ADVERTISEMENT

കര്‍മം ചെയ്തുകൊണ്ടേയിരിക്കുക, അതിന്റെ ഉപോല്‍പ്പന്നമായി സകലതും നമ്മളിലേക്ക് വന്നുചേരും. നമ്മള്‍ നിമിത്തമായി സമൂഹത്തിലേക്കും അത് പടരും. അടുത്തിടെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ പുള്‍മാനില്‍ നടന്ന ഒരു പരിപാടിക്കിടെ സാവ്ജി ധൊലാക്കിയ പറഞ്ഞതാണ്. ആരാണീ ധൊലാക്കിയ എന്നല്ലേ...പേര് മനസില്‍ എപ്പോഴും തങ്ങിനില്‍ക്കില്ലെങ്കിലും ആളെ നമ്മള്‍ അറിയും. ജീവനക്കാര്‍ക്ക് മെഴ്‌സിഡസ് ഉള്‍പ്പടെ ആയിരക്കണക്കിന് കാറുകളും ഫ്‌ളാറ്റുകളുമെല്ലാം എല്ലാവര്‍ഷവും സമ്മാനം നല്‍കുന്ന ആ രത്‌ന വ്യാപാരി. 

13-15 വയസുള്ളപ്പോഴാണ് മുകേഷും നിലേഷും മഹേഷും ധൊലാക്കിയയുടെ കമ്പനിയില്‍ ജോലിക്ക് കയറുന്നത്. ഡയമണ്ട് കട്ടിങ്ങും പോളിഷിങ്ങുമെല്ലാം മികവോടെ ചെയ്ത് അവര്‍ കമ്പനിയോടൊപ്പം വളര്‍ന്നു. 2018 വര്‍ഷമെത്തി. അവരെ സംബന്ധിച്ച് അല്‍പ്പം പ്രത്യേകതയുണ്ട്, കമ്പനിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ വര്‍ഷം. എന്നാല്‍ അവരുടെ ജീവിതത്തില്‍ അത്രമാത്രം സന്തോഷം നിറഞ്ഞ മറ്റൊരു വര്‍ഷമുണ്ടായിരുന്നില്ല. 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഈ മൂന്ന് ജീവനക്കാര്‍ക്ക് ഒരു കോടി രൂപ വീതം വരുന്ന മെഴ്സിഡസ് ബെന്‍സാണ് സാവ്ജി ധൊലാക്കിയ സമ്മാനമായി നല്‍കിയത്. 

Savji-Dholakia-modi - 1
ധൊലാക്കിയയുടെ മകന്റെ കല്യാണത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോൾ

ദീപാവലി പോലുള്ള ആഘോഷങ്ങളില്‍ അമൂല്യമായ സമ്മാനങ്ങള്‍ നല്‍കി ജീവനക്കാരെ എപ്പോഴും സന്തോഷിപ്പിക്കും ധൊലാക്കിയ. നൂറുകണക്കിന് കാറുകളും ഫ്ളാറ്റുകളും ഫിക്സഡ് ഡിപ്പോസിറ്റുകളുമെല്ലാമാണ് ഗിഫ്റ്റായി ഈ സംരംഭകന്‍ ജീവനക്കാര്‍ക്ക് നല്‍കാറുള്ളത്. എന്തിനാണിതെല്ലാം എന്ന് അദ്ദേഹത്തോട് ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളൂ...ജീവനക്കാര്‍ സന്തോഷമായിരുന്നാലേ സ്ഥാപനമുള്ളൂ..സംരംഭവും ജീവനക്കാരും വളര്‍ന്നാലേ യഥാര്‍ത്ഥ വളര്‍ച്ചയാകൂ...മോട്ടിവേഷനല്‍ പ്രസംഗങ്ങളില്‍ അദ്ദേഹം പറയാറുള്ളതിങ്ങനെയാണ്, 'ജീവനക്കാര്‍ സ്ഥാപനത്തോട് കാണിക്കുന്ന പ്രതിബദ്ധതയും ആത്മാര്‍ത്ഥതയും എപ്പോഴും അംഗീകരിക്കപ്പെടണം. ആ തോന്നല്‍ അവര്‍ക്കുണ്ടാകുകയും വേണം.'

ജീവനക്കാര്‍ക്ക് സന്തോഷമുണ്ടെങ്കില്‍ അവര്‍ തങ്ങളുടെ മുഴുവന്‍ അധ്വാനവും നല്‍കി കമ്പനിയെ ലാഭത്തിലെത്തിക്കാന്‍ ശ്രമിക്കും. അവരെ സന്തോഷത്തോടെ നിലനിര്‍ത്തുക എന്നത് മാത്രമാണ് താന്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു. 

