ADVERTISEMENT

മാനേജർമാരുടെ ക്രൂരതയുടെ കഥകൾ മാത്രമാണ് പലപ്പോഴും പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ളത്. അടിമപ്പണി ചെയ്യിക്കുക, ശമ്പള വർധനവ് തടഞ്ഞുവയ്ക്കുക എന്നിങ്ങനെയുള്ള കേട്ടുതഴമ്പിച്ച കഥകളിൽ നിന്ന് വ്യത്യസ്തയായുള്ള ഒരു മാനേജരുടെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. പുതിയ ജോലി കിട്ടിയത് അറിയിക്കുമ്പോൾ മാനേജർ നൽകുന്ന മറുപടിയാണ് സമൂഹമാധ്യമങ്ങൾ ആഘോഷിക്കുന്നത്. സിമ്രാൻ എന്ന യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഹൃദ്യമായ ഈ വിഡിയോ എത്തിയത്. തന്റെ മുൻ കമ്പനിയുടെ മാനേജർ എത്ര നല്ല വ്യക്തിത്വത്തിന് ഉടമയാണെെന്ന് അറിയിക്കുന്നതിനാണ് ഇത് പങ്കുവയ്ക്കുന്നതെന്ന കുറിപ്പോടെയാണ് യുവതി വിഡിയോ പങ്കുവച്ചത്.

‘‘സത്യസന്ധമായി പറയട്ടെ, എന്റെ വൈകാരിക വശം സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതേസമയം തന്നെ മാനേജരായ ആ സ്ത്രീ എത്രമാത്രം നല്ലവ്യക്തിത്വത്തിന് ഉടമയാണെന്നു പൊതുസമൂഹം അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവരെ പോലെ നല്ല വ്യക്തിത്വത്തിനുടമയായ മാനേജരെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. നല്ലൊരു മാനേജർ എങ്ങനെയായിരിക്കണമെന്ന് അവരിൽ നിന്ന് പഠിച്ചു. എന്നെ നിങ്ങൾക്ക് വ്യക്തിപരമായി പരിചയമുണ്ടെങ്കിൽ നിങ്ങൾ ഈ മാനേജരെയും അറിയണം. ഈ മാനേജർ എത്ര നല്ല ഹൃദയത്തിനുടമയാണെന്നു വ്യക്തമാക്കുന്നതിനാണ് ഈ വിഡിയോ പങ്കുവയ്ക്കുന്നത്. ഇത്രയും നല്ല മാനേജറെ വിട്ടുപോകുന്നതു ശരിയാണോ എന്നറിയില്ല’’– എന്ന കുറിപ്പോടെയാണ് യുവതി വിഡിയോ പങ്കുവച്ചത്.

മാനേജരുമായുള്ള ഫോൺവിളിയുടെ വിഡിയോയാണ് സിമ്രാൻ പങ്കുവച്ചത്. മാനേജരുടെ ശബ്ദം മാത്രമാണ് കേൾക്കാൻ സാധിക്കുന്നത്. സിമ്രാന്റെ മുന്നോട്ടുള്ള യാത്രയിൽ എല്ലാ ഭാവുകങ്ങളും നേരുകയാണ് മാനേജർ. ‘‘നീ പോകുന്നതിൽ എല്ലാവർക്കും വിഷമമുണ്ടാകും. പക്ഷേ, നിന്റെ വളർച്ചയിൽ സന്തോഷമായിരിക്കും. എന്റെകാര്യത്തിൽ വിഷമമുണ്ട്. പക്ഷേ, അതിനേക്കാൾ കൂടുതൽ നിന്നെയോർത്ത് അഭിമാനവും സന്തോഷവും തോന്നുന്നു. നീ കരഞ്ഞാൽ ഞാനും കരയും. അതുകൊണ്ടു വിഷമിക്കരുത്. വലിയ ഉയരങ്ങളിലെത്താൻ നിനക്കു സാധിക്കട്ടെ. നിന്റെ നല്ല ഭാവിക്ക് ആശംസകൾ നേരുന്നു.’’– എന്നാണ് മാനേജർ പറയുന്നത്.

വിഡിയോ സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ ശ്രദ്ധേയമായി. മാനേജരുടെ പ്രവൃത്തിയെ പ്രകീർത്തിച്ചുകൊണ്ട് നിരവധി കമന്റുകളും എത്തി. ‘ഇതുപോലെ ഒരു മാനേജരോടൊപ്പം ജോലി ചെയ്യണം.’– എന്നാണ് വിഡിയോയ്ക്കു താഴെ ഒരാൾ കമന്റ് ചെയ്തത്. അവർ നല്ല ഹൃദയത്തിനുടമയാണ് എന്നിങ്ങനെയുള്ള കമന്റുകളും എത്തി.

English Summary:

Manager's Heartfelt Reaction to Employee's New Job Goes Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com