ഒൻസ് ജാബറെ അട്ടിമറിച്ച് പതിനാറുകാരി മിറ

Mail This Article
മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ നാലാം ദിനത്തിലെ താരമായി റഷ്യയുടെ പതിനാറുകാരി മിറ ആൻഡ്രീവ. വനിതാ സിംഗിൾസ് രണ്ടാം റൗണ്ടിൽ ആറാം സീഡ് തുനീസിയയുടെ ഒൻസ് ജാബറെ അനായാസം വീഴ്ത്തിയാണ് മിറ ആരാധകരെ വിസ്മയിപ്പിച്ചത്. 3 തവണ ഗ്രാൻസ്‌ലാം ഫൈനലിസ്റ്റായ ജാബറെ കീഴടക്കാൻ മിറയ്ക്ക് വേണ്ടിവന്നത് വെറും 54 മിനിറ്റ് (6-0, 6-2). ഓസ്ട്രേലിയൻ ഓപ്പണിൽ ആദ്യമായി മത്സരിക്കാനെത്തിയ കൗമാര താരം ലോക റാങ്കിങ്ങിൽ ആദ്യ പത്തിലുള്ളവരെ അട്ടിമറിക്കുന്നത് ഇതാദ്യമാണ്.
നിലവിലെ പുരുഷ ചാംപ്യൻ നൊവാക് ജോക്കോവിച്ച്, ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസ്, റഷ്യയുടെ ആന്ദ്രെ റുബലേവ്, ഇറ്റലിയുടെ യാനിക് സിന്നർ, വനിതകളിൽ രണ്ടാം സീഡ് അരീന സബലേങ്ക, ബാർബറ ക്രെജിക്കോവ, കൊക്കൊ ഗോഫ് എന്നിവരെല്ലാം മൂന്നാം റൗണ്ടിലേക്ക് മുന്നേറി.
ഓസ്ട്രേലിയയുടെ സീഡ് ചെയ്യപ്പെടാത്ത യുവതാരം അലക്സി പോപ്റിനെ മറികടക്കാൻ ജോക്കോവിച്ചിന് നന്നായി അധ്വാനിക്കേണ്ടിവന്നു (6-3, 4-6,7-6, 6-3). മറ്റൊരു ഓസീസ് താരം ജോർദാൻ തോംപ്സനെതിരെ ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷം തിരിച്ചടിച്ചാണ് ഏഴാം സീഡ് സിറ്റ്സിപാസ് വിജയിച്ചത് (4-6, 7-6, 6-2, 7-6). പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ സുമിത് നാഗൽ ഇന്ന് രണ്ടാം റൗണ്ട് മത്സരത്തിനിറങ്ങും. ചൈനയുടെ ജുൻചെൻ ചാങ്ങാണ് എതിരാളി. റാങ്കിങ്ങിൽ സുമിത്തിനേക്കാൾ പിന്നിലാണ് ജുൻചെൻ.