Savji-Dholakia-2 - 1

സ്‌കില്‍ ഇന്ത്യ ഇന്‍സെന്റീവ് സെറിമണി എന്ന തീര്‍ത്തും വ്യത്യസ്തമായ ലോയല്‍റ്റി പദ്ധതിയിലൂടെയാണ് ഹരി കൃഷ്ണ ഗ്രൂപ്പ് ജീവനക്കാര്‍ക്ക് സമ്മാനങ്ങളും ബോണസും നല്‍കുന്നത്. 2014ല്‍ ദീപാവലി ബോണസായി 500 ഫ്ളാറ്റുകളും 570 പ്രത്യേക കിസ്ന ഡയമണ്ട് സ്പെഷല്‍ എഡിഷന്‍ ആഭരണങ്ങളും 500 കാറുകളുമാണ് അദ്ദേഹം ജീവനക്കാര്‍ക്ക് നല്‍കിയത്. അത് ലോകം മുഴുവന്‍ വാര്‍ത്തയായി. ഫിയറ്റിന്റെ പ്രീമിയം ഹാച്ച്ബാക്കായിരുന്നു കാറുകള്‍. 2015ലാകട്ടെ 1000ത്തിലധികം ജീവനക്കാര്‍ക്കായി 1260 കാറുകളും 400 ഫ്ളാറ്റുകളും നല്‍കി. 2016ല്‍ 1665 ജീവനക്കാര്‍ക്കാണ് ലോയല്‍റ്റി ബോണസ് നല്‍കിയത്. 2017ല്‍ 1200 ഡാറ്റ്സണ്‍ റെഡി ഗോ കാറുകളാണ് അദ്ദേഹം ജീവനക്കാര്‍ക്ക് ഗിഫ്റ്റായി നല്‍കിയത്. 2018ല്‍ 1,700ഓളം പേര്‍ക്കാണ് പലതരത്തിലുള്ള സമ്മാനങ്ങള്‍ ലഭിച്ചത്. 2023ലെ ദീപാവലിക്ക് 600ഓളം കാറുകളാണ് ജീവനക്കാര്‍ക്ക് ധൊലാക്കിയ സമ്മാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജീവനക്കാര്‍ക്ക് കാറുകളുടെ താക്കോല്‍ കൈമാറാനെത്തിയത്. കമ്പനിയിലെ 4000ത്തിലധികം ജീവനക്കാര്‍ക്ക് ധൊലാക്കിയയുടെ വിലപ്പെട്ട സമ്മാനങ്ങള്‍ ഇതിനോടകം ലഭിച്ചുകഴിഞ്ഞു. 

അന്ന് പോക്കറ്റില്‍ 12 രൂപ, ഇന്ന് 12000 കോടിയുടെ ആസ്തി

ഗുജറാത്തിലെ അമ്രേലി ജില്ലയിലെ ഒരു ഗ്രാമത്തിലായിരുന്നു സാവ്ജി ധൊലാക്കിയയുടെ ജനനം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നിറഞ്ഞ കര്‍ഷക കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. സ്വാഭാവികമായും പഠിത്തം നിര്‍ത്തേണ്ടി വന്നു. കുടുംബത്തെ നോക്കാന്‍ നാടുവിട്ടു. പോക്കറ്റില്‍ 12 രൂപയുമായി ആ 12 വയസുകാരന്‍ രത്നനഗരമായ സൂരത്തിലേക്കാണ് ബസ് കയറയിത്, 1977ല്‍. വജ്ര വ്യാപാര മേഖല തന്നെയായിരുന്നു ലക്ഷ്യം. 179 രൂപ ശമ്പളത്തില്‍ ജോലി ചെയ്ത കാലമുണ്ടായിരുന്നു സാവ്ജി ധൊലാക്കിയയ്ക്ക്. 

Savji-Dholakia-1 - 1

1984 ആയപ്പോഴേക്കും സ്വന്തമായി ബിസിനസ് ചെയ്യാനാരംഭിച്ചു ധൊലാക്കിയ. ഡയമണ്ട് കട്ടിങ്ങിലും പോളിഷിങ്ങിലുമെല്ലാം വൈദഗ്ധ്യം നേടിയ അദ്ദേഹം 1992ല്‍ മൂന്ന് സഹോദരങ്ങളേയും ചേര്‍ത്ത് പിടിച്ച് ഹരി കൃഷ്ണ എക്സ്പോര്‍ട്സ് എന്ന കമ്പനിക്ക് തുടക്കമിട്ടു. വളരെ കുറച്ച് മെഷീനുകളും ജീവനക്കാരുമായി എളിയ രീതിയിലാണ് കമ്പനി തുടങ്ങിയത്. തുടര്‍ന്ന് മുംബൈയിലേക്ക് വികസിച്ചു. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 

