‘ദൃശ്യ’ത്തിനു മുൻപ് കൊലപാതകങ്ങള്‍ ഉണ്ടായിട്ടില്ലേ!’ യുഎഇയിലെ ഫാക്ടറിയിൽ ആ സിനിമ പ്രദർശിപ്പിക്കുന്നതെന്തിന്?

Mail This Article
വയലൻസ് ശരിയല്ലെന്നു വിശ്വസിക്കുകയാൽ നോൺ വയലൻസ് പ്രചരിപ്പിച്ച ഗാന്ധിജി രക്തസാക്ഷിയായതിന്റെ 77-ാം വാർഷികദിനമാണ് ഇന്ന്. അതുകൊണ്ട് വയലൻസിനെപ്പറ്റി ചർച്ച ചെയ്യാൻ ഇതിലും അനുയോജ്യമായ മറ്റൊരു ദിവസമുണ്ടാകില്ല. ഗാന്ധിജിയുടെ ജനനദിവസമായ ഒക്ടോബർ 2 ആണ് ഐക്യരാഷ്ട്ര സംഘടന ആഗോള അഹിംസാ ദിനമായി ആചരിച്ചുവരുന്നത്. അത് ജനുവരി 30 ആക്കുകയാണ് കൂടുതൽ ഉചിതമെന്നു തോന്നുന്നു. വയലന്റ് ആകാനുള്ള ത്വര മനുഷ്യജന്തുവിനുള്ളിൽ അലിഞ്ഞുചേർന്നിട്ടുണ്ടെന്നു വേണം കരുതാൻ. അത് എങ്ങനെ മെരുക്കിക്കൊണ്ടുപോകാം എന്നാണു നോക്കേണ്ടത്. അതിനാണ് കായികവിനോദങ്ങൾ എന്നാണു ഗാന്ധിജിയെപ്പോലെ മറ്റൊരു വലിയ അഹിംസാവാദിയായിരുന്ന ബർട്രൻഡ് റസൽ പറഞ്ഞത്. രാജ്യങ്ങളും ക്ലബ്ബുകളും അയൽനാടുകളുമൊക്കെ തമ്മിൽ കളിക്കളത്തിൽ മത്സരിക്കുമ്പോൾ അതു യുദ്ധക്കളത്തെ ഇല്ലാതാക്കുമെന്നാണ് അദ്ദേഹം പ്രത്യാശിച്ചത്. കായികമത്സരങ്ങൾ നടക്കുന്നുണ്ട്, പക്ഷേ അതുകൊണ്ടൊന്നും ഹിംസ ഇല്ലാതായില്ലെന്നു നമുക്കറിയാം. (പോരെങ്കിൽ യൂറോപ്പിലൊക്കെ സീസൺ തോറും ഫുട്ബോൾ ക്ലബ് ഫാൻസ് വക അതിഭീകരമായ വയലൻസ് ഉണ്ടാകുന്നെന്നും.) ശാരീരികമായ ഹിംസ മാത്രമല്ല ഹിംസയെന്ന് ഇന്നു നമുക്കു തിരിച്ചറിവുണ്ട്. പച്ചവെള്ളം ചവച്ചരച്ചു കുടിക്കുന്ന ദൈവവിശ്വാസികളും സസ്യാഹാരികളുമായ മനുഷ്യർപോലും വ്യക്തിബന്ധങ്ങളിലും മറ്റും ചെറുവിരൽപോലും അനക്കാതെ അതിക്രൂരമായി പരദ്രോഹം ചെയ്യുന്നു. ഇതൊന്നും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.