ADVERTISEMENT

2023-24 സാമ്പത്തിക വർഷത്തേക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 2.11 ലക്ഷം കോടി രൂപ  കേന്ദ്ര സർക്കാരിന് കൈമാറി. ഇതുവരെയുള്ള റെക്കോർഡുകളെയെല്ലാം ഭേദിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം കൊടുത്ത  ലാഭവിഹിതത്തിന്റെ ഇരട്ടിയിലധികമാണിത്. എന്നാൽ, ബാങ്കുകളുടെ ബാങ്കായ  ആർബിഐ എങ്ങനെയാണ് ലാഭമുണ്ടാക്കുന്നത്?

നോട്ടുകളുടെ അച്ചടി

റിസർവ് ബാങ്ക് നോട്ട് അച്ചടിച്ച് ബാങ്കുകൾക്ക് സർക്കുലേഷൻ നടത്താനായി നൽകുമ്പോൾ ബാങ്കുകൾ റിസർവ് ബാങ്കിനായി നല്ലൊരു തുക നൽകേണ്ടതുണ്ട്. ഇതിലൂടെ റിസർവ് ബാങ്ക് നല്ല വരുമാനമുണ്ടാക്കുന്നുണ്ട്.

ബോണ്ടുകൾ

സമ്പദ് വ്യവസ്ഥയിലെ പണ ലഭ്യത നിയന്ത്രിക്കുന്നതിനായി ബോണ്ടുകളുടെ വാങ്ങലും വിൽക്കലും റിസർവ് ബാങ്ക് നടത്താറുണ്ട്. ഇത് ഒരു നല്ല വരുമാന സ്രോതസാണ്. ഈ ബോണ്ടുകളിൽ നിന്നു ലഭിക്കുന്ന പലിശയ്ക്ക് പുറമെ, ബോണ്ട് വിലകളിലെ മാറ്റങ്ങളിൽ നിന്നു ആർബിഐയ്ക്ക് ലാഭമുണ്ടാകാറുണ്ട്. 

വിദേശ നാണയ വിപണി ഇടപാടുകൾ

വിദേശ നാണയ വിപണിയിലെ ഇടപാടുകളും റിസർവ് ബാങ്കിന് ലാഭം നൽകാറുണ്ട്. ഉദാഹരണത്തിന് ഡോളർ വില കുറയുമ്പോൾ വാങ്ങുകയും വില കൂടുമ്പോൾ വിൽക്കുകയും ചെയ്യുന്നത് പോലുള്ള പ്രവർത്തനങ്ങൾ റിസർവ് ബാങ്കിന്റെ വരുമാന മാർഗമാണ്. ഇന്ത്യയുടെ ഫോറെക്സ് റിസർവ് നിയന്ത്രിക്കുന്നതും റിസർവ് ബാങ്കാണ്.

മുംബൈയിലെ റിസർവ് ബാങ്ക് ആസ്ഥാനത്തിനു മുന്നിലൂടെ വഴിയാത്രക്കാരൻ നടന്നു നീങ്ങുന്നു. (Photo by Indranil MUKHERJEE / AFP)
മുംബൈയിലെ റിസർവ് ബാങ്ക് ആസ്ഥാനത്തിനു മുന്നിലൂടെ വഴിയാത്രക്കാരൻ നടന്നു നീങ്ങുന്നു. (Photo by Indranil MUKHERJEE / AFP)

പലിശ

ഇന്ത്യയിലെ ബാങ്കുകളെല്ലാം ഒരു നിശ്ചിത തുക റിസർവ് ബാങ്കിൽ സൂക്ഷിക്കേണ്ടതായുണ്ട്. ഈ തുകയ്ക്ക് റിസർവ് ബാങ്ക് പലിശയൊന്നും ബാങ്കുകൾക്ക് നൽകേണ്ടതില്ല. എന്നാൽ ബാങ്കുകൾക്ക് കടം കൊടുക്കുന്നതിനു റിസർവ് ബാങ്കിന് ഈ തുക ഉപയോഗിക്കാം. അങ്ങനെ നൽകുന്നതിലൂടെ ആർബിഐ ലാഭം ഉണ്ടാക്കുന്നുണ്ട്. 

