ADVERTISEMENT

കാലം 1999. മൂന്നാമത് സംസ്ഥാന ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കലോത്സവം തൊടുപുഴയില്‍ നടക്കുന്നു. മനോരമയില്‍ നിന്നും വിക്ടര്‍ ജോര്‍‌ജും മാതൃഭൂമിയില്‍ നിന്നും ടി.കെ. പ്രദീപ്കുമാറും, മംഗളത്തില്‍ നിന്നും ഗോപീരാജനുമൊക്കെ ചിത്രം പകര്‍ത്താന്‍ എത്തിയിട്ടുണ്ട്. നാട്ടുകാരനും മാതൃഭൂമിയുടെ തൊടുപുഴയിലെ ചിത്രങ്ങളെടുക്കുന്നയാളെന്ന നിലയ്ക്കു ഞാനും കലോത്സവ വേദിയിലെത്തി. കോട്ടയത്തു നിന്നും ആളെത്തിയിട്ടുള്ളതിനാല്‍ എനിക്ക് മുഖ്യ കാര്‍മ്മികത്വം ഇല്ല. എന്നാല്‍ നാട്ടുകാരനെന്ന നിലയ്ക്ക് പിന്‍വലിഞ്ഞു നില്‍ക്കാനും സാധിക്കില്ല. 

കോട്ടയത്തുനിന്നും വന്നിരിക്കുന്ന പത്ര ഫൊട്ടോഗ്രഫര്‍മാര്‍ക്കൊക്കെ ലോക്കല്‍ അറിവുകള്‍ പങ്കിടുന്നതില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുകയാണ് മെച്ചമെന്ന് അപ്പോള്‍ തോന്നി. ഫിലിം എവിടെ കഴുകാം, പ്രിന്റ് എപ്പോള്‍ കിട്ടും, ഭക്ഷണത്തിനു പറ്റിയ കട എവിടെയാണുള്ളത്, അടുത്ത വേദിയിലേക്കുള്ള കുറുക്കുവഴി ഏതൊക്കെ ഇതൊക്കെ സംഭാവന ചെയ്യുകയാണ് ലക്ഷ്യം. വൈകുന്നേരമായപ്പോള്‍ ഈ അറിവുകള്‍ പങ്കിട്ട എന്നോടുതന്നെ ഫിലിം കളര്‍ലാബില്‍ കൊടുത്ത് ഡവലപ് ചെയ്യാമോയെന്ന് പ്രദീപ്കുമാര്‍ ചോദിച്ചു. ഒപ്പം വിക്ടര്‍ എടുത്ത ഫിലിം റോളും കൊണ്ടുപോകണമെത്രെ. മനോരമക്കാരന്‍ എടുത്ത റോള്‍ തികച്ചും മാതൃഭൂമി ലേബലുള്ള ഞാന്‍ കൊണ്ടുപോയി കൊടുക്കുന്നതിലെ വിഷമം പുറത്തുകാട്ടിയില്ല. കൂടാതെ വിക്ടര്‍ മനസിലെ ഹീറോയാണുതാനും. 

400 ഐഎസ്ഒ റോളുകള്‍ അങ്ങനെ കൂട്ടത്തോടെ തൊടുപുഴയിലെ ഫോട്ടോഫാസ്റ്റ് കളര്‍ ലാബിലെത്തിച്ചു. അവിടെത്തന്നെയിരുന്ന് ഫിലിം ഡവലപ് ചെയ്തു. ഡിജിറ്റല്‍ ക്യാമറകളുടെ ഈ യുഗത്തില്‍ മനസിലാകാത്തതും ഫിലിംയുഗത്തിലെ ഫൊട്ടോഗ്രഫര്‍ അനുഭവിക്കുന്ന ഒരു വ്യസനമുണ്ട്. നെഗറ്റീവ് കാണുംവരെ ഉള്ളിലൊരു നീറ്റല്‍. ഞാനെടുത്ത ചിത്രമല്ലെങ്കിലും വിക്ടറിന്റെ നെഗറ്റീവ് കണ്ടപ്പോള്‍ അകത്തുകൂടി ഒരു കൊള്ളിയാന്‍ മിന്നി. നെഗറ്റീവ് ആകെ അണ്ടര്‍ ആണോ എന്നൊരു സംശയം.(വേണ്ടെത്രെ വെളിച്ചമില്ലാതെ പതിയുന്ന ചിത്രങ്ങള്‍ക്കാണ് അണ്ടര്‍ എന്നു പറയുക). പിന്നാലെ പ്രദീപിന്റെ നെഗറ്റീവുമെത്തി. അതിന് വിക്ടറിന്റേതിനേക്കാള്‍ തെളിച്ചമുണ്ട്. എന്റെ പിഴവായി ഇത് തെറ്റിദ്ധരിക്കപ്പെടുമോയെന്ന ശങ്കയുമായി നെഗറ്റീവ് കയ്യിലെടുത്ത് കലോത്സവം നടക്കുന്ന സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളിലേക്ക് തിരിച്ചു. 

