‘ഇന്ത്യനിലെ 3 മിനിറ്റിന് 9 കോടി; രേഖാചിത്രത്തിൽ മമ്മൂട്ടിക്ക് 5 ലക്ഷം; ശങ്കറിനെ പാതിയിൽ വിട്ടുപോരാൻ കാരണമുണ്ട്’

Mail This Article
കുറഞ്ഞ കാലത്തിനിടെ സിനിമ, സംഗീത മേഖലയിൽ നിർമിതബുദ്ധി കൊണ്ടുവന്ന മാറ്റങ്ങൾ അദ്ഭുതപ്പെടുത്തുന്നതാണ്. അടുത്തിടെ ഇറങ്ങിയ രേഖാചിത്രം സിനിമയിൽ പോലും നായകനെ അവതരിപ്പിക്കാൻ എഐ ഉപയോഗപ്പെടുത്തി. എന്നാൽ സിനിമ മേഖലയിൽ ഇത് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഒറിജിനലും വ്യാജനും കണ്ടെത്തുക എളുപ്പമല്ല, പക്ഷേ ജനങ്ങള്‍ക്ക് ഈ ദൃശ്യങ്ങളെല്ലാം ആസ്വദിക്കാൻ കഴിയുന്നു. മനോരമ ഓൺലൈൻ സംഘടിപ്പിച്ച ടെക്സ്പെക്‌ടേഷന്‍സ് ഡിജിറ്റൽ ഉച്ചകോടിയുടെ ആറാം പതിപ്പിൽ ‘എഐ യുഗത്തിലെ സർഗാത്മകത’ എന്ന വിഷയത്തിലെ പാനൽ ചർച്ചയിലാണ് സിനിമ മേഖലയിൽ നിന്നുള്ളവരുടെ പുതു ടെക്നോളജി അനുഭവങ്ങൾ പങ്കുവച്ചത്. എംഎം ടിവി, മനോരമ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ്, സംഗീത സംവിധായകനായ ജെക്സ് ബിജോയ്, ചലച്ചിത്ര ഛായാഗ്രാഹകൻ ഷാജി കുമാർ, സിനിമ എഡിറ്ററും പ്രൊഡ്യൂസറുമായ ഷമീർ മുഹമ്മദ്, അഭിനേത്രി സെറിൻ ഷിഹാബ് എന്നിവരാണ് പാനൽ ചർച്ചയിൽ പങ്കെടുത്തത്.

സാങ്കേതിക വിദ്യ അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. നിർമിത ബുദ്ധിയാണ് ഇപ്പോൾ ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്നത്. രേഖാചിത്രം എന്ന സിനിമയിൽ മമ്മൂട്ടിയെ ഒരു സീനിൽ നിർമിത ബുദ്ധി ഉപയോഗിച്ച് കാണിക്കുന്നുണ്ട്. എഐ ദൃശ്യത്തിൽ അദ്ദേഹം ഇരിക്കുന്നു, ചോദ്യം നേരിടുന്നു. ഇത് കൂടുതൽ സീനുകളിൽ വേണ്ടിയിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു? രേഖാ ചിത്രത്തിന്റെ എഡിറ്റർ കൂടിയായ ഷമീർ മുഹമ്മദിന് പറയാമോ? സംവിധായകൻ പറഞ്ഞത് മമ്മൂട്ടിയെ ഉണ്ടാക്കാൻ അഞ്ച് ലക്ഷം രൂപയേ ആയുള്ളൂ എന്നാണ്. അതുപോലെ, ഇത്തരത്തിൽ ആർട്ടിസ്റ്റുകളുടെ സമ്മതം വാങ്ങാതെ ഇത്തരം നിർമിത ബുദ്ധി ഉൾപ്പെടെ വരാൻ സാധ്യതയുണ്ടോ? എന്ന് ചോദിച്ചാണ് എംഎം ടിവി, മനോരമ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് ‘എഐ യുഗത്തിലെ സർഗാത്മകത’ പാനൽ ചർച്ചയ്ക്ക് തുടക്കമിട്ടത്.
രേഖാചിത്രത്തിൽ ജോൺപോളിന്റെ ശബ്ദം ഉപയോഗിച്ചതും ലിപ് സിങ്ക് ചെയ്തതും എഐ ഉപയോഗിച്ചാണെന്ന് സിനിമ എഡിറ്ററും പ്രൊഡ്യൂസറുമായ ഷമീർ മുഹമ്മദ് പറഞ്ഞു. ഗെയിംചേഞ്ചേറിന്റെ ഡബിങ് നടക്കുമ്പോൾ ഒരു സീനിൽ രാം ചരൺ വരാൻ ലേറ്റായി. പകരം മറ്റൊരാളുടെ ശബ്ദം ഉപയോഗിച്ച്, അത് രാം ചരണിന്റെ ശബ്ദമാക്കി ഉപയോഗിക്കുകയായിരുന്നുവെന്ന് ഷമീർ പുതിയ സാങ്കേതിക വിദ്യയുടെ സാധ്യത എടുത്തുപറഞ്ഞു.

