ഭാഗ്യം, മറ്റൊരു വിനേഷ് ഫോഗട്ടായില്ല; ഭാരം കുറയ്ക്കാൻ മുടിപോലും മുറിച്ചു, ദേശീയ ഗെയിംസിൽ സുഫ്നയ്ക്ക് ‘സുവർണ ഭാരം’!

Mail This Article
ഹൽദ്വാനി∙ ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ കേരളത്തിന് ആദ്യ സ്വർണം സമ്മാനിച്ച സുഫ്ന ജാസ്മിൻ, ഭാരം ക്രമീകരിക്കാനായി മുടി പോലും മുറിച്ച ശേഷമാണ് മത്സരിച്ചത്. ഭാരോദ്വഹനത്തിൽ പങ്കെടുത്ത് സ്വർണം നേടിയ സുഫ്ന, മത്സരത്തിനു നടത്തിയ പരിശോധനയിൽ 150 ഗ്രാം ഭാരം അധികമുണ്ടെന്നു കണ്ടെത്തിയതോടെയാണ് ഭാരം കുറയ്ക്കാനായി മുടി മുറിച്ചത്. ഇതിനു പുറമേ ഭക്ഷണം നിയന്ത്രിച്ചും കടുത്ത വ്യായാമങ്ങൾ ചെയ്തുമാണ് ഇരുപത്തിരണ്ടുകാരിയായ താരം ഭാരം നിശ്ചിത പരിധിയിൽ നിയന്ത്രിച്ചുനിർത്തിയത്.
കഴിഞ്ഞ വർഷം പാരിസ് ഒളിംപിക്സിൽ 100 ഗ്രാം ഭാരം അധികമായതിന്റെ പേരിൽ ഗുസ്തിയിൽ ഉറപ്പായ മെഡൽ നഷ്ടമായ വിനേഷ് ഫോഗട്ടിന്റേതിനു സമാനമായ നിർഭാഗ്യത്തിൽനിന്ന് നേരിയ വ്യത്യാസത്തിലാണ് സുഫ്ന രക്ഷപ്പെട്ടത്. സ്നാച്ചിൽ 72 കിലോയും ക്ലീൻ ആർഡ് ജെർക്കിൽ 87 കിലോയും ഉയർത്തി ആകെ 159 കിലോയോടെയാണ് താരം സ്വർണം നേടിയത്. മഹാരാഷ്ട്രയുടെ ദീപാലി ഗുർസാലെ വെള്ളിയും മധ്യപ്രദേശിന്റെ റാണി വെങ്കലവും നേടി.
തൃശൂർ മരോട്ടിച്ചാൽ സ്വദേശിനിയായ സുഫ്ന, വനിതകളുടെ 45 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിച്ചത്. 11 മണിക്കു നടക്കേണ്ട മത്സരത്തിനു മുന്നോടിയായി ഭാരപരിശോധന നടത്തേണ്ടത് രാവിലെ ഒൻപതിനായിരുന്നു. ഇതിനു മുന്നോടിയായി ഭാരം പരിശോധിച്ചപ്പോഴാണ് 150 ഗ്രാം അധികമാണെന്നു കണ്ടെത്തിയത്. ഇതോടെ മുടി പോലും മുറിച്ചാണ് ഭാരം കൃത്യമാക്കിയത്. ഇന്നലെ പരിശോധിക്കുന്ന സമയത്ത് 1.5 കിലോഗ്രാം ഭാരം അധികമായിരുന്നുവെന്നും തുടർന്ന് കടുത്ത ഭക്ഷണനിയന്ത്രണത്തിലൂടെയും കഠിനമായ വ്യായാമങ്ങൾ ചെയ്തുമാണ് ഭാരം നിയന്ത്രിച്ചതെന്ന് പരിശീലകയായ ചിത്ര ചന്ദ്രമോഹൻ വ്യക്തമാക്കി.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ ബിരുദ വിദ്യാർഥിനിയാണ് സുഫ്ന. ഗെയിംസിന്റെ ആദ്യ ദിനമായ ഇന്നലെ നീന്തലിൽ കേരളത്തിനായി സജൻ പ്രകാശ് ഇരട്ടവെങ്കലം നേടിയിരുന്നു.
∙ വിനേഷ് ഫോഗട്ടിന് സംഭവിച്ചത്...
പാരിസ് ഒളിംപിക്സിൽ വനിതാ ഗുസ്തിയിൽ 50 കിലോ ഗ്രാം വിഭാഗത്തിൽ മത്സരിച്ചിരുന്ന വിനേഷ് ഫോഗട്ടിനെ ഫൈനലിനു തൊട്ടുമുൻപാണു അയോഗ്യയാക്കിയത്. നിശ്ചിത ഭാരത്തിലും 100 ഗ്രാം അധിക ഭാരമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു താരത്തെ മാറ്റിനിർത്തിയത്. ഭാരം കുറയ്ക്കാൻ സമയം വേണമെന്ന ഇന്ത്യയുടെ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. ഇതോടെ വിനേഷ് ഫോഗട്ട് രാജ്യാന്തര തർക്ക പരിഹാര കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
ഫൈനലിനു തലേന്ന് ഭാരപരിശോധനയിൽ വിജയിച്ച ശേഷം 3 മത്സരങ്ങൾ വിജയിച്ച് ഫൈനലിനു യോഗ്യത നേടിയ തനിക്ക് സംയുക്ത വെള്ളി മെഡൽ നൽകണമെന്ന വിനേഷ് ഫോഗട്ടിന്റെ ആവശ്യം തിരസ്കരിക്കപ്പെട്ടു. പിന്നീട് വിരമിക്കൽ പ്രഖ്യാപിച്ച് കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലിറങ്ങിയ ഫോഗട്ട്, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചു.