ട്രെയിൻ ഇഴഞ്ഞു, കേരളം വലഞ്ഞു!; ദേശീയ ജൂനിയർ സ്കൂൾ അത്ലറ്റിക്സിന് ഇന്നു തുടക്കം
Mail This Article
20 മണിക്കൂറും 55 മിനിറ്റും! ലക്നൗവിലെ ഗുരു ഗോബിന്ദ് സിങ് സ്പോർട്സ് കോളജ് സിന്തറ്റിക് ട്രാക്കിൽ അവസാനവട്ട പരിശീലനം നടത്തേണ്ട സമയത്ത്, ഒരു ദിവസത്തോളം രപ്തിസാഗർ എക്സ്പ്രസിന്റെ സ്ലീപ്പർ കോച്ചിൽ കുടുങ്ങിക്കിടക്കുകയായിരുന്നു കേരളത്തിന്റെ കൗമാര താരങ്ങൾ. ഞായറാഴ്ച രാത്രി ലക്നൗവിലെത്തി ഇന്നലെ മുഴുവൻ പരിശീലനം നടത്താനിരുന്ന കേരള സംഘത്തിന്റെ പദ്ധതികളെല്ലാം ഇഴഞ്ഞുനീങ്ങിയ ട്രെയിൻ അട്ടിമറിച്ചു. എന്നാൽ തിരിച്ചടികളിൽ തളരാത്ത പോരാട്ടവീര്യവുമായി കേരള താരങ്ങൾ ഇന്നു ദേശീയ ജൂനിയർ സ്കൂൾ അത്‌ലറ്റിക്സിന്റെ ട്രാക്കിലേക്ക് ഇറങ്ങുകയാണ്. ആദ്യദിനം ഒരു ഫൈനൽ മാത്രം. മീറ്റ് 30ന് സമാപിക്കും.
27 പെൺകുട്ടികളും 31 ആൺകുട്ടികളുമാണ് മീറ്റിൽ കേരളത്തിനായി മത്സരിക്കുന്നത്. പരിശീലകരടക്കം ടീമിൽ ആകെയുള്ളത് 60 പേർ. രപ്തിസാഗർ എക്സ്പ്രസിലായിരുന്നു കേരള ടീമിന്റെ ലക്നൗവിലേക്കുള്ള യാത്ര. എറണാകുളം സൗത്തിൽ നിന്ന് വെള്ളിയാഴ്ച രാവിലെ 10.50നു യാത്ര തിരിക്കേണ്ട ട്രെയിൻ രാത്രി 11.30നാണു പുറപ്പെട്ടത്. നോർത്തിലും പിടിച്ചിട്ട ട്രെയിൻ ശനിയാഴ്ച പുലർച്ചെ 1.30നാണ് എറണാകുളം വിട്ടത്. സാങ്കേതിക തകരാറായിരുന്നു വൈകിയതിനു കാരണം. മാരത്തൺ യാത്രയ്ക്കൊടുവിൽ ഇന്നലെ രാവിലെ ലക്നൗവിലെത്തിയ കേരള ടീമിന്റെ താമസം ഗ്രൗണ്ടിൽനിന്നു കിലോമീറ്ററുകൾ അകലെയാണ്. വൈകിട്ട് സ്റ്റേഡിയത്തിലെത്തിയ താരങ്ങൾക്ക് ഗ്രൗണ്ടിനെ ഒന്നുവലംവയ്ക്കാനുള്ള സമയമേ ഇന്നലെ ലഭിച്ചുള്ളൂ.
2016ൽ കൈവിട്ട ദേശീയ ജൂനിയർ സ്കൂൾ അത്‌ലറ്റിക്സ് ചാംപ്യൻഷിപ് തിരിച്ചുപിടിക്കുകയാണ് കേരളത്തിന്റെ ലക്ഷ്യം. കഴിഞ്ഞവർഷം ബിഹാറിൽ നടന്ന ജൂനിയർ സ്കൂൾ മീറ്റിൽ 4 സ്വർണം അടക്കം 12 മെഡലുകളാണ് കേരളത്തിന് ലഭിച്ചത്.