നാളികേരം ചേർക്കാതെ പൂ പോലുള്ള വെള്ളയപ്പം
Mail This Article
അര മണിക്കൂറിൽ പൂ പോലുള്ള വെള്ളയപ്പം...നാളികേരം ചേർക്കാതെ തയാറാക്കാം.
ചേരുവകൾ
- അരിപ്പൊടി - 2 കപ്പ്
- യീസ്റ്റ് - 1 ടീസ്പൂൺ
- വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
- ഇളം ചൂടുള്ള വെള്ളം
- പഞ്ചസാര
- ഉപ്പ്
തയാറാക്കുന്ന വിധം
ഒരു ഫ്രൈയിങ് പാനിൽ അര കപ്പ് പൊടിയും അര കപ്പ് വെള്ളവും ചേർത്തു യോജിപ്പിച്ച ശേഷം കുറുക്കി എടുക്കുക. ശേഷം ഒരുമിക്സിയുടെ ജാറിലേക്കു ഒന്നര കപ്പ് അരിപ്പൊടിയും ആവശ്യത്തിന് ചെറുചൂടു വെള്ളവും ചേർത്ത് അടിച്ചെടുക്കുക. അടിച്ചെടുത്ത മിക്സ് മുക്കാൽ ഭാഗം ഒരു ബൗളിൽ ഒഴിച്ചു വയ്ക്കുക. മിക്സിയുടെ ജാറിലുള്ള ബാക്കി മാവിലേക്കു കുറുക്കി വച്ച പൊടി (കുറുക്കിയ മാവിന് ചെറിയ ചൂടും ഉണ്ടായിരിക്കാൻ ശ്രദ്ധിക്കണം).
യീസ്റ്റ്, വെളിച്ചെണ്ണ, പഞ്ചസാര, ഉപ്പ്, ചെറിയ ചൂടുവെള്ളം എന്നിവ ചേർത്ത് അടിച്ചെടുക്കുക. അടിച്ചെടുത്ത മാവ് നേരത്തെ അടിച്ചു ഒഴിച്ച് വച്ച ബൗളിലേക്കു ഒഴിക്കുക. ഇനി നന്നായി ഒന്ന് ഇളക്കി യോജിപ്പിക്കുക. ശേഷം മാവ് മൂടി അര മണിക്കൂർ വയ്ക്കുക. അര മണിക്കൂർ കഴിഞ്ഞാൽ മാവ് നന്നായി പതഞ്ഞു പൊങ്ങി വരും. ഇനി ഒന്ന് കൂടി മാവ് ഇളക്കിയ ശേഷം വെള്ളയപ്പം ചുട്ടെടുക്കാം. ഒരു അപ്പച്ചട്ടി നന്നായി ചൂടായി വന്നാൽ മാവ് ഒഴിച്ച് ചുറ്റിച്ചു കൊടുക്കാം. ഈ സമയം തീ കൂട്ടി വയ്ക്കാം. മാവു നന്നായി ചൂടാവുമ്പോൾ ഹോൾസ് വന്നു തുടങ്ങിയാൽ തീ കുറച്ച ശേഷം അപ്പം മൂടി വച്ച് വേവിച്ചെടുക്കാം.
English Summary : Instant velleppam without coconut.