അരി വേണ്ട, ഉഴുന്ന് ഇങ്ങനെ വച്ചോളൂ, പൂപോലുള്ള ഇഡ്‌ഡലി ഉണ്ടാക്കാം
Mail This Article
നമ്മുടെ പ്രഭാത ഭക്ഷണങ്ങളിൽ പ്രധാനിയാണ് ഇഡ്‌ഡലിയും ദോശയും. തലേദിവസം മുതൽ അരിയും ഉഴുന്നും കുതിർത്തും അരച്ചും വച്ച്, പുളിപ്പിച്ചാണ് പിറ്റേന്ന് ഇവ ചുട്ടെടുക്കുന്നത്. അരിയും ഉഴുന്നും വെള്ളത്തിലിടാൻ മറന്നു പോയാലോ? ഇഡ്‌ഡലിയോ ദോശയോ കഴിക്കണമെന്ന മോഹം തൽക്കാലത്തേക്ക് ഉപേക്ഷിക്കേണ്ടി വരും. എന്നാലിനി അക്കാര്യമോർത്തു ടെൻഷൻ അടിക്കേണ്ട. വളരെ പെട്ടെന്ന് തന്നെ ഇഡ്‌ഡലി തയാറാക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ട ഒറ്റ കാര്യം. തലേന്ന് പുളിച്ചു പൊങ്ങുന്നതിനായി കലക്കി വയ്‌ക്കണമെന്നതു മാത്രമാണ്. ഇഡ്‌ഡലി പ്രീ മിക്സ് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്.
ചേരുവകൾ
ഉഴുന്ന് - അര കപ്പ്
ഉലുവ - കാൽ ടീസ്പൂൺ
അവിൽ - അര കപ്പ്
അരിപൊടി - ഒരു കപ്പ്
ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം
ഒരു പാൻ ചൂടാക്കിയതിനു ശേഷം ഉഴുന്ന്, ഉലുവ, അവിൽ എന്നിവ നല്ലതുപോലെ വറുത്തെടുക്കാം. ചൂടാറിയതിനു ശേഷം ഒരു മിക്സിയുടെ ജാറിലേക്കു മാറ്റി നന്നായി പൊടിച്ചെടുക്കാം. ഇനി ഒരു അരിപ്പയിലേക്കിട്ടു അരിച്ചെടുക്കണം. തരികൾ മാറ്റിയതിനു ശേഷം അരിപൊടിയും ഉപ്പും കൂടി ഇതിനൊപ്പം മിക്സ് ചെയ്യാവുന്നതാണ്. ഇഡ്‌ഡലി പ്രീ മിക്സ് തയാറായി കഴിഞ്ഞു. ഇഡ്‌ഡലി തയാറാക്കാനായി ഈ പൊടിയിലേക്കു പാകത്തിന് വെള്ളമൊഴിച്ചു നന്നായി കലക്കി പതിനൊന്നു മുതൽ പതിമൂന്നു മണിക്കൂർ വരെ പുളിച്ച് പൊങ്ങുന്നതിനായി മാറ്റിവയ്ക്കാം. ആവശ്യമെങ്കിൽ ഉപ്പ് ചേർത്ത് കൊടുക്കാൻ മറക്കരുത്. ഇനി രാവിലെ ഇഡ്‌ഡലി തയാറാക്കിക്കോളൂ.