അഭിനേതാക്കൾ തമ്മില്‍ സ്ക്രീനിൽ ഒരു കെമിസ്ട്രി ഉണ്ടല്ലോ. കിരീടത്തിൽ മോഹൻലാലും തിലകനും ഒക്കെ അഭിനയിക്കുന്നതു പോലെ. അത് അവർ തുറന്നു പറഞ്ഞിട്ടുമുണ്ട്. എന്നാൽ ഒരു ഗ്രീൻമാറ്റുമിട്ട് ശൂന്യതയിൽ നിർത്തി അവരെ അഭിനയിപ്പിക്കുകയാണ്. ഷാജി കുമാറിന് എന്തു തോന്നുന്നു? എന്ന ജോണി ലൂക്കാസിന്റെ ചോദ്യത്തിന് തന്റെ അനുഭവങ്ങൾ ചലച്ചിത്ര ഛായാഗ്രാഹകൻ ഷാജി കുമാറും പറഞ്ഞു. അത് വെല്ലുവിളിയാണ്. ഈ രണ്ടു സാഹചര്യങ്ങളും തമ്മിൽ നല്ല വ്യത്യാസമുണ്ട്. ആര്‍ട്ടിസ്റ്റുകൾ അഭിനയിക്കുമ്പോൾ ഒരാൾ മറ്റൊരാളെ സഹായിക്കുന്നുണ്ട്. അതില്ലാത്തപ്പോൾ അപ്പുറത്ത് നിൽക്കുന്ന ആൾ എന്താണ് ചെയ്യുന്നത് എന്ന് അവർക്ക് അറിയാൻ കഴിയില്ല എന്നാണ് ഷാജി കുമാർ പറഞ്ഞത്.
എഐയുടെ വളർച്ച ആശങ്കാജനകമാണ്. ഇതിലും വലിയ പ്രശ്നമായിരുന്നു നാപ്സ്റ്റർ എന്ന സംവിധാനം വന്നപ്പോൾ. പലരും ഭയന്നു. പക്ഷേ, അതെല്ലാം നമ്മൾ തരണം ചെയ്തു. എഐയുടെ ആശങ്കയെ അതിജീവിക്കും. ഞങ്ങളാരും സീരിയസായി എഐയെ കാണുന്നില്ലെന്നും സംഗീത സംവിധായകരുടെ പണി എഐ കൊണ്ടുപോകുമോ എന്ന ചോദ്യത്തോട് ജേക്സ് പ്രതികരിച്ചു. ഇപ്പോഴത്തെ അവസ്ഥയിൽ എഐ കൂടുതലും ഉപയോഗിക്കുന്നത് വെസ്റ്റേൺ സിനിമകളിലാണ്. ലോകപ്രശസ്ത ഗായകന്റെ ശബ്്ദം പോലും എഐയുടെ സഹായത്തോടെ നിർമിച്ചു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണ്. ഇന്ത്യയിൽ പലതും മോക് പോലെയാണ് വരുന്നത്. ഇല്ലായ്മയിൽ നിന്നും ഒരു പാട്ടു പാടാൻ ബുദ്ധിമുട്ടാണ്. പക്ഷേ, വളരെ വേഗം എഐ ഈ മേഖലയിലേക്കും വരും.

ഇല്ലായ്മയിൽ നിന്നും എഐയ്ക്ക് ഒന്നും നിർമിക്കാൻ സാധിക്കില്ല. നിലവിലുള്ള ഏതെങ്കിലും ഒരുപാട്ടിൽ നിന്നു പഠിച്ചാണ് എഐ ആ പാട്ട് തരുന്നത്. ഇതുമായി ബന്ധപ്പെട്ട് പാട്ടിന്റെ കോപ്പി റൈറ്റ് പ്രശ്നങ്ങൾ നടക്കുകയാണെന്നും ജേക്സ് പറഞ്ഞു. നിലവിൽ സംഗീതത്തിൽ എഐ ഒരു ചീപ് മികിക്രിയായാണ് തോന്നുന്നത്. പക്ഷേ, വരും കാലത്ത് ഇത് മികച്ച രീതിയിൽ വരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സെറിന് അഭിനയത്തിൽ നിർമിത ബുദ്ധി വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടോ? എന്ന ജോണി ലൂക്കാസിന്റെ ചോദ്യത്തിന് മറുപടിയായി അഭിനേത്രി സെറിൻ ഷിഹാബിന്റെ പ്രതികരണം ഇങ്ങനെ: ഞാൻ ചെന്നൈയിൽ ആണ് അഭിനയം തുടങ്ങുന്നത്. അവിടെ 2018ൽ എഐ വെച്ച് പരസ്യം ചെയ്യാൻ തുടങ്ങി. അത് കലാകാരന്മാരെ ആശങ്കയിലാക്കി. പക്ഷേ അതിന്റെ ഗുണനിലവാരം കുറവായിരുന്നു. അങ്ങനെ വീണ്ടും അഭിനേതാക്കളെ ഉപയോഗിച്ചു തുടങ്ങി. എന്റെ ഇമേജ് എന്റെ സ്വകാര്യസ്വത്താണ്. അത് അനുവാദത്തോടെ മാത്രമേ ഉപയോഗിക്കാൻ പാടുളളു. എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിനെ കുറിച്ച്് കൃത്യമായി അറിയിക്കണം. ഭാവത്തെ എഐക്ക് പ്രതിഫലിപ്പിക്കാൻ കഴിയില്ല. സെറ്റും കൂടെ അഭിനയിക്കുന്നയാളും തരുന്ന എനർജിയാണ് അഭിനയത്തെ മികച്ചതാക്കുന്നത്. നിർമിത ബുദ്ധി ഉപയോഗിച്ച് ഭാവം വരുത്താൻ കഴിയില്ല. ബാക്കി കാത്തിരുന്ന് കാണാമെന്നും സെറിൻ ഷിഹാബ് പറഞ്ഞു.
