റബർ ഉൽപാദനത്തിൽ നേരിയ വർധന; ഉപഭോഗത്തിൽ വൻ വളർച്ചയെന്ന് റബർ ബോർഡ്
Mail This Article
രാജ്യത്ത് സ്വാഭാവിക റബർ ഉൽപാദനം കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) രേഖപ്പെടുത്തിയത് രണ്ടു ശതമാനം വർധന. മുൻവർഷത്തെ 8.39 ലക്ഷം ടണ്ണിൽ നിന്ന് 8.57 ലക്ഷം ടണ്ണായാണ് കൂടിയതെന്ന് റബർ ബോർഡിന്റെ റിപ്പോർട്ട് വ്യക്തമാക്കി. 2020-21ൽ 7.15 ലക്ഷം ടണ്ണും 2021-22ൽ 7.75 ലക്ഷം ടണ്ണുമായിരുന്നു ആഭ്യന്തര ഉൽപാദനം. 2012-13ന് ശേഷം ഉൽപാദനം 8 ലക്ഷം ടണ്ണിന് മുകളിലെത്തിയത് 2022-23ലായിരുന്നു. നടപ്പുവർഷം (2024-25) ഉൽപാദനം 8.75 ലക്ഷം ടണ്ണായിരിക്കുമെന്നാണ് റബർ ബോർഡിന്റെ അനുമാനം. ഈ വർഷത്തെ ഏപ്രിൽ-ജൂൺപാദത്തിൽ ഉൽപാദനം 1.41 ലക്ഷം ടണ്ണാണ്.
2023-24ൽ 14.16 ലക്ഷം ടണ്ണായിരുന്നു ആഭ്യന്തര ഉപഭോഗം. ഇത് റെക്കോർഡാണ്. 2021-22ൽ 12.38 ലക്ഷം ടണ്ണും 2022-23ൽ 13.50 ലക്ഷം ടണ്ണുമായിരുന്നു.
റബർ ഇറക്കുമതി കഴിഞ്ഞ മൂന്ന് വർഷത്തെ താഴ്ചയിലേക്ക് കുറഞ്ഞുവെന്നും റബർ ബോർഡിന്റെ റിപ്പോർട്ടിലുണ്ട്. 2022-23ലെ 5.28 ലക്ഷം ടണ്ണിൽ നിന്ന് കഴിഞ്ഞവർഷം 4.92 ലക്ഷം ടണ്ണിലേക്കാണ് ഇറക്കുമതി താഴ്ന്നത്. 2021-22ൽ 5.46 ലക്ഷം ടണ്ണായിരുന്നു. അതേസമയം, നടപ്പുവർഷം ഏപ്രിൽ-സെപ്റ്റംബറിൽ ഇറക്കുമതി മുൻവർഷത്തെ സമാനകാലത്തെ 2.54 ലക്ഷം ടണ്ണിൽ നിന്ന് 3.10 ലക്ഷം ടണ്ണായി കൂടിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 9ന് റബർ ആർ.എസ്എസ്-4 ഇനത്തിന് കിലോയ്ക്ക് വില റെക്കോർഡ് ഉയരമായ 247 രൂപയിൽ എത്തിയിരുന്നു. വില വൈകാതെ 250 രൂപ എന്ന നാഴികക്കല്ല് മറികടക്കുമെന്ന് പ്രതീക്ഷിച്ചങ്കിലും പിന്നീട് കുറയുകയാണുണ്ടായത്. റബർ ബോർഡിന്റെ ഇന്നത്തെ വില കിലോയ്ക്ക് 194 രൂപയാണ്. റബർ ബോർഡിന്റെ ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്ഫോമായ എം-റൂബിൽ (mRube) ഇതുവരെ നടന്നത് 405 കോടി രൂപയുടെ വ്യാപാരമാണ്. 1,656 കരാറുകളിലായി 28,460 ടൺ വ്യാപാരം ചെയ്തു. ഷീറ്റുറബർ, ബ്ലോക്കുറബർ, ലാറ്റക്സ് എന്നിവയുടെ വ്യാപാരമാണ് ഇതുവഴി നടക്കുന്നത്.