അവസാന മണിക്കൂറിലെ ലാഭമെടുക്കലിൽ നേട്ടം കൈവിട്ട് വിപണി

Mail This Article
ഇന്നും മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം നേട്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി തിരഞ്ഞെടുപ്പ് സമ്മർദം മറികടന്ന് മുന്നേറിയെങ്കിലും അവസാന മണിക്കൂറിലെ ലാഭമെടുക്കലിൽ വീണ് നഷ്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 23110 പോയിന്റെന്ന പുതിയ റെക്കോർഡ് ഉയരം കുറിച്ച നിഫ്റ്റി 24 പോയിന്റ് നഷ്ടത്തിൽ 22932 പോയിന്റിലാണ് ക്ളോസ് ചെയ്തത്.
റിലയൻസും, എച്ച്ഡിഎഫ്സി ബാങ്കും, ടിസിഎസ്സും, ഐസിഐസിഐ ബാങ്കും അടക്കമുള്ള മുൻനിര ഓഹരികളിൽ ലാഭമെടുക്കൽ വന്നതാണ് വിപണിക്ക് നിർണായകമായത്. ബാങ്കിങ്, ഐടി, ഫിനാൻഷ്യൽ, റിയൽറ്റി സെക്ടറുകളും നിഫ്റ്റി സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകളും ഇന്ന് നേട്ടം കൈവിട്ടെങ്കിലും ലാഭത്തിൽ തന്നെയാണ് ക്ളോസ് ചെയ്തത്. മെറ്റൽ, ഓട്ടോ, എഫ്എംസിജി സെക്ടറുകൾ ഇന്ന് നഷ്ടം കുറിച്ചു.
ചൈനയുമായുള്ള വ്യാപാരക്കമ്മി വളരുന്നു
അമേരിക്കയുമായുള്ള ഇന്ത്യയുടെ വ്യാപാരത്തോത് വർദ്ധിക്കുകയും കയറ്റുമതി ഇറക്കുമതിയെക്കാൾ കൂടുതലാകുകയും ചെയ്തെങ്കിൽ ചൈന അടക്കമുള്ള ഏറ്റവും വലിയ മറ്റ് ഒൻപത് വ്യാപാരപങ്കാളിയുമായുള്ള വ്യാപാരക്കമ്മി 2023-24 സാമ്പത്തിക വർഷത്തിൽ വീണ്ടും വർദ്ധിച്ചു. എങ്കിലും ഇന്ത്യയുടെ മൊത്തം വ്യാപാരക്കമ്മി 2022-23 സാമ്പത്തിക വർഷത്തിലെ 264 ബില്യൺ ഡോളറിൽ നിന്നും കഴിഞ്ഞ സാമ്പത്തികവർഷത്തിൽ 238 ബില്ല്യൻ ഡോളറായി കുറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ചൈനയുമായുള്ള വ്യാപാരക്കമ്മി 85 ബില്യൺ ഡോളറിലേക്കും, റഷ്യയുമായുള്ള വ്യാപാരക്കമ്മി 57 ബില്യൺ ഡോളറിലേക്കും വളർന്നപ്പോൾ ഹോങ്കോങ്ങുമായുള്ള വ്യാപാരക്കമ്മി 8 ബില്യൺ ഡോളറിൽ നിന്നും 12 ബില്യൺ ഡോളറിലേക്കും വളർന്നു.
പിസിഇ ഡേറ്റയും കാത്ത് അമേരിക്ക
വെള്ളിയാഴ്ച അമേരിക്കൻ വിപണി മുന്നേറ്റം കുറിച്ചിരുന്ന അമേരിക്കൻ വിപണി ഇന്ന് അവധിയാണ്. വെള്ളിയാഴ്ച നാസ്ഡാക് 1%ൽ കൂടുതൽ മുന്നേറി റെക്കോർഡ് ഉയരത്തിനടുത്ത് ക്ളോസ് ചെയ്തപ്പോൾ എസ്&പി 0.70% മുന്നേറി. ഇന്ന് ഇന്ത്യയും ഇന്തോനേഷ്യയുമൊഴികെയുള്ള ഏഷ്യൻ വിപണികളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