Victor-George-1
വിക്ടര്‍ ജോർജ് (ഫയൽ ചിത്രം)

ആദ്യം പ്രദീപിന്റെ നെഗറ്റീവ് നല്‍കി. തൊട്ടടുത്തിരിക്കുന്ന വിക്ടറിനോട് ‘നെഗറ്റീവ് ലേശം അണ്ടറാണ്, ഇവിടുത്തെ ലാബില്‍ ഇങ്ങനെയാണ് പ്രോസസ് ചെയ്യുക’ എന്ന മുന്‍കൂര്‍ ജാമ്യത്തോടെ നെഗറ്റീവ് നല്‍കി. വിക്ടറിന്റെ മുഖം പെട്ടന്ന് വാടി. അങ്ങനെ വരാന്‍ വഴിയില്ലല്ലോ എന്നുപറഞ്ഞ് കവര്‍ തുറന്നു. വെളിച്ചത്തിനു നേരെ പിടിച്ച പ്ലാസ്റ്റിക് ഷീറ്റിനിടയിലെ നെഗറ്റീവിലേക്കും തൊട്ടുപിന്നാലെ ചിരിച്ചുകൊണ്ട് എന്റെ നേരെയും നോക്കി വിക്ടര്‍ ചോദിച്ചു. ‘തൊടുപുഴക്കാരാ എന്നെ പറ്റിക്കാന്‍ പറഞ്ഞതാണല്ലേ?’. അപ്പോഴാണ് എനിക്കും ശ്വാസം നേരെ വീണത്. 

വിക്ടറിന്റെ ശൈലി തന്നെ അതായിരുന്നു. ആവശ്യത്തിലേറെ വെളിച്ചം കടത്തിവിട്ടു ചിത്രത്തെ വെളുപ്പിക്കുന്ന രീതി അദ്ദേഹത്തിനില്ല. ട്രാന്‍സ്പെരന്‍സി ഫിലിമാണെങ്കില്‍ ഒരു പോയിന്റ് വെളിച്ചക്കുറവില്‍ എടുക്കണമെന്ന് പിറ്റേവര്‍ഷം മലയാള മനോരമയില്‍ ട്രെയിനിയായെത്തിയ എനിക്കും ജെ. സുരേഷിനും, ആര്‍.എസ്. ഗോപനും, ജാക്സണ്‍ ആറാട്ടുകുളത്തിനും നല്‍കിയ ഉപദേശത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. 

പത്രത്തില്‍ അച്ചടിച്ചുവരുമ്പോള്‍ ഈ വെളിച്ചക്കുറവ് കാണാനില്ലെങ്കിലും ഫോട്ടോ പേപ്പറുകളില്‍ അദ്ദേഹത്തിന്റെ ചിത്രം പ്രിന്റ് ചെയ്യുമ്പോള്‍ ആ വെളിച്ചക്കുറവിന്റെ തെളിമ പിന്നീട് വളരെയധികം പ്രാവശ്യം നേരിട്ടു കാണാന്‍ സാധിച്ചിട്ടുണ്ട്. ഇന്ന് മഹാനായ ആ വഴികാട്ടി മരിച്ചിട്ടു 18 വര്‍ഷം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com