പങ്കാളി പൊസസീവ് ആണോ? പ്രശ്നം ഗുരുതരമാണ്; ജീവിതത്തിൽ സ്വസ്ഥത വേണമെങ്കില് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Mail This Article
ചിലർ പങ്കാളികളെ സ്നേഹം കൊണ്ട് ശ്വാസം മുട്ടിക്കും. വേണ്ടതിലേറെ കരുതലും സംരക്ഷണവും നൽകി സ്നേഹം കൊണ്ടു പൊതിഞ്ഞു നിൽക്കും. പക്ഷേ പോകെപ്പോകെ ആ സ്നേഹത്തിന് ഒരു അധികാരത്തിന്റെയോ ഉടമസ്ഥാവകാശത്തിന്റെയോ ഭാവം കൈവരും. ആദ്യം ആസ്വദിച്ചിരുന്ന സ്നേഹം പിന്നെ വല്ലാത്തൊരു ശ്വാസംമുട്ടലായി തോന്നും. ഒരു പക്ഷേ അപ്പോഴേക്കും ഒരിക്കലും മോചനമില്ലാത്ത ഒരു ബന്ധത്തിൽ അകപ്പെട്ടുപോകുന്ന അവസ്ഥ വരെ ഉണ്ടായേക്കാം. പ്രണയത്തിൽ സീരിയസാകും മുൻപ്, പങ്കാളി പൊസസീവ് അല്ല എന്ന് ഉറപ്പിക്കണം. ആദ്യം തന്നെ അതു തിരിച്ചറിയാൻ സാധിച്ചാൽ ബൈ പറഞ്ഞ് പിരിയാം.
എപ്പോഴും നിയന്ത്രിക്കും
പങ്കാളി പൊസസീവ് ആണെങ്കിൽ അയാൾ എപ്പോഴും രണ്ടാമത്തെയാളിന്റെ തീരുമാനങ്ങളെയും പെരുമാറ്റത്തെയും സ്വാതന്ത്ര്യത്തെയും എല്ലാം നിയന്ത്രിച്ചു കൊണ്ടിരിക്കും. അത്തരമൊരു പങ്കാളിയോടൊപ്പം ജീവിച്ചാൽ ഒരുതരത്തിലുള്ള ശ്വാസംമുട്ടൽ ആയിരിക്കും അപ്പുറത്തുള്ളയാൾ അനുഭവിക്കുക.
അസൂയയോടെ പെരുമാറും
പൊസസീവ്നെസുള്ള ആളുകൾ പങ്കാളിയോട് വല്ലാത്ത അസൂയ പുലർത്താറുണ്ട്. പങ്കാളിയെ മറ്റൊരാൾ അഭിനന്ദിക്കുന്നതോ അവർക്ക് ഏതെങ്കിലും തരത്തിലുള്ള നേട്ടങ്ങൾ ഉണ്ടാകുന്നതോ സ്വീകരിക്കാൻ പൊസസീവ് പങ്കാളികൾ തയാറാകില്ല. പങ്കാളി മറ്റു സൗഹൃദങ്ങളിലേക്ക് പോകുന്നത് തടയാൻ ഏതു മാർഗവും പൊസസീവ് പങ്കാളി സമീപിക്കും.
സാമൂഹിക ജീവിതം വിലക്കും
പങ്കാളിയുടെ സാമൂഹിക ബന്ധങ്ങളെയും സുഹൃദ്‌വലയത്തെയും എന്തു വിലകൊടുത്തും നശിപ്പിക്കാൻ പൊസസീവ് പങ്കാളികൾ ശ്രമിക്കും. പങ്കാളിയെ മറ്റെല്ലാവരിൽ നിന്നും ഒറ്റപ്പെടുത്തി അവരുടേത് മാത്രമാക്കി മാറ്റാനുള്ള നീക്കങ്ങൾ നടത്തും. പൊസസീവ് പങ്കാളികൾ ജീവിതത്തിൽ വന്നു കഴിഞ്ഞാൽ മറ്റെല്ലാ ബന്ധങ്ങളിലും അവർ നിയന്ത്രണം വയ്ക്കുകയാണെങ്കിൽ എത്രയും പെട്ടെന്ന് അവരിൽ നിന്നും രക്ഷപ്പെടണം.
