സമീറ നടിയായതുകൊണ്ടു കാര്യമില്ല; എനിക്ക് സ്വന്തമായി ഒരു വീടുണ്ട്: ഭർതൃമാതാവ് മഞ്ജരി

Mail This Article
ബന്ധങ്ങളെ ദൃഢമാക്കുന്നതിൽ സാമ്പത്തിക സ്വാതന്ത്ര്യത്തിനു വലിയ പ്രാധാന്യമുണ്ട്. സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടി മറ്റുള്ളവരെ ആശ്രയിക്കാതിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ടകാര്യമാണ്. പരസ്പര ബഹുമാനമടക്കമുള്ള കാര്യങ്ങൾ സാമ്പത്തിക സ്വാതന്ത്ര്യത്തിലൂടെ കൈവരും. സമൂഹത്തിന്റെ ഏത് തട്ടിൽ നിൽക്കുന്നവരാണെങ്കിലും സാമ്പത്തിക സ്വാതന്ത്ര്യം അനിവാര്യമാണ്. സ്വന്തം സാമ്പത്തിക സുരക്ഷിതത്വവും സ്വാതന്ത്ര്യവും മരുമകളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ സാഹായിച്ചിട്ടുണ്ടെന്നു പറയുകയാണ് പ്രശസ്ത താരം സമീറ റെഡ്ഡിയുടെ ഭർതൃമാതാവ് മഞ്ജരി വർദേ. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു മഞ്ജരിയുടെ പ്രതികരണം.
‘ഒരുപാടു നാളുകൾക്കു മുൻപ് വിവാഹ മോചനം നേടിയ വ്യക്തിയാണ് ഞാൻ. എനിക്ക് സ്വന്തമായി ഒരു വീടുണ്ട്. വർസോവയിലെ മനോഹരമായ ചെറിയൊരു ഫ്ലാറ്റാണ് അത്. എന്റെ സ്വന്തം വീടാണ്. അതുകൊണ്ടുതന്നെ സാമ്പത്തികമായി ഞാൻ വളരെ സ്വാതന്ത്ര്യവും സുരക്ഷിതത്വവും അനുഭവിക്കുന്നുണ്ട്. അവൾ, സമീറ ഒരു നടിയായതു കൊണ്ടുമാത്രം കാര്യമില്ല. സ്ത്രീകളുടെ സാമ്പത്തിക ഭദ്രതയെ കുറിച്ച് ഒരു അവസരം കിട്ടിയാൽ ഞങ്ങൾ എപ്പോഴും സംസാരിക്കും. ഞങ്ങൾ രണ്ടുപേരും വന്ന വഴി ഏകദേശം ഒരുപോലെ തന്നെയാണ്. അവൾ സമ്പാദിച്ചു. എനിക്ക് സ്വന്തമായി ഒരു വീടുണ്ട്. ഞാൻ എനിക്കു വേണ്ടി കൂടി ജോലി ചെയ്തു.’– മഞ്ജരി പറഞ്ഞു.
പുരുഷൻമാരുടെ നിയന്ത്രണം ഇല്ലാത്തതിനാലാണ് സാമ്പത്തിക കാര്യങ്ങളിൽ കൃത്യമായ തീരുമാനമെടുക്കാൻ സാധിക്കുന്നതെന്ന് സമീറയും മഞ്ജരിയും കൂട്ടിച്ചേർത്തു. ‘ചുറ്റിലുമുള്ള പുരുഷൻമാർ സാമ്പത്തിക കാര്യങ്ങളിൽ ഞങ്ങൾക്കുമേൽ ഒരിക്കലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല.’– സമീറ വ്യക്തമാക്കി. എന്നാൽ സമീറ സാമ്പത്തിക സ്വാതന്ത്ര്യം നേടുമ്പോൾ തന്റെ മകൻ കൂടെയുണ്ടായിരുന്നു എന്നും ഒരു ചെറുപുഞ്ചിരിയോടെ മഞ്ജരി അഭിമുഖത്തിൽ പറയുന്നുണ്ട്.
ഏതൊരു ബന്ധങ്ങളിലും സ്ത്രീകൾ സാമ്പത്തിക ഭദ്രത കൈവരിക്കേണ്ടത് അനിവാര്യമാണെന്നാണ് വിദഗ്ധരും അഭിപ്രായപ്പെടുന്നത്. സ്ത്രീകളുടെ സാമ്പത്തിക കാര്യങ്ങളിൽ പുരുഷൻമാർ ഇടപെടാതിരിക്കുന്നതും ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കും. സാമ്പത്തിക സുരക്ഷിതത്വമുള്ളവരാണെങ്കിൽ മറ്റുള്ളവരെ അപേക്ഷിച്ച് ബന്ധങ്ങളിൽ 30 ശതമാനം കൂടുതൽ സംതൃപ്തരായിരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.