ബ്ലാക് മിറർ എന്ന നെറ്റ്ഫ്ലിക്സ് സീരിസിൽ നടി തന്റെ മുഖം ഒരു കമ്പനിക്ക് കരാറിന്റെ അടിസ്ഥാനത്തിൽ ഉപയോഗിക്കാൻ കൊടുക്കുന്നുണ്ട്. പക്ഷേ അവർ അത് നടി ആഗ്രഹിക്കുന്ന രീതിയിലല്ല ഉപയോഗിക്കുന്നത്. നിർമിത ബുദ്ധി ഈ രീതിയിൽ ഉപയോഗിക്കുന്നത് നല്ലതാണോ? എന്ന ചോദ്യത്തിന് രേഖാചിത്രം തുടങ്ങുമ്പോൾ എഐ ഉപയോഗിക്കുന്നതിനെ കുറിച്ച് ആലോചന ഉണ്ടായിരുന്നില്ല. ക്യാരറ്ററിന്റെ സാന്നിധ്യം ഉണ്ടാകണമെന്നാണ് ആലോചിച്ചത്. ഒരു വിഡിയോ കണ്ടപ്പോഴാണ് ഇപ്പോഴുള്ള ആശയത്തിലേക്ക് വന്നത്. മമ്മൂക്കയെ കാണിച്ചപ്പോൾ അദ്ദേഹം ഓക്കെ പറഞ്ഞുവെന്നും ഷമീർ മുഹമ്മദ് പറഞ്ഞു.
ഷങ്കറിന്റെ കൂടെ വർക്ക് ചെയ്തിരുന്നല്ലോ? പാതിവഴിയിൽ നിന്നും തിരികെ പോരാനുള്ള കാരണമെന്തെന്ന ചോദ്യത്തിന് ഗെയിം ചേഞ്ചറിൽ ഒരു വർഷത്തേക്ക് എന്നു പറഞ്ഞാണ് പോയത്. രണ്ടു വർഷത്തിലധികം ആയപ്പോ അവിടെ നിന്നും തിരികെ പോന്നു. ഇവിടെ മറ്റു പല സിനിമകളും ഉണ്ടായി. മൂന്നു മിനിറ്റിന് 9 കോടി രൂപ ചെലവഴിച്ച് ലോകത്തിലെ ഏറ്റവും മികച്ച സ്റ്റുഡിയോയിലാണ് ഇന്ത്യൻ ടുവിലെ നെടുമുടി വേണുവിൻറെ സീൻ എടുത്തത്. രേഖാ ചിത്രത്തിന്റെ മൊത്തം ബജറ്റ് അത്രയാണ്. ഇത്തരം വിഎഫ്എക്സുകളിൽ പ്രശ്നങ്ങൾ വരാമമെന്നും ഷമീർ പറഞ്ഞു.
നരൻ, അദ്ഭുതദ്വീപ്, വെള്ളിനക്ഷത്രം അങ്ങനെയുള്ള സിനിമകൾ ചെയ്ത ആളാണ് ഷാജി കുമാർ. പിന്നീട് പുലിമുരുകുൻ ചെയ്തു. എഐ സാങ്കേതിക വിദ്യ ഒന്നും ഇല്ലാത്ത കാലത്താണ് അത് ചെയ്തതെന്ന ചോദ്യത്തിന് മറുപടിയായി ഷാജി കുമാർ പറഞ്ഞത് ഇങ്ങനെ: ‘2005ലാണ് നരേൻ ചെയ്തത്. ഇപ്പോൾ 20 വർഷമായി. അന്ന് 20 വയസുള്ള ആൾക്ക് ഇന്ന് 40 വയസായി. അന്ന് സാധ്യതകള്‍ വളരെ വിരളമായിരുന്നു. എല്ലാവരും വളരെ ബുദ്ധിമുട്ടി. അപകടരമായ ചില രംഗങ്ങളൊക്കെ ഇന്നായിരുന്നെങ്കിൽ എളുപ്പത്തിൽ ചിത്രീകരിക്കാമായിരുന്നു. സാങ്കേതിക വിദ്യ വളരുന്നതിന് അനുസരിച്ച് മാറ്റങ്ങൾ വന്നു, പുലിമുരുകൻ ചെയ്തപ്പോൾ കുറച്ചു കൂടി മാറ്റം വന്നു.’