രുചികരമായ ചെട്ടിനാട് ചിക്കൻ ഫ്രൈ: ലക്ഷ്മി നായർ
Mail This Article
സവിശേഷമായ സ്വാദുള്ള വിഭവങ്ങൾ ചെട്ടിനാട് പാചകത്തിന്റെ പ്രത്യേകതയാണ്. രുചികരമായ ചിക്കൻ ഫ്രൈ തയാറക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- ഇഞ്ചി പേസ്റ്റ് – 1 ½ ടേബിൾ സ്പൂൺ
- വെളുത്തുള്ളി പേസ്റ്റ് – 1 ½ ടേബിൾ സ്പൂൺ
- കശ്മീരി മുളകുപൊടി– 1 ½ ടേബിൾ സ്പൂൺ
- ഗരം മസാല പൊടി – 1 ടീസ്പൂൺ
- കോണ്‍ഫ്ളവർ – 2 ടേബിൾ സ്പൂൺ
- കടലമാവ് – 1 ടേബിൾ സ്പൂൺ
- അരിപ്പൊടി – 1 ടേബിള്‍ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- മുട്ട – 1 എണ്ണം
- ചിക്കൻ – 30 കഷണങ്ങൾ
- റിഫൈൻഡ് ഓയിൽ
- സവാള – 1 എണ്ണം
- പച്ചമുളക് – 2 എണ്ണം
- കടുക് – 1 ടീസ്പൂൺ
- കശ്മീരി മുളകു പൊടി – ½ – ¾ ടീ സ്പൂൺ
തയാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് ഒന്നര ടേബിൾ സ്പൂൺ വീതം ഇഞ്ചി –വെളുത്തുള്ളി അരച്ചതും, ഒന്നര ടേബിള്‍ സ്പൂൺ പിരിയൻ മുളകിന്റെ പൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടീസ്പൂൺ ഗരം മസാല പൊടി, 2ടേബിൾ സ്പൂൺ കോൺഫ്ലവർ, ഒരു ടേബിൾ സ്പൂൺ കടലമാവ്, ഒരു ടേബിള്‍ സ്പൂൺ അരിപ്പൊടി (വറുത്ത പൊടി വേണമെന്ന് നിർബന്ധമില്ല), ആവശ്യത്തിന് ഉപ്പും ഒരു മുട്ട പൊട്ടിച്ചതും ചേർത്ത് നന്നായി മിക്സ്ചെയ്ത് ഇതിലേക്ക് ചിക്കന്റെ കഷണങ്ങൾ ഇട്ട് മാരിനേറ്റ് ചെയ്യുക. അഞ്ചു മിനിറ്റ് ഇങ്ങനെ തിരുമ്മി പിടിപ്പിക്കുക. ഇനി ഈ പാത്രം ഒരു ക്ലിങ് ഫിലിം കൊണ്ട് കവർ ചെയ്ത് 2മണിക്കൂർ നേരം ഫ്രിഡ്ജിന്റെ താഴത്തെ തട്ടിൽ വയ്ക്കുക. ഫ്രൈ ചെയ്യുന്നതിന് അരമണിക്കൂർ നേരം മുൻപ് എടുത്ത് പുറത്തു വച്ച് തണുപ്പുമാറ്റി ഫ്രൈ ചെയ്യുക.
ഒരു ഫ്രൈ പാനിൽ ചിക്കൻ മുങ്ങിക്കിടക്കാൻ ആവശ്യമായ എണ്ണ ഒഴിച്ച് നന്നായി ചൂടാക്കി തീ അല്പം കുറച്ചശേഷം ചിക്കൻ കഷണങ്ങള്‍ ഇട്ട് വറുത്തു കോരുക. ചിക്കൻ ഇട്ട് ഉടനെ ഇളക്കരുത്. ചിക്കൻ എണ്ണയിൽ ഒരു വിധമൊന്നു സെറ്റായശേഷം മറിച്ചിടുക. ഒരു വിധം മൊരിഞ്ഞുവരുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് കോരി മാറ്റുക.
രണ്ടു ചെറിയ സവോളയും ഒരു പച്ചമുളകും കീറിയിട്ടതും കൂടി മറ്റൊരു ഫ്രൈ പാനിൽ ചിക്കൻ വറുത്ത അതേ എണ്ണയും ഒഴിച്ച് സവാളയും പച്ചമുളകും കൂടി വഴറ്റുന്നു ഇതിലേക്ക് അര– മുക്കാൽ ടീ സ്പൂൺ കശ്മീരി മുളകുപൊടിയും അല്പം ഉപ്പും ചേർത്ത് നന്നായി മൂപ്പിച്ച് വറുത്ത വച്ചിരിക്കുന്ന ചിക്കന്റെ മേലെ അലങ്കരിക്കുക.
English Summary: Chettinadu Chicken Fry, Lekshmi Nair Vlog