നികുതി ബാധ്യതയില്ല

സാധാരണയായി എല്ലാ ബാങ്കുകൾക്കും അവരുണ്ടാക്കുന്ന ലാഭത്തിന് കേന്ദ്ര സർക്കാരിലേക്ക് നികുതി അടക്കണമെങ്കിലും റിസർവ് ബാങ്കിന് അത്തരമൊരു ബാധ്യതയില്ല. റിസർവ് ബാങ്ക് 'നോട് ഫോർ പ്രോഫിറ്റ് ഓർഗനൈസേഷൻ' ആയതിനാൽ നികുതി അടക്കേണ്ടി വരുന്നില്ല. വ്യക്തികൾക്ക് പോലും നികുതി ബാധ്യത ഇല്ലെങ്കിൽ എത്രത്തോളം പണം ലാഭിക്കാം, അപ്പോൾ കോടി കണക്കിന് വരുമാനത്തിന് നികുതി ഇല്ലെങ്കിൽ റിസർവ് ബാങ്കിന്റെ കാര്യം പറയാനുണ്ടോ?

റിസർവ് ബാങ്ക് പണം കൈമാറ്റം പൊതുമേഖലക്ക് എങ്ങനെ നേട്ടമാകും?

റിസർവ് ബാങ്കിൽ നിന്ന് ലഭിച്ച പണം, അടുത്ത ബജറ്റിൽ ഫിസിക്കൽ ഡെഫിസിറ്റ് കുറയ്ക്കാൻ സഹായിക്കും എന്ന സന്തോഷത്തിലാണ് കേന്ദ്ര സർക്കാർ. എന്നാൽ വിചാരിക്കാത്ത രീതിയിൽ സർക്കാരിൽ പണമെത്തിയത് അടുത്ത ബജറ്റിൽ പൊതുമേഖലക്ക് കൂടുതൽ പണം വകയിരുത്താൻ വഴിതുറക്കുമെന്ന് അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നു. ഇപ്പോൾ തന്നെ ഉയർച്ചയിലായിരിക്കുന്ന പൊതുമേഖലാ കമ്പനികളിലേക്കും ഇൻഫ്രാ, മാനുഫാച്ചറിങ് മേഖലയിലും, മെയ്ക് ഇൻ ഇന്ത്യ പദ്ധതികളിലും പണമൊഴുകാൻ റിസർവ് ബാങ്കിന്റെ 'സമ്മാനം' ഉപകരിക്കും എന്ന കണക്കുകൂട്ടലാണ് വിദഗ്ധർ പങ്കുവയ്ക്കുന്നത്. ഇത്തരം ഒരു വിശകലനം വന്നതോടെ പൊതുമേഖലാ സഥാപനങ്ങളുടെ ഓഹരികളും പൊതുമേഖല ബാങ്ക് ഓഹരികളും മാത്രമല്ല ഇതിനോട് ബന്ധപ്പെട്ട ഇടിഎഫുകളും, മ്യൂച്വൽ ഫണ്ടുകളും ഉയർച്ചയിലാണ്. എന്നാൽ 2023ൽ നൽകിയ തുകയേക്കാൾ 140 ശതമാനം കൂടുതൽ എങ്ങനെ ആർബിഐയ്ക്ക് സർക്കാരിന് നൽകാനായി എന്നതിൽ പല സാമ്പത്തിക വിദഗ്ധരും സംശയം പ്രകടിപ്പിക്കുന്നുണ്ട് എന്നതും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.

English Summary:

RBI’s Historic Cash Transfer: What It Means for Public Sector Growth and Investment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com