ADVERTISEMENT

പത്തനംതിട്ട∙ ക്ഷമിക്കണം, അൽപം നേരത്തെ പൂക്കേണ്ടി വരുന്നു. എന്നു സ്വന്തം കണിക്കൊന്ന. വിഷു എത്തും മുൻപേ കൊന്ന പൂക്കുന്നതിനു പിന്നിൽ കാലാവസ്ഥാ മാറ്റത്തിന്റെ കാണാക്കരങ്ങളില്ലേ എന്ന് ശാസ്ത്രലോകം നേരത്തെ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ മറ്റു ചില കാരണങ്ങളും ഇതിനു പിന്നിലുണ്ടാകാമെന്ന് ഗവേഷകർ. കൊന്ന പൂക്കുന്നത് പകലും രാവും തുല്യമായി വരുമ്പോഴാണ്. അത് കൃത്യമായി മാർച്ച് 21നായിരുന്നു. മരത്തിനുള്ളിലെ ക്രോണോ ബയോളജിക്കൽ ക്ലോക്ക് മണി മുഴക്കുമ്പോൾ മരത്തിന് പൂക്കാതിരിക്കാൻ കഴിയുമോ. അപ്പോൾ മാർച്ച് അവസാനമാകുമ്പോഴേ കൊന്നയെല്ലാം പൂത്തുലയും. 

വിഷുവെന്നാൽ തുല്യമെന്നാണർഥം. രാവും പകലും തുല്യമായി വരുന്ന ദിവസമായിരുന്നു വിഷു. ആ ദിനമായിരുന്നു മേടം ഒന്ന്. ഏകദേശം 2800 വർഷം മുമ്പ് പകലും രാത്രിയും തുല്യമാകുന്നത് മേടം ഒന്നിനായിരുന്നു എന്ന് സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ മുൻ മേധാവി ഡോ.ജോർജ് വർഗീസ് നിരീക്ഷിച്ചു. ആ ദിവസം ക്രമേണ മുന്നോട്ടു മാറി വന്ന് ഇപ്പോൾ മാർച്ചിലായിരിക്കുന്നു. ഭൂമിയുടെ അച്ചുതണ്ടിനും ഒരു കറക്കമുണ്ട്. 26,000 വർഷമാണ് ഒരു വട്ടം അച്ചുതണ്ട് കറങ്ങാൻ എടുക്കുന്നത്. ഈ കറക്കം മൂലമാണ് തീയതി മാറ്റം. ആര്യഭടൻ തുടങ്ങിയ പ്രാചീന ജ്യോതിശാസ്ത്ര പണ്ഡിതർക്ക് ഇതറിയാമായിരുന്നു. എന്നാൽ ചടങ്ങുകൾ ക്ലിപ്ത ദിവസം തന്നെ നടക്കുന്നതാണ് സൗകര്യപ്രദമെന്നുള്ളതു കൊണ്ട് വിഷുവിന്റെ ആഘോഷം ആരും നേരത്തെയാക്കിയില്ല– ഡോ.ജോർജ് പറഞ്ഞു.

മേടം പത്തിനും ചില പ്രത്യേകതകൾ കൽപ്പിച്ചിട്ടുണ്ട്. പകലും രാത്രിയും തുല്യമായി വന്നതിനു ശേഷം ഉദയാസ്തമയ സ്ഥാനം ദിവസേന മാറുന്നു. ഒൻപതു ദിവസത്തെ മാറ്റത്തിനു ശേഷം പത്താമത്തെ ഉദയം നടക്കുന്ന ദിനമാണ് മേടം പത്തിലെ പത്താമുദയമായി ആചരിച്ചിരുന്നത്. കൃഷിയിറക്കാനും ശുഭകർമങ്ങൾക്കും പത്താമുദയ ദിവസം നല്ലതാണെന്നു കരുതുന്നു. സംസ്ഥാന പുഷ്പമായ കണിക്കൊന്നയുടെ പൂവ് കുറെ ദിവസങ്ങൾ നിൽക്കുന്നതു കൊണ്ട് വിഷുവിനു പൂവിന്റെ ക്ഷാമം നേരിടില്ല.

English Summary:

Vishu and Kanikonna: Early Kanikkonna blooms in Kerala raise questions about climate change and the equinox. Learn about the history of Vishu, its astronomical significance, and the connection to Medam 10.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com