സൂപ്പർസ്റ്റാറായി ഇന്ത്യൻ ഫിൽട്ടർ കോഫി; ഇത് ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ കാപ്പി
Mail This Article
ലോകത്തിലെ ഏറ്റവും മികച്ച 38 കാപ്പികളുടെ പട്ടികയിൽ, രണ്ടാംസ്ഥാനം സ്വന്തമാക്കി ഇന്ത്യൻ ഫിൽട്ടർ കോഫി. ജനപ്രിയ ഫുഡ് ആൻഡ് ട്രാവൽ ഗൈഡ് പ്ലാറ്റ്‌ഫോമായ ടേസ്റ്റ്അറ്റ്‌ലസ് അടുത്തിടെ പുറത്തിറക്കിയ 'ലോകത്തിലെ ഏറ്റവും മികച്ച 38 കാപ്പി'കളുടെ പുതിയ റേറ്റിങ് ലിസ്റ്റിലാണ് ഇന്ത്യൻ ഫിൽട്ടർ കോഫി രണ്ടാം സ്ഥാനത്തെത്തിയത്. ക്യൂബയില്‍ നിന്നുള്ള 'ക്യൂബൻ എസ്പ്രെസോ' ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
ക്യൂബയിൽ നിന്ന് ഉത്ഭവിച്ച മധുരമുള്ള ഒരു തരം എസ്‌പ്രസ്സോ ഷോട്ടാണ് കഫേ ക്യൂബാനോ. ക്യൂബൻ എസ്‌പ്രെസോ, കൊളാഡ, ക്യൂബൻ കോഫി, കഫെസിറ്റോ, ക്യൂബൻ പുൾ, ക്യൂബൻ ഷോട്ട് എന്നുമെല്ലാം ഇത് അറിയപ്പെടുന്നു. ഡാര്‍ക്ക് റോസ്റ്റ് കോഫിയും പഞ്ചസാരയുമാണ് ഇതിന്‍റെ പ്രധാന ചേരുവകള്‍. ഇലക്ട്രിക് എസ്പ്രെസോ മെഷീൻ ഉപയോഗിച്ച് ഇത് ഉണ്ടാക്കാം , പക്ഷേ സാധാരണയായി ഒരു മോക്ക പോട്ട് ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. എസ്‌പ്രെസോയുടെ ഒരു ചെറിയ ഭാഗം പഞ്ചസാരയിൽ ചേർത്ത് ഒരു സ്പൂൺ കൊണ്ട് കലർത്തി എസ്പ്യൂമ അല്ലെങ്കിൽ എസ്‌പുമിറ്റ എന്ന് വിളിക്കുന്ന ക്രീം ചേര്‍ത്താണ് പരമ്പരാഗത ക്യൂബൻ ശൈലിയിലുള്ള ഈ കോഫി ഉണ്ടാക്കുന്നത്. കാപ്പിയുടെ മുകളിൽ ഇളം തവിട്ട് നുര കാണാം.
ക്യൂബയില്‍ മാത്രമല്ല, ലാറ്റിനമേരിക്കയിലും ഫ്ലോറിഡയിലും ഇത് വളരെ ജനപ്രിയമാണ്. പരമ്പരാഗതമായി, ഇന്ത്യൻ ഫിൽട്ടർ കോഫി നിർമിക്കുന്നത് അറബിക്ക അല്ലെങ്കിൽ പീബെറി കോഫി ബീൻസ് ഉപയോഗിച്ചാണ്. ഡാര്‍ക്ക് റോസ്റ്റ് ചെയ്ത കോഫി ബീൻസ് ചിക്കറിയുമായി യോജിപ്പിക്കുന്നു. ഇതില്‍ 80-90% കോഫിയും 10-20% ചിക്കറിയുമാണ്. ചിക്കറിയുടെ ചെറിയ കയ്പ്പ് ഇന്ത്യൻ ഫിൽട്ടർ കോഫിയുടെ രുചി വർദ്ധിപ്പിക്കുന്നു. എസ്പ്രസ്സോയും ഐസും ചേർന്ന ഒരു ലളിതമായ ഗ്രീക്ക് കോഫിയാണ് എസ്പ്രെസോ ഫ്രെഡോ. പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ഈ കോഫി 1990 കളിൽ ജനപ്രിയമായിത്തീർന്നു. ഗ്രീസിൽ നിന്നുതന്നെയുള്ള മറ്റൊരു കോള്‍ഡ് കോഫി ഇനമായ ഫ്രെഡോ കപ്പുച്ചിനോ നാലാം സ്ഥാനത്തുണ്ട്. വേനൽക്കാലത്ത് ഉന്മേഷദായകമായ പാനീയങ്ങളായാണ് ഇവ രണ്ടും ഉപയോഗിക്കുന്നത്. സ്പെയിനില്‍ നിന്നുള്ള കാപ്പിയായ കഫേ ബോംബോണ്‍ അഞ്ചാം സ്ഥാനത്തുണ്ട്.
എസ്പ്രസ്സോയും ആവിയിൽ വേവിച്ച പാലും ചേർത്തുണ്ടാക്കുന്ന ഒരു ഇറ്റാലിയൻ കാപ്പിയാണ് കാപ്പുച്ചിനോ. ലോകത്തെങ്ങുമുള്ള കാപ്പി പ്രേമികള്‍ക്കിടയില്‍ വളരെ ജനപ്രിയമായ ഈ കാപ്പി ആറാം സ്ഥാനത്താണ്. 18-ാം നൂറ്റാണ്ടിൽ ഓസ്ട്രിയൻ കോഫി ഹൗസുകളിൽ ആസ്വദിച്ചിരുന്ന കാപ്പുസിനറിൽ നിന്നാണ് ഇത് വികസിപ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. തുര്‍ക്കിയെയില്‍ നിന്നുള്ള ടർക്കിഷ് കാപ്പി, ഇറ്റലിയില്‍ നിന്നുള്ള റിസ്ട്രെറ്റോ, ഗ്രീസിലെ ഫ്രാപ്പെ കോഫി, വിയറ്റ്നാം സ്പെഷ്യലായ വിയറ്റ്‌നാമീസ് ഐസ്ഡ് കോഫി എന്നിവയാണ് ഈ പട്ടികയില്‍ ഏഴും എട്ടും ഒന്‍പതും പത്തും സ്ഥാനങ്ങളില്‍ ഉള്ളത്.