ശക്തരാവുക, പ്രയത്നം കൊണ്ട് സമ്പന്നരാവുക’’ എന്ന വാക്യമാണ് മലയാളത്തിലും ഇംഗ്ലിഷിലുമായി രാജീവ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. എല്ലാ തിങ്കാളാഴ്ചകളിലും പതിവുള്ള ഇന്നത്തെ ചിന്താവിഷയമായി അവതരിപ്പിച്ച കുറിപ്പിനൊപ്പം ഗുരുവിന്റെ ചിത്രവുമുണ്ട്.
മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കു പിന്നാലെ അവസാന നിമിഷവും സസ്പെൻസ് നിലനിർത്തിയാണു ദേശീയ നേതൃത്വത്തിന്റെ അപ്രതീക്ഷിത നോമിനിയായി രാജീവ് ചന്ദ്രശേഖർ പ്രസിഡന്റാകുന്നത്. ഇന്നു 11ന് സംസ്ഥാന കൗൺസിൽ യോഗത്തിൽ വരണാധികാരിയായ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഔദ്യോഗിക പ്രഖ്യാപനം നടത്തും. കേരളത്തിന്റെ പ്രഭാരിയായ പ്രകാശ് ജാവഡേക്കർ ഇന്നലെ ചേർന്ന കോർകമ്മിറ്റി യോഗത്തിലാണ് കേന്ദ്രനേതൃത്വത്തിന്റെ നോമിനി രാജീവ് ചന്ദ്രശേഖർ ആണെന്ന് അറിയിച്ചത്. തുടർന്ന് അധ്യക്ഷസ്ഥാനത്തേക്കു രാജീവ് നാമനിർദേശ പത്രിക നൽകി. പ്രധാന നേതാക്കളെല്ലാം പിന്തുണച്ച് ഒപ്പിട്ട പത്രികയാണു സമർപ്പിച്ചത്.
രാവിലെ 11ന് കോർകമ്മിറ്റി യോഗം ആരംഭിച്ചപ്പോഴും എംടി.രമേശിനും ശോഭ സുരേന്ദ്രനും സാധ്യതകൾ കൽപിച്ചും കെ.സുരേന്ദ്രൻ തുടരുമെന്നും ഉള്ള ചർച്ചകളാണു നിറഞ്ഞത്. യോഗത്തിനു തൊട്ടുമുൻപ് പ്രകാശ് ജാവഡേക്കറും സഹപ്രഭാരി അപരാജിതാ സാരംഗിയും നേതാക്കളെ പ്രത്യേകം കാണുന്നതിനു താൽപര്യമറിയിച്ചു. ഓരോരുത്തരോടും രാജീവ് ചന്ദ്രശേഖറിനെക്കുറിച്ചുള്ള അഭിപ്രായവും അദ്ദേഹം നേതൃത്വത്തിലേക്ക് വന്നാലുണ്ടാകുന്ന മാറ്റത്തെക്കുറിച്ചും സംസാരിച്ചു. അതിനു ശേഷമായിരുന്നു കോർകമ്മിറ്റി യോഗത്തിലെ പ്രഖ്യാപനം. കേരള നേതൃത്വത്തിനു രാജീവിന്റെ വരവ് അപ്രതീക്ഷിതമാണ്. സംസ്ഥാന നേതാക്കളിൽനിന്ന് ഒരാളെ തീരുമാനിച്ചാൽ ഇവിടെയുള്ള ഗ്രൂപ്പ് തർക്കം തുടരുമെന്നും പുതിയ നേതാവു വേണമെന്നും കേരളത്തിന്റെ സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന ദേശീയ ജനറൽ സെക്രട്ടറി റിപ്പോർട്ട് നൽകിയിരുന്നു.