ADVERTISEMENT

ചൂട്കാലമായി, നട്ടുച്ചയ്ക്ക് പുറത്തിറങ്ങാൻ പറ്റില്ല, ചൂട് കൂടിവരികയാണ്, ഉള്ളം തണുപ്പിക്കുവാനായി പല പഴങ്ങളും വാങ്ങുന്നുണ്ട് മിക്കവരും. എങ്കിലും ഈ ചൂട്കാലത്ത് തണ്ണിമത്തനാണ് സൂപ്പർതാരം. പച്ചത്തോടിനുള്ളിൽ ഒളിച്ചുവച്ചിരിക്കുന്ന ആ കാമ്പ് നിറയെ ജലമാണ്. ദാഹം മാറാനും നിർജലീകരണം മാറാനും തണ്ണിമത്തൻ ഉഗ്രനാണ്. തണ്ണിമത്തൻ വാങ്ങിക്കുമ്പോൾ എടുക്കു നോക്കി തന്നെ വാങ്ങിക്കണം. ദാ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിച്ചോളൂ....

watermelon-2

1. ഒരേ പോലുള്ള രണ്ടു തണ്ണമത്തൻ കൈകളിൽ എടുക്കുമ്പോൾ അതിൽ ഭാരക്കൂടുതൽ തോന്നുന്നത് വാങ്ങിക്കാം. ഇതിനു ജൂസ് കൂടുതലാകും.

2. തണ്ണിമത്തനിൽ വിരലുകൾ കൊണ്ടു തട്ടുമ്പോഴുള്ള ശബ്ദ വ്യത്യാസം നോക്കി പഴുത്തതാണോ എന്നു തിരിച്ച് അറിയാം. ആഴത്തിൽ നിന്നുള്ള ശബ്ദം പാകത്തിനു വിളഞ്ഞതിനെയും ഫ്രീക്വൻസി കൂടിയ ശബ്ദം വിളവു കുറഞ്ഞതിനെയും ഫ്ലാറ്റായ ശബ്ദം പഴുത്തു പോയതിനെയും സൂചിപ്പിക്കുന്നു.

watermelon

3. തണ്ണിമത്തൻ മണത്തു നോക്കുമ്പോൾ കിട്ടുന്ന സ്വീറ്റ് സ്മെൽ അതിന്റെ വിളവിനെ സൂചിപ്പിക്കുന്നു. യാതൊരു മണവും കിട്ടുന്നില്ലെങ്കിൽ വിളഞ്ഞു പാകമായിട്ടില്ല. ഇനി വിളവു കൂടുതലുള്ളതിനു മണവും കൂടുതലാകും.

watermelon-pic

4. മറ്റു പഴങ്ങളെ അപേക്ഷിച്ചു തണ്ണിമത്തന്റെ പുറംതൊലി വളരെ കട്ടിയുള്ളതാണ്. എന്നാൽ നന്നായി പഴുത്ത തണ്ണിമത്തന്റെ പുറന്തോടിൽ വിരലുകൾ കൊണ്ടു അമർത്താൻ സാധിക്കും. വിളവു പാകമാകത്തതിന്റെ പുറം തോടിനു കട്ടി കൂടുതലായിരിക്കും.

5. നിറം പരിശോധിച്ച് അറിയാം, കടുംപച്ച നിറത്തിലും ഇളംപച്ചയിലുമുള്ളവ വിളഞ്ഞു പാകമായതാണ്. മഞ്ഞ നിറത്തോടു കൂടിയത് പാകമായി എന്നാണ് അർത്ഥമാക്കുന്നത്. തണ്ണിമത്തന്റെ പുറത്ത് മഞ്ഞയ്ക്കു പകരം  വെളുത്ത നിറമാണെങ്കിൽ, മൂപ്പെത്താതെ പറിച്ചെടുത്തതാകാനാണ് സാധ്യത.

കേടാകാതിരിക്കാൻ ഇത് ശ്രദ്ധിക്കാം

തണ്ണിമത്തൻ പെട്ടെന്ന് മുറിക്കാനോ, കഴിച്ചു തീർക്കാനോ പദ്ധതിയില്ലാത്ത പക്ഷം ഇത് സാധാരണ താപനിലയിൽ മുറിയിൽ തന്നെ സൂക്ഷിക്കാവുന്നതാണ്. പഴുത്തു പാകമാകാത്തത് അല്ലെങ്കിൽ ഇങ്ങനെ വെച്ചാൽ പഴുക്കുകയും ചെയ്യും. തണുപ്പുള്ളതും ഇരുണ്ടതുമായ മുറിയിൽ തണ്ണിമത്തൻ സൂക്ഷിക്കാവുന്നതാണ്. സൂര്യപ്രകാശം നേരിട്ട് അടിക്കാൻ ഇടവരുത്തരുത്.

