ADVERTISEMENT

ധനമന്ത്രി ഇന്നലെ 2024–25 ലേയ്ക്കുള്ള ബജറ്റ് അവതരിപ്പിച്ചു. എന്നാൽ ബജറ്റിൽ പറഞ്ഞിട്ടുള്ള തുകയുടെ വരവും ചെലവും എങ്ങനെയാണെന്നറിയുമോ? മൊത്തം വരവും ചെലവും 48,20,512 കോടി രൂപ കാണിക്കുന്ന 2024–25 ബജറ്റിലെ റവന്യൂകമ്മി 5,80,201 കോടി രൂപയും ധനക്കമ്മി 16,13,312 കോടി രൂപയും പ്രാഥമിക കമ്മി 4,50,372 കോടി രൂപയുമാണ്. ഇവ മൂന്നും യഥാക്രമം ജി.ഡി.പിയുടെ 1.8. 4.9, 1.4 ശതമാനം വരും. ഇടക്കാല ബജറ്റിലുണ്ടായിരുന്നതിനേക്കാൾ നേരിയ കുറവ് ഇവ മൂന്നിലും കാണാം. സർക്കാരിന്റെ മൊത്തം കടമെടുപ്പ് 16,13,312 കോടി രൂപയാണ്. പലിശ നൽകുന്നതിന് നടപ്പു സാമ്പത്തിക വർഷം 11,62,940 കോടി രൂപ വേണം. സർക്കാരിന്റെ മൂലധനച്ചെലവ് 11.11 ലക്ഷം കോടി രൂപയാണ്. ഇത് കുറേക്കൂടി ഉയർത്തേണ്ടതായിരുന്നു. എങ്കിലേ സാമ്പത്തിക വളർച്ചയ്ക്കു കൂടുതൽ ശക്തി പകരാൻ കഴിയൂ. കടം–ജി.ഡി.പി അനുപാതവും, പലിശ റവന്യൂ വരുമാനവും ഉയർന്നു നിൽക്കുന്നു. ഏഴു ശതമാനം ജി.ഡി.പി വളർച്ചയാണ് ലക്ഷ്യമിടുന്നത്. ഈ ഏഴുശതമാനം വളർച്ച കൊണ്ട് ഇന്നത്തെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനോ സാമ്പത്തികാന്തരം കുറയ്ക്കുന്നതിനോ കഴിയില്ല. 

budget-table

മുകളിൽ കൊടുത്ത പട്ടിക കേന്ദ്ര സർക്കാരിന്റെ വരവും ചെലവും ഒത്തുനോക്കുന്നതിന് സഹായിക്കും. ഒരു രൂപയുടെ വരവും ചെലവും എന്ന കണക്കിലാണിത് വിശദീകരിച്ചിട്ടുള്ളത്. കടമെടുത്താണ് മൊത്തം വരവിന്റെ 27 ശതമാനം നേടുന്നത്. അതേസമയം ചെലവിന്റെ 19 ശതമാനം പലിശ നൽകുന്നതിനാണ് വിനിയോഗിക്കുന്നത്. റവന്യൂ വരുമാനം കൂടുന്നതിന്റെയും റവന്യൂ ചെലവ് കുറയ്ക്കുന്നതിന്റെയും ആവശ്യകതയിലേക്കാണിത് വിരൽ ചൂണ്ടുന്നത്. കേന്ദ്ര സർക്കാരിന്റെ ധനദൃഡീകരണ പ്രവർത്തനം ഇനിയും നീണ്ടകാലം തുടരേണ്ടി വരുെമന്നാണിത് കാണിക്കുന്നത്. 

2024–25 സാമ്പത്തിക വർഷത്തെ നമ്മുടെ കമ്പനി നികുതി വരുമാനം 10,20,000 കോടി രൂപയും ആദായ നികുതി വരുമാനം 11,87,000 കോടി രൂപയുമാണെന്ന് ബജറ്റ് കണക്ക് പറയുന്നു. ഇത് കാണിക്കുന്നത് ഇന്ത്യയിലെ സാധാരണക്കാരാണ് കോർപറേറ്റുകളേക്കാൾ സർക്കാർ ഖജനാവിലേക്ക് കൂടുതൽ സംഭാവന നൽകുന്നതെന്നാണ്. സ്വകാര്യ മുതൽ മുടക്ക് കൂട്ടുന്നതിനാണ് സർക്കാർ കോർപറേറ്റ് നികുതി കുറച്ചത്. സ്വകാര്യ മുതൽ മുടക്ക് കുറഞ്ഞുകൊണ്ടിരിക്കുകയും കോർപറേറ്റ് ലാഭം കൂടിക്കൊണ്ടിരിക്കുകയും സാമ്പത്തികാന്തരം വർധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന സാമ്പത്തിക നയമാണിതെന്ന് പറയാം.

രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമാണെന്നും പണപ്പെരുപ്പം നിയന്ത്രണവിധേയമാണെന്നും പറഞ്ഞ ധനമന്ത്രി എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ബജറ്റാണിതെന്നും പറഞ്ഞിരുന്നു. ഒൻപതു മേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള പ്രസ്താവനയാണ് ധനമന്ത്രി നടത്തിയിരിക്കുന്നത്. നികുതി രംഗത്ത് പ്രകടമായ മാറ്റങ്ങൾ ഒന്നും തന്നെ കൊണ്ടുവന്നിട്ടില്ല. 

പ്രധാന ബജറ്റ് നിർദേശങ്ങൾ

കാർഷിക വികസനത്തിന് പ്രത്യേകപദ്ധതി, നാലുകോടി യുവാക്കളെ ലക്ഷ്യമിട്ട് നൈപുണ്യനയം, അഞ്ചു സംസ്ഥാനങ്ങൾക്കു കൂടി കിസാൻ ക്രെഡിറ്റ് കാർഡ്, കാർഷിക മേഖലയ്ക്ക് 1.52 ലക്ഷം കോടി രൂപ, നിർമാണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ, പത്തു ലക്ഷം വരെ വിദ്യാഭ്യാസ വായ്പ, ആന്ധ്രയ്ക്കും ബീഹാറിനും പ്രത്യേക പാക്കേജുകൾ, ആയിരം വ്യവസായ പരിശീലന കേന്ദ്രങ്ങൾ, സ്ത്രീകൾക്ക് ഗുണം ലഭിക്കുന്ന 3 ലക്ഷം കോടി രൂപയുടെ പദ്ധതികൾ, ഹൈദരാബാദ് –ബാംഗ്ലൂർ വ്യവസായ ഇടനാഴി, സൂക്ഷ്മ– ചെറുകിട– ഇടത്തരം സംരംഭങ്ങൾക്ക് ഈടില്ലാത്ത വായ്പ, മുദ്രലോൺ പരിധി 10 ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷം രൂപ, 12 പുതിയ വ്യവസായ പാർക്കുകൾ, കിഴക്കൻ സംസ്ഥാനങ്ങൾക്ക് പൂർവോദയ പദ്ധതി, പ്രധാനമന്ത്രി ആവാസയോജനയിൽ മൂന്നു കോടി വീടുകൾ, ഒരു കോടി വീടുകൾക്ക് സോളാര്‍ പദ്ധതി, വഴിയോര ചന്തകൾക്കും ഫുഡ് ഹബ്ബുകൾക്കും സഹായം, അടിസ്ഥാന സൗകര്യമേഖലയിൽ 11 ലക്ഷം കോടി രൂപയുടെ നിക്ഷേപം, ഗ്രാമവികസനത്തിൽ 2.66 ലക്ഷം കോടി രൂപ, 14 നഗരങ്ങൾക്ക് നഗരവികസന പാക്കേജ്, ആസ്സാമിനും ഹിമാചലിനും പ്രളയ സഹായ പാക്കേജ് എന്നിവയാണ് ബജറ്റിൽ കാണുന്ന പ്രധാന നിർദേശങ്ങൾ. ഇതെല്ലാം സമ്പദ്ഘടന ഇന്നു നേരിടുന്ന പ്രധാന വെല്ലുവിളികളെ നേരിടുന്നതിനു പര്യാപ്തമല്ല. 

എല്ലാവരും, പ്രത്യേകിച്ച് മധ്യവർഗം ഉറ്റു നോക്കിയിരുന്ന ആദായനികുതികളിൽ കാര്യമായ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല. സ്റ്റാൻഡേർഡ് ഡിഡക്‌ഷൻ അമ്പതിനായിരം രൂപയിൽ നിന്ന് എഴുപത്തിഅയ്യായിരം രൂപയാക്കി ഉയർത്തിയതും ആദായ നികുതി സ്ലാബുകളിൽ വളരെ ചെറിയ മാറ്റം വരുത്തിയതും വലിയ നേട്ടമായി കാണാൻ കഴിയില്ല. അതേസമയം വിദേശ സ്ഥാപനങ്ങൾക്കുള്ള കോർപറേറ്റ് നികുതി കൂടുതൽ നിക്ഷേപം വരുമെന്ന പേരിൽ 40 ശതമാനത്തിൽ നിന്ന് 35 ശതമാനമായി കുറച്ചു. ചില പരോക്ഷ നികുതികളിൽ നേരിയ മാറ്റം വരുത്തിയത് മൊബൈൽ ഫോൺ, ലെതർ, തുണിത്തരങ്ങൾ എന്നിവയുടെ വിലയിൽ ചെറിയ കുറവ് വരുത്തും. ഇതൊന്നും തന്നെ ബജറ്റിനെ ജനപ്രിയ ബജറ്റാക്കി മാറ്റുന്നില്ല.

ലേഖകൻ സാമ്പത്തിക വിദഗ്ധനാണ്

ഫോൺ : 9447550896

ഇ–മെയിൽ – prnathan22@gmail.com

English Summary:

Revenue and Expenditure in Budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com