അമേരിക്കൻ ഫെഡ് റിസേർവ് തീരുമാനങ്ങളെ സ്വാധീനിക്കുന്ന അമേരിക്കയുടെ പിസിഇ ഡേറ്റ വെള്ളിയാഴ്ച വരാനിരിക്കുന്നത് അമേരിക്കൻ വിപണിക്ക് നിർണായകമാണ്. ഫെഡ് അംഗങ്ങളുടെ പ്രസ്താവനകൾ ഈയാഴ്ചയും അമേരിക്കൻ വിപണിക്ക് കെണിയൊരുക്കിയേക്കാം.
നിരക്ക് കുറയ്ക്കാൻ ഇസിബി
യൂറോപ്യൻ സെൻട്രൽ ബാങ്ക് പാലിശ നിരക്ക് 4%ൽ നിന്നും കുറയ്ക്കാൻ തീരുമാനിച്ചു എന്ന ഇസിബിയുടെ ചീഫ് ഇക്കണോമിസ്റ്റായ ഫിലിപ്പ് ലേനിന്റെ പ്രസ്താവന യൂറോപ്യൻ വിപണികൾക്ക് അനുകൂലമാണ്. ജൂൺ ആറിന് നടക്കുന്ന ഇസിബി യോഗത്തിൽ അടിസ്ഥാനപലിശയിൽ 25 ബേസിസ് പോയിന്റ് ഇളവ് വരുത്തിയേക്കുമെന്ന് വിപണി പ്രതീക്ഷിക്കുന്നു.
ക്രൂഡ് ഓയിൽ
അടുത്ത ആഴ്ചയിലെ ഒപെക് യോഗവും, മിഡിൽ ഈസ്റ്റിൽ പ്രശ്നങ്ങൾ വഷളാകുന്നതും സരോദ് ഓയിലിന് നിർണായകമാണ്. ഫെഡ് റീസർവിന് മുൻപായി ഇസിബി നിരക്ക് കുറക്കാനൊരുങ്ങുന്നതും ഓയിൽ വിപണിയിൽ ആവേശമുണ്ടാക്കിയേക്കും. ബ്രെന്റ് ക്രൂഡ് ഓയിൽ 82 ഡോളറിൽ വ്യാപാരം തുടരുന്നു.
സ്വർണം
അമേരിക്കൻ ബോണ്ട് യീൽഡ് വീണതിനെ തുടർന്ന് രാജ്യാന്തര സ്വർണവില മുന്നേറ്റം നടത്തിയെങ്കിലും ഇന്ന് വീണ്ടും ക്രമപ്പെട്ടു. അമേരിക്കൻ പിസിഇ ഡേറ്റ വരാനിരിക്കെ അമേരിക്കൻ ബോണ്ട് യീൽഡ് വീഴാതെ നിന്നേക്കാമെന്ന പ്രതീക്ഷ സ്വർണത്തിന് പ്രതികൂലമാണ്. രാജ്യാന്തര സ്വർണവില 2350 ഡോളറിനടുത്താണ് തുടരുന്നത്.

നാളത്തെ റിസൾട്ടുകൾ
റൈറ്റ്സ്, എൻബിസിസി, ജിഎൻഎഫ്സി, ബ്രിഗേഡ്, അമര രാജ, ബൽറാംപുർ ചിനി, എബിഎഫ്ആർഎൽ, കപ്പാസിറ്റെ ഇൻഫ്രാ, ലിൻഡെ ഇന്ത്യ, എംഎംടിസി, ക്യാമ്പസ് ആക്ടിവെയർ, ഒമാക്സ് ഓട്ടോ, മിർസ ഇന്റർനാഷണൽ, യൂണിടെക്ക്, എഎഎ ടെക്ക്, ഗ്രീൻലാം മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.