സ്റ്റാർക്കിനെതിരെ ആദ്യ 4 പന്തിൽ 11 റൺസ്, പിന്നാലെ അനാവശ്യ റണ്ണൗട്ട്; ഡൽഹിക്കെതിരെ ‘ഓടിത്തോറ്റ’ സൺറൈസേഴ്സ്– വിഡിയോ

Mail This Article
വിശാഖപട്ടണം∙ നിർണായകമായ ക്യാച്ചുകൾ മത്സരം ജയിപ്പിക്കുമെന്നു പറയുംപോലെ നിർണായക റണ്ണൗട്ടുകൾ മത്സരം തോൽക്കാനും കാരണമാകും. ഡൽഹിക്കെതിരായ മത്സരത്തിൽ അത്തരമൊരു റണ്ണൗട്ടാണ് ഹൈദരാബാദ് ഇന്നിങ്സിന്റെ താളം തെറ്റിച്ചത്. മിച്ചൽ സ്റ്റാർക് എറിഞ്ഞ ആദ്യ ഓവറിലെ 4 പന്തുകളിൽ 11 റൺസുമായി നല്ല തുടക്കമാണ് ഹൈദരാബാദിന് ലഭിച്ചത്.
എന്നാൽ അഞ്ചാം പന്തിൽ അനാവശ്യമായൊരു സിംഗിളിനു ശ്രമിച്ച് അഭിഷേക് ശർമ റണ്ണൗട്ടായി. സ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന ട്രാവിസ് ഹെഡ് റണ്ണിനായി വിളിച്ചപ്പോൾ നോൺ സ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന അഭിഷേക് അതു നിരസിച്ചിരുന്നു. എന്നാൽ ഹെഡ് ഓടി പിച്ചിന്റെ പകുതി എത്തിയതോടെ മറ്റു മാർഗമില്ലാതെ അഭിഷേകും ഓടി. അപ്പോഴേക്കും പന്ത് കൈപ്പിടിയിലാക്കിയ ഡൽഹി ഫീൽഡർ വിപ്‍രാജ് നിഗത്തിന്റെ ത്രോ സ്റ്റംപ്സ് ഇളക്കി.
ഹെഡ്–അഭിഷേക് ബാറ്റിങ് കൂട്ടുകെട്ട് തുടക്കത്തിൽത്തന്നെ തകർന്നത് ഹൈദരാബാദിന് തിരിച്ചടിയായി. ഐപിഎലിൽ 3 തവണ സെഞ്ചറി കൂട്ടുകെട്ട് സൃഷ്ടിച്ചിട്ടുള്ള അഭിഷേക്– ഹെഡ് സഖ്യം ഫോമിലായ ഒരു മത്സരത്തിൽ പോലും ഹൈദരാബാദ് തോറ്റിട്ടില്ല.