കോർണർ ഫ്ലാഗിനൊപ്പം ജഴ്സി ഉയർത്തി ആഘോഷം എന്തിന്? ബ്ലാസ്റ്റേഴ്സ് ആരാധകർ ആക്ഷേപിച്ചെന്ന് മാജ്സൻ
Mail This Article
കൊച്ചി∙ ലോകത്തിലെ ആദ്യ ‘മീശ ടൂർ’ അവതരിപ്പിച്ച സ്‌ലൊവേനിയൻ തലസ്ഥാനനഗരം ലുബിയാനയിൽ നിന്നുള്ള ലൂക്ക മാജ്സന്റെ ‘മീശ ഷോ’യ്ക്കു മുന്നിലാണ് ഈ ഐഎസ്എലിലെ ആദ്യമത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പകച്ചുപോയത്. ലൂക്കയുടെ മീശവീര്യത്തിനു വേദിയായതു ബ്ലാസ്റ്റേഴ്സിന്റെ പെനൽറ്റി ഏരിയയും കോർണർ ഏരിയയും.
86–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി കിക്ക് ഗോളാക്കിയ ലൂക്ക മാജ്സൻ തൊട്ടുപിന്നാലെ പതിവില്ലാത്ത ഒരു കാര്യം കൂടി ചെയ്തു. ബ്ലാസ്റ്റേഴ്സിന്റെ പേരെഴുതിയ കോർണർ കൊടിയെ തന്റെ കുപ്പായംകൊണ്ട് അലങ്കരിച്ച്, കൊടിക്കാൽ പിഴുതെടുത്ത് മേലോട്ട് ഉയർത്തിയൊരു ആവേശ പ്രകമ്പനം. എന്തായിരുന്നു ആ സ്പെഷൽ ആഘോഷത്തിനു കാരണം? ലൂക്ക മാജ്സൻ അതേക്കുറിച്ചു ‘മനോരമ’യോടു സംസാരിക്കുന്നു...
‘രണ്ടാം പകുതിയിൽ സബ്സ്റ്റിറ്റ്യൂട്ടായാണ് ഞാൻ കളത്തിലിറങ്ങിയത്. അപ്പോൾ മുതൽ ബ്ലാസ്റ്റേഴ്സ് ആരാധകർ എന്നെ ആക്ഷേപിക്കാൻ തുടങ്ങി. എന്റെ പേരു വിളിച്ചായിരുന്നു അത്.പക്ഷേ, അതെനിക്കു കൂടുതൽ പ്രചോദനമായി മാറി. ഗോൾ നേടിയതോടെ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അതുവരെയുള്ളതിനെല്ലാം മറുപടി നൽകണമെന്ന് എനിക്കു തോന്നി. തുടർന്നാണ് അങ്ങനെയൊരു ഗോളാഘോഷത്തിനു മുതിർന്നത്’.
പെനൽറ്റി അനായാസം ഗോളിലെത്തിച്ചു പഞ്ചാബിനു ലീഡ് നൽകിയ ലൂക്ക ഇരുമുഷ്ടിയും ചുരുട്ടിയുള്ള തന്റെ പതിവു ‘പഞ്ച് സെലിബ്രേഷൻ’ ഉപേക്ഷിച്ചാണു സ്വന്തം ജഴ്സിയൂരി കോർണർ ഫ്ലാഗിനെ പുതപ്പിച്ചത്.കൊച്ചിയിലെ വലിയ കാണികൾക്കു മുന്നിൽ കളിച്ചതിൽ തനിക്കൊരു സമ്മർദവും തോന്നിയില്ലെന്നു മാജ്സൻ പറയുന്നു. ‘ശാരീരികമായി കരുത്താർജിച്ചാൽ മാത്രം പോരാ, നല്ല മനോബലം കൂടി ആവശ്യമാണ്. അതുണ്ടെങ്കിൽ ഒരു സമ്മർദവും നിങ്ങളെ ബാധിക്കില്ല. ഇവിടത്തെ ആരാധകർക്കു മുന്നിൽ കളിക്കുന്നതിന്റെ സമ്മർദം ഞങ്ങളെക്കാളേറെ അനുഭവിക്കുന്നതു ബ്ലാസ്റ്റേഴ്സാണ്’– മാജ്സൻ പറഞ്ഞു. ബ്ലാസ്റ്റേഴ്സ് താരം കെ.പി. രാഹുലുമായി കൂട്ടിയിടിച്ച് താടിയെല്ലിനു പരുക്കേറ്റു കളംവിട്ട മുപ്പത്തിയഞ്ചുകാരൻ മാജ്സൻ അടുത്ത മത്സരം കളിച്ചേക്കില്ല.
മീശ ടൂർ
മലയാളികളെപ്പോലെ മീശയ്ക്കു ‘പ്രത്യേക ശ്രദ്ധ’ നൽകുന്നവരാണ് സ്‌ലൊവേനിയക്കാരും. സ്‌ലൊവേനിയയുടെ ചരിത്രത്തിലും പൈതൃകത്തിലും സ്ഥാനം പിടിച്ച മൂന്നു മീശക്കാരുണ്ട്. ആർക്കിടെക്ട് ഹോസെ പ്ലെക്നിച്, എഴുത്തുകാരൻ ഇവാൻ കാൻകർ, ചിത്രകാരൻ റൈഹഡ് യാക്കോപിച് എന്നിവർ. ഇവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളെല്ലാം സന്ദർശിക്കാൻ അവസരമൊരുക്കുന്നതാണ് ലുബിയാനയിലെ ‘മീശ ടൂർ’.
കലാപരമായി പ്രതിഭകളായിരുന്ന സ്‌ലൊവേനിയയിലെ മീശക്കാരുടെ ആ പാരമ്പര്യത്തിന്റെ പിൻമുറക്കാരനായ ലൂക്ക മാജ്സന്റെ മീശയും ഇതിനകം മലയാളികളുടെ ശ്രദ്ധ നേടിക്കഴിഞ്ഞു. 2021ൽ ഗോകുലം കേരള എഫ്സി താരമായിരുന്ന മാജ്സൻ കോഴിക്കോട്ടുനിന്നാണ് 2022ൽ പഞ്ചാബ് എഫ്സിയിലേക്കു ചുവടുമാറിയത്.