അങ്ങേയറ്റം കരുതൽ
നിങ്ങളുടെ കാര്യത്തിൽ അവർക്ക് ഭയങ്കര ശ്രദ്ധയാണെന്ന് കാണിക്കാനായി നിങ്ങളെ ഓവർ കെയർ ചെയ്യുന്നതായി അഭിനയിക്കും. നിങ്ങളുടെ ഫോൺ കോളുകൾ, ടെക്സ്റ്റ് മെസ്സേജുകൾ, സമൂഹമാധ്യമ ഇടപെടലുകൾ എന്നിവയെല്ലാം പരിശോധിക്കും. ഒരുതരത്തിലുള്ള സ്വകാര്യതയും നൽകാതെ അവർ നിങ്ങളെ നിയന്ത്രിച്ചു കൊണ്ടിരിക്കും.
അതിർവരമ്പുകൾ നിരന്തരം ലംഘിക്കും
നിങ്ങൾ എത്രയൊക്കെ സ്നേഹവും പരിഗണനയും കാണിച്ചാലും അതൊന്നും വകവയ്ക്കാതെ നിങ്ങളുടെ കൂടുതൽ സമയവും പരിഗണനയും അവർ ആവശ്യപ്പെട്ടു കൊണ്ടേയിരിക്കും. ബന്ധങ്ങളിലെ അതിർത്തികളെ അവർ എപ്പോഴും ലംഘിച്ചു കൊണ്ടിരിക്കും.
ബഹുമാനിക്കാനറിയില്ല
ബഹുമാനം എന്ന കാര്യം ബന്ധത്തിൽ കാണുകയേയില്ല. നിങ്ങളുടെതായിട്ടുള്ള ഒരു സമയമോ കാര്യങ്ങളോ ഒന്നും അവർ അനുവദിച്ചു തരികയില്ല. പലപ്പോഴും ശാരീരികമായും മാനസികമായുമുള്ള എല്ലാ പരിധികളിലും ലംഘിക്കും. ആ ബന്ധത്തിൽനിന്ന് എങ്ങനെയും പുറത്ത് കടക്കണം എന്ന ശ്വാസം മുട്ടലോടെയാകും പിന്നീട് നിങ്ങളുടെ ജീവിതം.
സംരക്ഷകന്റെ റോൾ സ്വയം ഏറ്റെടുക്കും
നമ്മൾ ഏതെങ്കിലും തരത്തിലുള്ള പ്രശ്നത്തിലകപ്പെടുമ്പോൾ നമ്മളെ സംരക്ഷിക്കാൻ ആരെങ്കിലുമുള്ളത് നല്ലതാണ്. പക്ഷേ ഒരു പൊസസീവ് പങ്കാളിയാണ് ഒപ്പമുള്ളതെങ്കിൽ അയാൾ പലപ്പോഴും ഓവർ പ്രൊട്ടക്റ്റീവ് ആയി പെരുമാറാനുള്ള സാധ്യത കൂടുതലാണ്. നിങ്ങൾക്ക് ഒരുപാട് ശത്രുക്കൾ ഉണ്ടെന്നും അവരിൽ നിന്നൊക്കെ സംരക്ഷിക്കാം എന്നും ഉള്ള വാഗ്ദാനം നൽകി, യാതൊരു തരത്തിലുള്ള സ്വാതന്ത്ര്യം അനുവദിക്കാതെ അവർ നിങ്ങളെച്ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും.
പൊസസിവ് ആയ പങ്കാളിയെ ഉപേക്ഷിക്കാം എന്ന് നിങ്ങൾ തീരുമാനിച്ചാലും അവർ നിങ്ങളെ വൈകാരികമായി പ്രതിസന്ധിയിലാക്കും. നിങ്ങൾ തന്നെ അറിയാതെ നിങ്ങളെ അവരുടെ അടിമകളാക്കും. അതുകൊണ്ട് ഗൗരവമുള്ള ഒരു ബന്ധത്തിലേക്കു പോകും മുൻപ് അപ്പുറത്തുള്ളയാൾ പൊസസീവല്ലെന്നുറപ്പിക്കണം.