ADVERTISEMENT

ആനുകാലിക സംഭവങ്ങളും ഭക്ഷണവുമായി എന്തെങ്കിലും ബന്ധമുണ്ടോ?  ഭക്ഷണശാലയുടെ പരസ്യത്തിലും ട്രോൾ പരീക്ഷിച്ചിരിക്കുകയാണ് തലശേരിയിലെ ലാഫെയർ എന്ന ഹോട്ടൽ. തൊട്ടാൽ പൊളിയുന്ന കൺസ്ട്രക്ഷൻ, പാലാരിവട്ടം പുട്ട് എന്നാണ് തങ്ങളുടെ പുട്ടിന് നൽകിയ വിശേഷണം. ഇവിടുത്തെ നെയ്റോസ്റ്റിനെക്കുറിച്ച് പറയുകയാണെങ്കിൽ മരട് നെയ്‌റോസ്റ്റെന്നാണ് പേര്, നൽകിയ വിശേഷണം ഇങ്ങനെ, ‘പൊളിക്കാനായി പണിഞ്ഞത്, പൊളി ബ്രേക്ക് ഫാസ്റ്റ്’...പുട്ട് തേടി ഇവിടെയെത്തിയാൽ മെനു കണ്ട് ഞെട്ടരുത്. പുട്ടുപുരാണം ഒന്നാം ഖണ്ഡത്തിൽ അരിപ്പുട്ട്, പാലക്കാടൻ പുട്ട്, മറുനാടൻ പുട്ട്, സോയാബിൻ പുട്ട്...തീർന്നില്ല അടുത്ത ഖണ്ഡത്തിൽ ബീരാനെപ്പറ്റിച്ച പുട്ട്, ആഴക്കടൽ പുട്ട്, കൊഞ്ചിൻ മൊഞ്ചുള്ള പുട്ട്, പോത്തോണ്ടൊരു പുട്ട്, ആയിഷാന്റെ അതിശയപ്പുട്ട്...പുട്ടോടു പുട്ടുതന്നെ.

thalassery-puttu

പാലാരിവട്ടം പാലം പൊളിച്ചു നീക്കി പുതിയ പാലം പണിയാൻ തീരുമാനിച്ച ഘട്ടത്തിലാണ് പാലാരിവട്ടം പുട്ടിന്റെ എന്ട്രി. ട്രോളിൽ മാത്രമല്ല ഇവിടുത്തെ ഭക്ഷണവും തനതായ രുചിക്കൂട്ടിലാണ് ഒരുക്കുന്നത്. ഇവിടുത്തെ പുട്ടും ബീഫുമാണ്  സൂപ്പർ ഹിറ്റ് കോംപോ. ഉച്ചയ്ക്കുള്ള നാടൻ തലശ്ശേരി ദം ബിരിയാണിയും ഫിഷ്കറി മീൽസിനും ആരാധകർ ഏറെയാണ്.

ലാഫെയർ ഇതാദ്യമായിട്ടല്ല പ്രഭാത ഭക്ഷണവും പ്രധാന വാർത്തകളും കോർത്തിണക്കുന്നത് . ‘രുചിയുടെ മാമാങ്കം’, മഴയത്തൊരു മഞ്ചൂരിയൻ ബ്രേക്ക്, ഏത് മത്തിക്കും ഒരു ദിവസം വരും !...എന്നിങ്ങനെ സിനിമയും കാലവസ്ഥയും വരെ ഇവിടെ ട്രോളിനുപയോഗിക്കും. സമൂഹമാധ്യമങ്ങളിലെ ‘ട്രോൾ’ പോസ്റ്റുകൾ ഇവരുടെ ഐടി ടീമാണ് ചെയ്യുന്നത്.

നിരവധി പേരാണ് പുട്ട്, നെയ്‌റോസ്റ്റ് പരസ്യങ്ങൾ ഷെയർ ചെയ്തത്. ഗായകൻ വിനീത് ശ്രീനിവാസൻ ഉൾപ്പെടെയുള്ളവർ പരസ്യം ഷെയർ ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com