ഹരികൃഷ്ണ ഗ്രൂപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1.5 ബില്യണ്‍ ഡോളറാണ് ഇന്ന് ധൊലാക്കിയയുടെ സ്ഥാപനത്തിന്റെ വിറ്റുവരവ്. ഏകദേശം 12,000 കോടി രൂപ വരുമിത്. 5,000ത്തോളം ജീവനക്കാരുള്ള ഹരി കൃഷ്ണ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ രത്ന കയറ്റുമതി കമ്പനികളിലൊന്നാണ്. 86ഓളം രാജ്യങ്ങളിലേക്ക് ഡയമണ്ട് കയറ്റി അയക്കുന്നു ഇവര്‍. 

സമൂഹത്തോടൊപ്പം

ജീവനക്കാരോട് മാത്രമല്ല ധൊലാക്കിയയ്ക്ക് ആര്‍ദ്രമായ മനോഭാവമുള്ളത്. പ്രകൃതിയോടും ചുറ്റുമുള്ള സമൂഹത്തോടുമെല്ലാമുണ്ട്. കാലങ്ങളായി പലതരത്തില്‍ സാമൂഹ്യ പ്രതിബദ്ധത അദ്ദേഹം നിറവേറ്റി വരുന്നുണ്ടെങ്കിലും 2024ല്‍ കുറച്ചുകൂടി സംഘടിതവും പ്രൊഫഷണല്‍വല്‍ക്കരിച്ചും ആ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ധൊലാക്കിയ ഫൗണ്ടേഷന്‍ രൂപീകരിക്കപ്പെട്ടു. 1996 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന ഹരി കൃഷ്ണ ചാരിറ്റബിള്‍ ട്രസ്റ്റ് അങ്ങനെ ധൊലാക്കിയ ഫൗണ്ടേഷന്‍ എന്ന ഫിലാന്ത്രോപിക് സ്ഥാപനമായി മാറി. പരിസ്ഥിതി, ജലസംരക്ഷണം, വിദ്യാഭ്യാസം എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും ധൊലാക്കിയ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍. 

2.8 മില്യണിലധികം മരങ്ങളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇതിനോടകം നട്ടുപിടിപ്പിച്ചത്. മിഷന്‍ 100 സരോവര്‍ മുന്നേറ്റത്തിന്റെ ഭാഗമായി 150ഓളം തടാകങ്ങളും ധൊലാക്കിയ വികസിപ്പിച്ചു. അങ്ങനെയാണ് ലേക്ക് മാന്‍ ഓഫ് ഇന്ത്യയെന്ന വിശേഷണം കൂടി ഈ വജ്രവ്യാപാരിക്ക് വന്നത്. സാമൂഹ്യ പ്രതിബദ്ധതയാര്‍ന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി രാജ്യം സാവ്ജി ധൊലാക്കിയയെ പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തു. 

Savji-Dholakia-modi2 - 1

മോദിയുടെ അടുപ്പക്കാരന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗുജാറത്തില്‍ നിന്നായതിനാല്‍ ധൊലാക്കിയയുടെ വളര്‍ച്ചയ്ക്ക് അദ്ദേഹവും സാക്ഷ്യം വഹിച്ചു. പ്രത്യേക അടുപ്പം ഈ സംരംഭകന്‍ പ്രധാനമന്ത്രിയുമായി സൂക്ഷിക്കുന്നു. അടുത്തിടെ ധൊലാക്കിയയുടെ മകന്‍ ദ്രവ്യയുടെ വിവാഹത്തിന് പ്രധാനമന്ത്രി എത്തിയത് വാര്‍ത്തയായിരുന്നു. ജീവിതമറിയുന്നതിന്റെ ഭാഗമായി കൊച്ചിയിലെ ബേക്കറിയിലും ദ്രവ്യ ജോലിക്കെത്തിയിരുന്നു. മകന്‍ യഥാര്‍ത്ഥ ജീവിതാനുഭവങ്ങള്‍ പഠിക്കണമെന്ന ആഗ്രഹത്തില്‍ സാവ്ജി തന്നെ കൈക്കൊണ്ട തീരുമാനമായിരുന്നു അത്. 2016ല്‍ ദ്രവ്യ ഇത്തരത്തില്‍ ജോലിക്കെത്തിയത് വാര്‍ത്തയാവുകയും ചെയ്തു.

English Summary:

Discover the inspiring story of Savji Dholakia, the diamond merchant who gifts thousands of cars and flats to his employees. Learn about his journey from earning Rs.179 to building a billion-dollar empire.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com