പാരഷൂട്ട് വിടർന്നില്ല; പറന്നിറങ്ങിയത് മരണത്തിലേക്ക്
Mail This Article
പട്ടായ (തായ്‌ലൻഡ്) ∙ ത്രീ, ടു, വൺ, സീ യാ! വിഡിയോയിൽ നോക്കി പറഞ്ഞശേഷം ബ്രിട്ടിഷ് സ്കൈ ജംപർ നാഥി ഒഡിസൻ (33) 29 നില കെട്ടിടത്തിനു മുകളിൽ നിന്നു ചാടി. പക്ഷേ, പാരഷൂട്ട് വിടർന്നില്ല. മരണത്തിലേക്കുള്ള ആ കൗണ്ട് ഡൗണിനൊടുവിൽ പട്ടായയിലെ തെരുവിൽ നാഥിക്ക് ദാരുണാന്ത്യം. ലോകത്തിന്റെ പലഭാഗങ്ങളിൽ അയ്യായിരത്തിലേറെ ആകാശച്ചാട്ടം നടത്തിയ നാഥി ഒഡിസൻ മരണത്തിനു തൊട്ടുമുൻപ് ഇൻസ്റ്റയിൽ പങ്കുവച്ച ദൃശ്യം ദാരുണമായ കാഴ്ചയായി.
പട്ടായയിലെ ബാങ്ങ് ലാമുങ് ജില്ലയിലെ കോണ്ടോ റിസോർട്ട് കെട്ടിടത്തിനു മുകളിൽനിന്നു വിഡിയോ ചിത്രീകരിക്കാൻ ചാടുമ്പോൾ, പാരഷൂട്ട് വിടർത്താൻ ഉപയോഗിക്കുന്ന ചരട് സ്ട്രാപ്പിൽ കുടുങ്ങിയത് ശ്രദ്ധിച്ചില്ല. അതിവേഗം താഴേക്കു പതിച്ച നാഥി മരച്ചില്ലയിലിടിച്ച് നടപ്പാതയിലേക്ക് വീണു. തൽക്ഷണം മരിച്ചു.
യുകെയിലെ കേംബ്രിജ്ഷെർ സ്വദേശിയായ നാഥി ഇതേ കെട്ടിടത്തിനു മുകളിൽ നിന്നു കുറച്ചു ദിവസം മുൻപ് ചാടിയിരുന്നു. അവസാനദൃശ്യത്തിൽ പാരഷൂട്ട് തുറക്കുന്നതിനുള്ള റിലീസ് ലൈൻ കുടുങ്ങിയത് വ്യക്തമാണെന്നും ആകാശച്ചാട്ടത്തിന്റെ അടിസ്ഥാനപാഠത്തിലുള്ള അശ്രദ്ധ അപകടകാരണമായെന്നും വിദഗ്ധർ പ്രതികരിച്ചു. സുഹൃത്ത് മറ്റൊരു കെട്ടിടത്തിൽ നിന്നു ചിത്രീകരിച്ച വിഡിയോ പൊലീസ് തെളിവിനായി ശേഖരിച്ചു. സ്കൈ ഫൊട്ടോഗ്രഫി കമ്പനി നടത്തിയിരുന്ന നാഥി ഒട്ടേറെ ഇടപാടുകാരെ വിജയകരമായി ആകാശച്ചാട്ടം നടത്തിച്ചിട്ടുമുണ്ട്.