ADVERTISEMENT

നല്ല കട്ടിയുള്ള നീളൻ മുടി എന്നത് പല പെൺകുട്ടികളുടെയും ഒരു സ്വപ്നമാണ്. എങ്കിലും വെട്ടാതെ വർഷങ്ങളോളം ഇരുന്നിട്ട് പോലും മുടി വളരാത്തത് എന്ത് കഷ്ടമാണല്ലേ? എന്നാൽ ഇനി അതോർത്ത് വിഷമിക്കേണ്ട. നമ്മുടെ കൈയ്യകലത്ത് തന്നെയുണ്ട് ഇതിനുള്ള പരിഹാരം. അതെ ചോറ് തന്നെ. മുടികൊഴിച്ചിൽ, താരൻ, വരണ്ട മുടി, മുടി പൊട്ടി പോകൽ തുടങ്ങിയ പ്രശ്നങ്ങളെല്ലാം തടയാൻ ചോറ് കൊണ്ടുള്ള ഈ ഹെയർമാസ്കിന് സാധിക്കും. പ്രധാന ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം.

ചോറ്

കഞ്ഞിവെള്ളം മുടിക്ക് എത്രമാത്രം നല്ലതാണെന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. അതുപോലെതന്നെ ചോറും മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും ഏറെ മികച്ചതാണ്. പൊതുവേ കൊറിയക്കാരുടെ സൗന്ദര്യ സംരക്ഷണ ചേരുവകളിൽ ചോറിനും അരിയ്ക്കുമൊക്കെ ഉള്ള പങ്ക് വളരെ വലുതാണ്. മുടി‌ക്ക് സ്വാഭാവിക തിളക്കവും അതുപോലെ മൃദുവാക്കാനും ചോറ് ഏറെ സഹായിക്കും. മാത്രമല്ല മുടി കൊഴിച്ചിൽ മാറ്റാനും മുടിക്ക് ഉള്ള് നൽകാനും ഇത് സഹായിക്കും.

കറിവേപ്പില

അമിനോ ആസിഡുകളുടെ ഉറവിടമായതിനാൽ കറിവേപ്പില മുടിക്ക് വളരെ ഉപയോഗപ്രദമാണ്. കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ മുടിയുടെ ശക്തി നിലനിർത്താനും മുടിക്കു തിളക്കം നൽകാനും സഹായിക്കും. കൂടാതെ അവശ്യ പോഷകങ്ങൾ, വിറ്റാമിനുകൾ, പ്രോട്ടീനുകൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്.

ഒലീവ് ഓയിൽ

വൈറ്റമിൻ ഇ, കെ എന്നിവയാൽ സമ്പന്നമാണ് ഒലീവ് ഓയിൽ. ഇതിലെ ആന്‍റിബാക്ടീരിയല്‍, ആന്‍റിഫംഗല്‍ ഘടകങ്ങള്‍ തലയോട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് മുടി വളരാൻ സഹായിക്കുന്നു. മാത്രമല്ല ഇതിലെ വൈറ്റമിൻ ഇ, കെ എന്നിവ താരന്‍, ചൊറിച്ചില്‍, വരണ്ട ചര്‍മം എന്നീ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

കറ്റാർവാഴ

കറ്റാർ വാഴയിൽ പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ നിർജ്ജീവ കോശങ്ങളെ നന്നാക്കി മുടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി പൊട്ടിപോകാനുള്ള സാധ്യതയെ നിയന്ത്രിച്ചു നിർത്തുകയും അമിതമായി മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു. താരൻ അകറ്റാനും കറ്റാർവാഴ മികച്ച പോംവഴിയാണ്.

മാസ്ക് തയാറാക്കാം

രണ്ടല്ലി കറിവേപ്പിലയും കുറച്ച് ചോറും അതിലേക്ക് അൽപ്പം കറ്റാർവാഴയും ഒലീവ് ഓയിലും ചേർത്ത് നന്നായി ഒരു മിക്സിയിലിട്ട് അരച്ച് എടുക്കുക. ശേഷം ഈ മാസ്ക് മുടിയിലും വേരിലുമൊക്കെ നന്നായി തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം മുടി നന്നായി കഴുകി വ്യത്തിയാക്കി എടുക്കാം. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഈ മാസ്ക് മുടിക്ക് ഇടുന്നത് മുടി വളരാനും മുടിയുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.

English Summary:

Transform Your Hair: The Ultimate Rice Hair Mask Recipe for Growth and Shine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com