പ്ലാസ്റ്റിക്കിൽ പൊതിയാം

കഴിച്ചതിനു ശേഷം ബാക്കിയാകുന്ന തണ്ണിമത്തൻ എങ്ങനെയാണ് ഫ്രിജിൽ സൂക്ഷിക്കുക? ഒരു പ്ലാസ്റ്റിക് കടലാസിൽ പൊതിഞ്ഞതിനു ശേഷം ഫ്രിജിൽ വയ്ക്കാവുന്നതാണ്. അല്ലെങ്കിൽ ചെറു കഷ്ണങ്ങളാക്കി മുറിച്ചതിനു ശേഷം ഒരു വായു കടക്കാത്ത പാത്രത്തിലാക്കി അടച്ചു ഫ്രിജിൽ സൂക്ഷിക്കാവുന്നതാണ്. ഇത്തരത്തിൽ ചെയ്യുന്നത് ജലാംശം നഷ്ടപ്പെട്ടു, തണ്ണിമത്തൻ ഉണങ്ങി പോകാതിരിക്കാൻ സഹായിക്കും.

തൊലി കളയാതിരിക്കാം

തണ്ണിമത്തൻ ഒരുപാട് ദിവസങ്ങൾ കേടുകൂടാതെ സൂക്ഷിക്കണമെന്നുണ്ടെങ്കിൽ അതിന്റെ പുറം തോട് കളയാതെ വയ്ക്കണം. കഴിച്ചതിനു ശേഷം ബാക്കിയാകുന്നവയുടെ പുറം തൊലി കളയാതെ പ്ലാസ്റ്റിക് പേപ്പറിൽ പൊതിഞ്ഞു ഫ്രിജിൽ വയ്ക്കാവുന്നതാണ്. പുറം തൊലി കളയാത്തപക്ഷം പോഷകഗുണങ്ങളും രുചിയും ജലാംശവും നഷ്ടപ്പെടാതെയിരിക്കും.

വാഴപ്പഴത്തിനും ആപ്പിളിനുമൊപ്പം വയ്ക്കരുതേ

പഴങ്ങളെല്ലാം ഒരുമിച്ചു വയ്ക്കുന്ന പതിവ് ചിലർക്കെങ്കിലുമുണ്ട്. എന്നാൽ ചില പഴങ്ങൾ ഒരുമിച്ചു സൂക്ഷിക്കരുത്. പ്രധാനമായും ആപ്പിളിനും വാഴപ്പഴത്തിനുമൊപ്പം തണ്ണിമത്തൻ വയ്ക്കരുത്. എന്തുകൊണ്ടെന്നാൽ ആപ്പിളും വാഴപ്പഴവും എത്തിലീൻ വാതകം പുറത്തുവിടും. അത് തണ്ണിമത്തൻ എളുപ്പത്തിൽ പഴുക്കുന്നതിനിടയാക്കും. കൂടുതൽ പഴുത്തുപോയാൽ ഉപയോഗ ശൂന്യമായി പോകുമെന്നു മാത്രമല്ല, രുചിയിലും വ്യത്യാസം വരാനിടയുണ്ട്.

ഫ്രീസ് ചെയ്യാം 

തണ്ണിമത്തൻ കുറേനാളുകൾ സൂക്ഷിക്കണമെന്നുള്ളവർക്കു ഫ്രീസറിൽ വയ്ക്കാവുന്നതാണ്. പുറംതൊലി കളഞ്ഞതിനു ശേഷം മീഡിയം വലുപ്പമുള്ള കഷ്ണങ്ങളായി മുറിച്ചു വായുകടക്കാത്ത പാത്രത്തിലോ അതല്ലെങ്കിൽ പ്ലാസ്റ്റിക് പേപ്പറിൽ പൊതിഞ്ഞോ ഫ്രീസറിൽ വയ്ക്കാം. ഇങ്ങനെ വെച്ചാൽ ഏകദേശം ആറു മുതൽ എട്ടു  മാസം വരെ കേടുകൂടാതെയിരിക്കുമെങ്കിലും ചിലപ്പോൾ ഘടനയിൽ വ്യത്യാസം വരാനിടയുണ്ട്.

English Summary:

Best Watermelon Selection Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com